വാഷിങ്ടന്‍: ഇന്ത്യയ്‌ക്കെതിരെയുള്ള നിലാപാടുകള്‍ അമേരിക്ക മയപ്പെടുത്തുമോ? അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് മയപ്പെടുത്തിയ നിലപാടുമായി എത്തുന്നു. എന്നാല്‍ ട്രംപിന്റെ വിശ്വസ്തന്‍ കടന്നാക്രമണം നടത്തുകയും ചെയ്യുന്നു. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇന്ത്യ വ്യാപാര കരാറിന്റെ ചര്‍ച്ചയ്ക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പരിഹാസമായി പറയുന്നു. എന്നാല്‍ ട്രംപ് ഇന്ത്യയെ വീണ്ടും സുഹൃത്തായി കാണുകയും ചെയ്യുന്നു. അമേരിക്കയ്ക്ക് ഇന്ത്യന്‍ വിഷയത്തിലുള്ള ആശയക്കുഴപ്പത്തിന് തെളിവാണ് ഇതെല്ലാം.

വാഷിങ്ടന്‍ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയാറാണെന്നും റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ വര്‍ധിപ്പിച്ചത് ഇന്ത്യ ചെയ്ത തെറ്റാണെന്നും ലുട്‌നിക് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ലുട്‌നിക് ഇന്ത്യയെ വിമര്‍ശിച്ചു. യുഎസ് ഡോളറിനെ പിന്തുണയ്ക്കാനും ബ്രിക്‌സില്‍ നിന്ന് പിന്‍വാങ്ങാനും ഇന്ത്യയോട് ലുട്‌നിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. അതായത് ഇന്ത്യയില്‍ സമ്മര്‍ദ്ദം തുടരുകയാണ് അമേരിക്ക. എന്നാല്‍ ഇത് ഇന്ത്യ വകവയ്ക്കില്ല. ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത് ഇഷ്ടമാകുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ഇന്നും പറഞ്ഞു. ഇന്ത്യയും മോദിയും നല്ല സുഹൃത്താണ്. എന്നാല്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ട്രംപ് പറയുന്നത്. നരേന്ദ്ര മോദിയെ നല്ല ഭരണാധികാരിയായും ട്രംപ് വിശേഷിപ്പിക്കുന്നുണ്ട്. ഇന്ത്യ ചൈനീസ് പക്ഷത്തേക്ക് മാറിയില്ലെന്നും പറയുന്നുണ്ട് ട്രംപ്. ഇന്ത്യയുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്നും ട്രംപ് പറയുന്നു. ട്രംപ് കഴിഞ്ഞ ദിവസം നടത്തിയതില്‍ നിന്നും ഭിന്നമാണ് പുതിയ പ്രസ്താവന. ഇന്ത്യയെ ഇന്ന് കടന്നാക്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. മോദിയെ സുഹൃത്തായും നല്ലാ ബന്ധമുണ്ടെന്നും ട്രംപ് പറയുന്നു. ഇന്ത്യയുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്ന് ട്രംപ് പറയുന്നു.

