ലണ്ടന്‍: അമേരിക്കയിലെ ട്രംപ് ഭരണം ലോക ശാക്തിക ചേരിയില്‍ മാറ്റങ്ങള്‍ കൊണ്ടു വരും. റഷ്യയേയും ചൈനയേയും ഇന്ത്യയേയും കൂടെ നിര്‍ത്തി പുതിയൊരു ലോകക്രമമുണ്ടാക്കുകയാണ് അമേരിക്കന്‍ ലക്ഷ്യമെന്നാണ് സൂചനകള്‍. യൂക്രൈയിനെ അമേരിക്കന്‍ പ്രസിഡന്റ് തള്ളി പറയുന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനെ അംഗീകരിക്കില്ല. ഇസ്രയേലിനെ ചേര്‍ത്തു നിര്‍ത്തുന്ന അമേരിക്ക യുക്രൈയിനെ കൈവിടുന്നത് യൂറോപ്യനും മനസ്സിലാകാത്ത നയതന്ത്രമാണ്. എന്നാല്‍ യുക്രൈയിനെ അവര്‍ കൈവിടില്ല. ചേര്‍ത്ത് പിടിക്കും. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയെ ശക്തമായി ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമര്‍ രംഗത്ത് വരുന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. അറബ് രാജ്യങ്ങളേയും അമേരിക്കയ്‌ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താനും ട്രംപ് പദ്ധതിയിടുന്നുണ്ട്.

സെലന്‍സ്‌കി രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താതെ ഏകാധിപതിയായി പ്രവര്‍ത്തിക്കുന്നു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയായിട്ടാണ് സ്റ്റാമര്‍ സെലന്‍സ്‌കിയ്ക്ക് പിന്തുണയുമായി എത്തിയത്. കീര്‍സ്റ്റാമര്‍ സെലന്‍സ്‌കിയെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിനോടാണ് ഉപമിച്ചത്. റഷ്യയുടെ കള്ളക്കഥകള്‍ ട്രംപ് വിശ്വസിക്കുന്നതായി കഴിഞ്ഞ ദിവസം സെലന്‍സ്‌കി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ട്രംപ് പറഞ്ഞത് റഷ്യ യുക്രൈന്‍ ആക്രമിച്ചതിന് ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്നാണ്. ഇതിന് പിന്നാലെയാണ് സെലന്‍സ്‌കിയെ പിന്തുണച്ച് ബ്രട്ടീഷ് പ്രധാനമന്ത്രി എത്തുന്നത്. ഇതോടെ അമേരിക്കന്‍ നീക്കങ്ങളെ യൂറോപ്പ് പ്രതിരോധിക്കുമെന്ന സൂചനയാണ് വരുന്നത്. ആഗോള സൗഹൃദങ്ങളില്‍ ഇനി വമ്പന്‍ മാറ്റങ്ങളും വന്നേക്കും.

കഴിഞ്ഞ ദിവസം കീര്‍സ്റ്റാമര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. യുക്രൈന് എല്ലാ സഹായവും സെലന്‍സ്‌കിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ ജനാധിപത്യപരമായിട്ട് തന്നെയാണ് സെലന്‍സ്‌കിയെ തെരഞ്ഞെടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് യുക്രൈനില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്നത് എന്ന ചോദിച്ച കീര്‍സ്റ്റാമര്‍ രണ്ടാം ലോകമഹായുദ്ധം നടന്ന കാലഘട്ടത്തില്‍ പ്രധാനമന്ത്രി ആയിരുന്ന ചര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടത്താതിരുന്ന കാര്യവും ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിക്കാനും സമാധാനം കൈവരാനും എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഇതിന് വേണ്ടി അമേരിക്ക മുന്‍കൈയെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടന്‍ നടത്തുന്ന ശ്രമങ്ങള്‍ വിശദീകരിക്കും. അത് കൊണ്ട് തന്നെ ആയിരിക്കാം ട്രംപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് സ്റ്റാമറെ പിന്തിരിപ്പിക്കുന്നത്. സെലന്സ്‌കിയേും യുക്രൈന് കോടികളുടെ സഹായം നല്‍കിയ ബൈഡന്‍ ഭരണകൂടത്തേയും കഴിഞ്ഞ ദിവസം ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്വന്തം സമൂഹമാധ്യമമായ ട്രൂ്ത്ത സോഷ്യലിലാണ് ട്രംപ് ഇത്തരത്തില്‍ രൂക്ഷമായ വിമര്‍ശനം നടത്തിയത്.

350 ബില്യണ്‍ ഡോളറാണ് യുദ്ധത്തിന് വേണ്ടി പാഴാക്കിയത് എന്ന് പറഞ്ഞ ട്രംപ് സെലന്‍സികിയെ കോമേഡിയന്‍ എന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു. നേരത്തേ യുക്രൈനിലെ പ്രമുഖനായ കോമഡി നടനായിരുന്നു സെലന്‍സ്‌കി. തന്നെ കൊണ്ടല്ലാതെ ആര്‍ക്കും പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. തനിക്ക് യുക്രൈനോട് വലിയ ഇഷ്ടമാണെന്നും എന്നാല്‍ സെലന്‍സ്‌കി എല്ലാം നശിപ്പിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. 2019 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് സെലന്‍സ്‌കി യുക്രൈന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ 2022 ല്‍ റഷ്യുമായി ആരംഭിച്ച യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത്.

ട്രംപിസം എത്തിയതോടെ അമേരിക്കയും റഷ്യയും കൂടുതല്‍ അടുക്കുമെന്നാണ് വിലയിരുത്തല്‍. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത് റഷ്യയ്ക്ക് അനുകൂലമായ സന്ദേശമാണ്. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് വിമര്‍ശിച്ചു. തന്റെ സമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. അതിഗുരുതരമാണ് ആരോപണം. ഇതോടെ യുക്രൈന് മേല്‍ റഷ്യയ്ക്ക് മുന്‍തൂക്കവും കിട്ടുകയാണ്. പണമായും ആയുധങ്ങളായും റഷ്യയ്‌ക്കെതിരെ പോരാടുന്ന യുക്രൈന് അമേരിക്ക സഹായങ്ങള്‍ നല്‍കിവന്നിരുന്നു. അതൊന്നും ഇനി കിട്ടില്ല. പുതിയ ലോകക്രമം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി റഷ്യയുമായി അടുക്കാനാണ് അമേരിക്കന്‍ തീരുമാനം.

2022 ഫെബ്രുവരി 24-ന് റഷ്യ അധിനിവേശം ആരംഭിച്ചതു മുതല്‍ യുക്രൈന് സര്‍വപിന്തുണയുമായി നിലകൊണ്ട രാജ്യമാണ് യു.എസ്. റഷ്യയെ ആഗോളതലത്തില്‍ നയതന്ത്രപരമായും സാമ്പത്തികമായും ഒറ്റപ്പെടുത്താന്‍ മുന്‍പന്തിയില്‍ നിന്നത് ബൈഡന്‍ സര്‍ക്കാരായിരുന്നു. എന്നാല്‍ ട്രംപ് അതിനില്ല. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചിരുന്നു. യുക്രൈന്‍ വിഷയം പരിഹരിക്കുന്നതിനൊപ്പം യു.എസ്.-റഷ്യ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും പരസ്പരം സ്ഥാനപതികളെ നിയമിക്കാനും തീരുമാനിച്ചു. പുടിന് വിജയം അവകാശപ്പെടാനാകുന്നതരത്തില്‍ യുദ്ധമവസാനിപ്പിക്കാന്‍ ട്രംപ് ധാരണയുണ്ടാക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ട്.