- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിനോട് ഉടക്കി സെലന്‍സ്‌കി പറന്നിറങ്ങിയത് ലണ്ടനില്‍; സ്‌നേഹ ചുംബനത്തോടെ സ്വീകരിച്ച് കീര്‍ സ്റ്റാര്‍മര്‍; റഷ്യന്‍ സ്വത്തുക്കള്‍ മരവിപ്പിച്ച് യുക്രൈന്‍ കൊടുക്കാന്‍ ധാരണ; ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദ് ചെയ്യാന്‍ മുറവിളി; പ്രതിസന്ധി അയയാതെ മുന്പോട്ട്
ലണ്ടന്‍: യുക്രെയിന്‍ പ്രസിഡന്റ് വാളാഡിമര്‍ സെലന്‍സ്‌കി ഹീറോയാകുന്നുവോ? അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേര്‍ക്കു നേര്‍ മറുപടി കൊടുത്ത യുക്രെയിന്‍ പ്രസിഡന്റിന് വീര പരിവേഷമാണ് ഇന്ന്. അമേരിക്കയുടെ ധാര്‍ഷ്ട്യത്തെ തകര്‍ത്ത നേതാവായി ആഗോള തലത്തില്‍ അംഗീകരിക്കുകയാണ് സെലന്‍സ്‌കിയെ. അമേരിക്കയില്‍ നിന്നും സെലന്‍സ്‌കി എത്തിയത് ബ്രിട്ടണിലാണ്. അവിടെ രാജകീയ സ്വീകരണമാണ് കിട്ടിയത്. ആരും റഷ്യയ്ക്കായി അവിടെ വാദിക്കുന്നില്ല. യുക്രെയിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് ബ്രിട്ടണ്‍. യൂറോപ്പിന്റെ മനസ്സലില്‍ സെലന്‍സ്‌കിയുടെ ഇമേജ് ഉയരുന്നുവെന്ന് സാരം. ബ്രിട്ടണില്‍ സെലന്‍സ്‌കിയെ സ്വീകരിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറാണ്. സ്‌നേഹ ചുംബനമാണ് സെലന്‍സ്‌കിയ്ക്ക് കിട്ടിയത്. ഇതിനൊപ്പം റഷ്യയെ പ്രതിരോധിക്കാനുള്ള സാമ്പത്തിക കരുത്തും. അതിനിടെ ട്രംപിനെതിരായ രോഷവും ബ്രിട്ടണില്‍ ഉയര്‍ത്തുന്നുണ്ട്. ബ്രിട്ടണിലേക്കുള്ള ട്രംപിന്റെ വരവ് പോലും റദ്ദാക്കണമെന്ന വാദം സജീവമാണ്. അങ്ങനെ യുക്രെയിന്‍-റഷ്യ സംഘര്‍ഷത്തില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാകുകയാണ്.
