- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനുമായി ആണവ കരാറിന് സന്നദ്ധത അറിയിച്ച് ഖമേനിക്ക് ട്രംപിന്റെ കത്ത്; ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത് ഇറാന് ഏറെ ഗുണം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ്; പരസ്യമായി പ്രതികരിക്കാതെ ഖമേനി; ആദ്യവട്ടത്തില്‍ ഏകപക്ഷീയമായി കരാറില്‍ നിന്നുപിന്‍വാങ്ങിയ ട്രംപിനോട് ഖമേനിക്ക് അനിഷ്ടമെന്ന് സൂചന
ഇറാനുമായി ആണവ കരാറിന് സന്നദ്ധത അറിയിച്ച് ഡൊണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായി ആണവ കരാറിന് സന്നദ്ധത അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയ്ക്ക് കത്തയച്ചു. ഫോക്‌സ് ബിസിനസിനോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ നേതൃത്വവുമായി ചര്‍ച്ച തുടങ്ങാമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്ന് ഞാന്‍ പറഞ്ഞു. കാരണം, ഇത് ഇറാന് ഏറെ ഗുണംചെയ്യും. അവര്‍ക്ക് ആ കത്ത് ആവശ്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മറ്റൊരു ആണവായുധം നമുക്ക് അനുവദിക്കാനാവില്ല', ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.
നിര്‍ദ്ദേശത്തോട് അയത്തൊള്ള അലി ഖമേനി പരസ്യമായി പ്രതികരിച്ചിട്ടില്ല. ' ഇറാനെ കൈകാര്യം ചെയ്യാന്‍ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്; ഒന്ന് സൈനികമായി, മറ്റൊന്ന് കരാറുണ്ടാക്കുക. ഞാന്‍ കരാര്‍ ഉണ്ടാക്കാനാണ് താല്‍പര്യപ്പെടുന്നത്. ഞാന്‍ ഇറാനെ ഉപദ്രവിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. അവര്‍ മഹത്തായ മനുഷ്യരാണ്', ട്രംപ് പറഞ്ഞു.
2018 ല്‍ തന്റെ ആദ്യകാലയളവിലാണ് ട്രംപ് ഇറാന്‍ ആണവ കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയത്. യുഎസുമായി ആണവ ചര്‍ച്ച പുനരാരംഭിക്കുന്നത് അത്ര നന്നായിരിക്കില്ലെന്ന് കഴിഞ്ഞ മാസം ഖമേനി പറഞ്ഞിരുന്നു. ഒരുവശത്ത് ഇറാനെ തുടച്ചുനീക്കുമെന്നും മറുവശത്ത് കരാര്‍ ഉണ്ടാക്കാമെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഇറാന്‍ മുഖം തിരിച്ചത്. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ ഒപ്പിട്ട കരാറില്‍ നിന്നാണ് ട്രംപ് പ്രസിഡന്റായപ്പോള്‍ ഏകപക്ഷീയമായി പിന്മാറിയത്.
ഇറാനെതിരെ പരമാവധി സമ്മര്‍ദ്ദം കൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ചൊവ്വാഴ്ച ഒപ്പിട്ടിരുന്നു. തന്നെ ഇറാന്‍ വധിക്കുകയാണെങ്കില്‍ അവരെ തുടച്ചുനീക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. യുഎസുമായുള്ള ആണവ കരാര്‍ ഇല്ലാതിരിക്കാന്‍ കാരണം ട്രംപാണെന്നും ഖമേനി പ്രതികരിച്ചിരുന്നു. അതുകൊണ്ട് അമേരിക്കയുമായി ഇനി ചര്‍ച്ച വേണ്ടെന്നാണ് ഖമേനിയുടെ മുന്‍ നിലപാട്. ഗസ്സയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെയും ഖമേനി തള്ളിയിരുന്നു. രേഖകളില്‍ അമേരിക്കക്കാര്‍ ലോകഭൂപടം മാറ്റി മറിക്കുകുയാണ്. എന്നാല്‍, അതുപേപ്പറില്‍ മാത്രമാണ്, യാഥാര്‍ഥ്യത്തിന്റെ കണിക പോലുമില്ല, ഖമേനി പറഞ്ഞു. കുദ്‌സ് സേന നേതാവ് ഖാസിം സെലൈമാനിയെ വകവരുത്തിയതിന് ട്രംപിനോട് പകരം ചോദിക്കണമെന്നാണ് ഖമേനിയുടെ നിലപാട്.