ഇതിന് തൊട്ടു മുമ്പായിരുന്നു ലുട്‌നിക് ആഞ്ഞടിച്ചത്. ''ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് എത്തുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ ക്ഷമ ചോദിക്കും. ഡോണള്‍ഡ് ട്രംപുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും. നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും. ആ ചുമതല ഞങ്ങള്‍ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റായത്'' ലുട്‌നിക് പറഞ്ഞു. റഷ്യന്‍ സംഘര്‍ഷത്തിന് മുമ്പ് ഇന്ത്യ റഷ്യയില്‍ നിന്ന് തങ്ങളുടെ എണ്ണയുടെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ ഇന്ത്യ തങ്ങളുടെ എണ്ണയുടെ 40% റഷ്യയില്‍ നിന്നാണ് വാങ്ങുന്നതെന്നും ലുട്‌നിക് കുറ്റപ്പെടുത്തി. ലോകത്തിന്റെ ഉപഭോക്താവ് തങ്ങളാണെന്നും എല്ലാവരും ഉപഭോക്താവിലേക്ക് തിരികെ വരേണ്ടി വരുമെന്നും ലുട്‌നിക് പറഞ്ഞു. അതേസമയം സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങില്ല. ഇത് അമേരിക്കയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ത്യ നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 50% വരെ താരിഫ് ചുമത്തേണ്ടി വരുമെന്നും ലുട്‌നിക് മുന്നറിയിപ്പ് നല്‍കി. കാനഡയുമായി വാഷിംഗ്ടണിന് മുന്‍പുണ്ടായ താരിഫ് തര്‍ക്കം ഉദാഹരണമായി ചൂണ്ടിക്കാട്ടി, പ്രതികാര നടപടികള്‍ ചെറുകിട സമ്പദ്വ്യവസ്ഥകളെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ 50% താരിഫില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ അമേരിക്കയുമായി സഹകരിക്കുകയോ ബ്രിക്‌സില്‍ നിന്ന് പിന്‍മാറുകയോ വേണ്ടിവരും. അതല്ല, റഷ്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഒരു പാലമാകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ 50% താരിഫ് നല്‍കേണ്ടിവരും. ഇത് എത്രകാലം തുടരുമെന്ന് നമുക്ക് നോക്കാമെന്നും ലുട്‌നിക് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് അമേരിക്കയാണ്. ഞങ്ങളുടെ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാണ് ലോകത്തെ നയിക്കുന്നത്. ഒടുവില്‍ ഉപഭോക്താവാണ് എപ്പോഴും ശരിയെന്നും ലുട്‌നിക് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്ത്യ യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണള്‍ഡ് ട്രംപ് രംഗത്തു വന്നിരുന്നു. 'ഇരുണ്ട ദൂരൂഹ' ചൈനീസ് പക്ഷത്തേക്ക് ചേര്‍ന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നായിരുന്നു ട്രംപിന്റെ പരിഹാസ വാക്കുകള്‍. ട്രംപിന്റെ പോസ്റ്റിനോട് പ്രതികരിക്കാത്ത ഇന്ത്യ ട്രംപിന്റെ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന തള്ളിക്കളഞ്ഞു. തിങ്കളാഴ്ച നടക്കുന്ന അടിയന്തര ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കും.

തെറ്റിദ്ധാരണാജനകവും വസ്തുതയില്ലാത്തതുമായ പ്രസ്താവന നവാറോ നടത്തിയത് ശ്രദ്ധയില്‍പെട്ടു. ഇത് ഇന്ത്യ തള്ളിക്കളയുകയാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഒരമേരിക്കന്‍ പ്രസിഡന്റും ഇന്ത്യയ്‌ക്കെതിരെ അടുത്ത കാലത്തൊന്നും നടത്താത്ത പ്രസ്താവനയാണിത്. നരേന്ദ്ര മോദിയും ഷി ജിന്‍പിങും പുടിനും ഒന്നിച്ചു നില്ക്കുന്നതിന്റെ ചിത്രം നല്‍കിക്കൊണ്ടാണ് ട്രംപ് മൂന്ന് രാജ്യങ്ങളെയും പരിഹസിക്കുന്നത്. രണ്ടു രാജ്യങ്ങളും സുതാര്യമല്ലാത്ത ചൈനയുടെ പക്ഷത്തേക്ക് മാറി എന്ന സന്ദേശമാണ് തന്റെ സഖ്യകക്ഷികള്‍ക്ക് ട്രംപ് നല്‍കുന്നത്. മൂന്ന് രാജ്യങ്ങള്‍ക്കും ഒന്നിച്ച് നീണ്ട സമൃദ്ധ ഭാവിയുണ്ടാകട്ടെ എന്നും ട്രംപ് പറയുന്നു.

ട്രംപിന്റെ പ്രസ്താവനയോട് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ സഹകരണം മുന്നോട്ടു കൊണ്ടു പോകണം എന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ ഇത് പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം. ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ യുക്രെയിന്‍ യുദ്ധം മോദിയുടെ യുദ്ധമാണെന്ന് വിശേഷിപ്പിച്ചത് അസ്വീകാര്യമെന്നും വിദേശകാര്യമന്ത്രാലയം ആഞ്ഞടിച്ചു.