ബ്രിട്ടണില്‍ റഷ്യയ്ക്ക് ശത കോടികളുടെ ആസ്തിയുണ്ട്. ഇതെല്ലാം റദ്ദാക്കാനാണ് ബ്രിട്ടന്റെ നീക്കം. പകരം ഇതെല്ലാം യുക്രെയിന് നല്‍കും. സാമ്പത്തികമായി യുക്രെയിന് വലിയ കരുത്താണ് ഈ തീരുമാനം. യുക്രെയിനില്‍ ആയുധ നിര്‍മ്മാണ ശാലയ്ക്കായി ശതകോടികളുടെ വായ്പയും ബ്രിട്ടണില്‍ നിന്നും കിട്ടും. ട്രംപുമായുള്ള ചര്‍ച്ചകളിലെ അതൃപ്തി പ്രകടമാക്കി സെലന്‍സ്‌കി രംഗത്തു വന്നത് രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയായി മാറി. യുക്രെയ്നെ കേള്‍ക്കുകയും മറക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് സെലന്‍സ്‌കി പറഞ്ഞു. യൂറോപ്യന്‍ നേതാക്കളുമായുള്ള പ്രതിരോധ ഉച്ചകോടിക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്തിന്റെ അതിജീവനത്തിന് അമേരിക്കയുടെ സഹായം നിര്‍ണായകമായിരുന്നു. തന്ത്രപരമായ പങ്കാളികളായി തന്നെയാണ് ഇരുരാജ്യങ്ങളും തുടരുന്നത്. എന്നാല്‍ പൊതുവായ ലക്ഷ്യങ്ങള്‍ മനസിലാക്കാന്‍ പരസ്പരം സത്യസന്ധതയുള്ളവരായിരിക്കണം. സുരക്ഷാ ഉറപ്പുകള്‍ നേടുന്നതിനുള്ള ആദ്യപടിയെന്ന നിലയില്‍ ധാതു കരാറില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറാണ്. സുരക്ഷാ ഉറപ്പുകളില്ലാത്ത ഒരു വെടിനിര്‍ത്തല്‍ അപകടകരമാണ്. അമേരിക്ക ഞങ്ങളുടെ പക്ഷത്താണെന്ന് യുക്രെയിന്‍ ജനത അറിയേണ്ടതുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. അമേരിക്ക നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. യുക്രെയ്‌നുള്ള പിന്തുണ ശക്തിപ്പെടുത്തുമെന്ന നിലപാടിലാണ് യൂറോപ്യന്‍ നേതാക്കള്‍. ഇതിന്റെ ഭാഗമായാണ് പ്രതിരോധ ഉച്ചകോടി സംഘടിപ്പിക്കുന്നതും.
അതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച വാക്കേറ്റത്തിലും വെല്ലുവിളിയിലും കലാശിച്ചതിന് പിന്നാലെ സെലന്‍സ്‌കി നടത്തിയ പ്രതികരണവും ചര്‍ച്ചയിലുണ്ട്. ''യുഎസിന്റെ എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രസിഡന്റ് ട്രംപിനും കോണ്‍ഗ്രസിനും അമേരിക്കന്‍ ജനതയ്ക്കും നന്ദി പറയുന്നു. യുക്രൈന്‍ ജനത എല്ലായ്പ്പോഴും ഈ പിന്തുണയെ വിലമതിച്ചിട്ടുണ്ട്, ഏറെ പ്രത്യേകിച്ച് അധിനിവേശത്തിന്റെ കഴിഞ്ഞ 3 വര്‍ഷങ്ങളില്‍.'' സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു. ട്രംപും സെലെന്‍സ്‌കിയും മുഖാമുഖം തര്‍ക്കിക്കുകയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍നിന്നു പിന്‍മാറുകയും ചെയ്യുന്ന അപൂര്‍വ ദൃശ്യങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. സെലെന്‍സ്‌കി അനാദരവ് കാണിക്കുന്നെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് വാന്‍സ് ആരോപിച്ചതോടെയായിരുന്നു ചര്‍ച്ച വാഗ്വാദത്തിലേക്കു പോയത്. അതിരൂക്ഷ തര്‍ക്കത്തിന് പിന്നാലെ, സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍ നിന്ന് മടങ്ങിയിരുന്നു. ഇവിടെ നിന്നാണ് ലണ്ടനില്‍ എത്തിയത്. സെലെന്‍സ്‌കി പ്രധാനമന്ത്രി സ്റ്റാര്‍മറുമായി ഡൗണിംഗ് സ്ട്രീറ്റില്‍ കൂടിക്കാഴ്ച നടത്തി. യുദ്ധത്തിന്റെ തുടക്കം മുതല്‍ യുകെ യുക്രെയിനോട് കാണിച്ച പിന്തുണയ്ക്ക് സെലെന്‍സ്‌കി സ്റ്റാര്‍മറിന് നന്ദി പറഞ്ഞു. നാളെ ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു
വായ്പാ കരാറില്‍ യുകെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും യുക്രെയ്ന്‍ ധനമന്ത്രി സെര്‍ജി മാര്‍ചെങ്കോയും ഒപ്പുവച്ചു, ആദ്യ ഗഡു അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നുണ്ട് യുക്രെയിന്‍. മരവിപ്പിച്ച റഷ്യന്‍ ആസ്തികളില്‍ നിന്നുള്ള ലാഭത്തില്‍ നിന്നാണ് കൈവിനുള്ള വായ്പയ്ക്ക് ധനസഹായം നല്‍കുകയെന്ന് ബ്രിട്ടന്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചതു മുതല്‍ യുകെ ഗവണ്‍മെന്റിന്റെ പിന്തുണയ്ക്ക് സെലെന്‍സ്‌കി നന്ദി പറഞ്ഞു. 'യുക്രെയ്‌നിലെ ആയുധനിര്‍മ്മാണത്തിലേക്ക് ഫണ്ടുകള്‍ ചെലവഴിക്കും' സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു, 'ഈ യുദ്ധത്തിന്റെ തുടക്കം മുതലുള്ള വലിയ പിന്തുണയ്ക്ക് ബ്രിട്ടണിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു.'യൂറോപ്യന്‍ നേതാക്കളാകെ യുക്രെയിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടന്റെ പിന്തുണ തേടിയാണ് സ്റ്റാമറുമായി സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തിയത്. യുക്രെയിന്‍-റഷ്യ യുദ്ധം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സ്റ്റാമര്‍ ഞായറാഴ്ച യൂറോപ്യന്‍ നേതാക്കളുടെ ഉച്ചകോടി വിളിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ രണ്ട് രാഷ്ട്രത്തലവന്മാര്‍ പരസ്പരം തര്‍ക്കിക്കുന്നതാണ് കഴിഞ്ഞദിവസം ലോകമാധ്യമങ്ങള്‍ തത്സമയം കണ്ടത്. യുക്രെയ്‌നിലെ അമേരിക്കന്‍ പിന്തുണയ്ക്ക് വേണ്ടത്ര നന്ദി പ്രകടിപ്പിച്ചില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് ട്രംപ് സെലന്‍സ്‌കിയെ നേരിട്ടത്. വെടിനിര്‍ത്തലിനായി റഷ്യയോട് വിട്ടുവീഴ്ച ചെയ്യണമെന്ന് ട്രംപ് സൂചിപ്പിച്ചപ്പോള്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു സെലന്‍സ്‌കി. 'നിങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ കൊണ്ടാണ് പന്താട്ടം നടത്തുന്നത്. നിങ്ങള്‍ മൂന്നാം ലോകയുദ്ധവുമായി ചൂതാട്ടം നടത്തുകയാണ്.'എന്ന് ട്രംപ് ശബ്ദമുയര്‍ത്തി പറഞ്ഞു. സെലെന്‍സ്‌കി അമേരിക്കയോട് അനാദരവ് കാട്ടിയെന്ന് ചര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. അപമാനിക്കപ്പെട്ടെന്ന് മനസിലാക്കിയ സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
ട്രംപുമായി നടത്തിയ കൂടിക്കാഴ്ച രൂക്ഷമായ വാക്‌പോരില്‍ കലാശിച്ചതിന് പിന്നാലെ സെലന്‍സ്‌കിക്ക് പിന്തുണയറിയിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു. പരീക്ഷണഘട്ടത്തില്‍ യുക്രെയ്നൊപ്പം നില്‍ക്കുമെന്ന് നിയുക്ത ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രതികരിച്ചു. സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ഒലാഫ് ഷോള്‍സും പിന്തുണച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പിന്തുണച്ചു. യുക്രെയിന്‍ ജനത പൂര്‍ണനിലയിലുള്ള സമാധാനം കൈവരിക്കും വരെ അവര്‍ക്കൊപ്പം നിലകൊള്ളുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും സെലന്‍സ്‌കിക്ക് പിന്തുണയുമായെത്തി. പോളണ്ട്, അയര്‍ലന്‍ഡ്, സ്വീഡന്‍, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്.