- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമേരിക്കന്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സൈപ്രസിലാണുള്ളത്; അമേരിക്കക്കാരെ അവിടെനിന്ന് ഓടിക്കാനാവശ്യമായത്ര മിസൈലുകള്‍ ഞങ്ങള്‍ സൈപ്രസിലേക്ക് അയക്കും'; ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന് നല്‍കുന്നത് തിരിച്ചടി മെഡിറ്ററേനിയന്‍ മേഖലയിലേക്കും എന്ന സന്ദേശം; വിമാനത്താവളം അടക്കം ഒഴിപ്പിച്ച് സൈപ്രസിന്റെ കരുതല്‍

നികോസിയ: പശ്ചിമേഷ്യയിലെ യുദ്ധം അയല്‍രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനാ താവളമായ ആര്‍.എ.എഫ് അക്രോട്ടിരിക്ക് നേരെ ഇറാന്റെ ചാവേര്‍ ഡ്രോണുകള്‍ ആക്രമണം നടത്തി നല്‍കുന്നത് ഈ സന്ദേശമാണ്. ആക്രമണത്തിന് പിന്നാലെ സൈപ്രസിനെതിരെ പതിനായിരക്കണക്കിന് മിസൈലുകള്‍ തൊടുക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. ഇതോടെ മെഡിറ്ററേനിയന്‍ മേഖലയും കനത്ത യുദ്ധഭീതിയിലായി.
തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അക്രോട്ടിരി താവളത്തിന് നേരെ ആദ്യ ചാവേര്‍ ഡ്രോണ്‍ ആക്രമണം നടന്നത്. തൊട്ടുപിന്നാലെ എത്തിയ മറ്റ് രണ്ട് ഡ്രോണുകളെ ബ്രിട്ടീഷ് ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു. സൈപ്രസിലെ ബ്രിട്ടീഷ് താവളങ്ങള്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ അനുമതി നല്‍കിയതാണ് ഇറാനെ പ്രകോപിപ്പിച്ചത്. 'അമേരിക്കന്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സൈപ്രസിലാണുള്ളത്. അമേരിക്കക്കാരെ അവിടെനിന്ന് ഓടിക്കാനാവശ്യമായത്ര മിസൈലുകള്‍ ഞങ്ങള്‍ സൈപ്രസിലേക്ക് അയക്കും,' ഇറാന്റെ മേജര്‍ ജനറല്‍ ഇബ്രാഹിം ജബാരി സ്റ്റേറ്റ് ടിവിയിലൂടെ വെല്ലുവിളി മുഴക്കി.
ഇതുവരെ മൂവായിരത്തോളം മിസൈലുകളും പതിനായിരത്തോളം ഡ്രോണുകളും അയച്ചതായും വരും ദിവസങ്ങളില്‍ കൂടുതല്‍ മാരകമായ മിസൈലുകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണ ഭീഷണിയെത്തുടര്‍ന്ന് സൈപ്രസിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നായ പാഫോസ് ഒഴിപ്പിച്ചു. റഡാറില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബ്രിട്ടീഷ് സൈനികരോടും കുടുംബങ്ങളോടും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാനും ജനലുകളില്‍ നിന്ന് മാറി നില്‍ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈപ്രസിനെ സംരക്ഷിക്കുന്നതിനായി ഗ്രീസ് രണ്ട് യുദ്ധക്കപ്പലുകളും എഫ്-16 വിമാനങ്ങളും അയച്ചിട്ടുണ്ട്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങള്‍ വിട്ടുനല്‍കാന്‍ വൈകിയതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കീര്‍ സ്റ്റാര്‍മറുടെ നിലപാടില്‍ താന്‍ നിരാശനാണെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ മാനുഷികവും പ്രതിരോധപരവുമായ ആവശ്യങ്ങള്‍ക്ക് മാത്രമേ താവളങ്ങള്‍ ഉപയോഗിക്കാവൂ എന്നാണ് സൈപ്രസ് ഗവണ്‍മെന്റ് ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ മേഖലയെ ആകെ പിടിച്ചുലയ്ക്കുകയാണ്.
ലെബനനില്‍ നിന്നുള്ള ഹിസ്ബുള്ള തീവ്രവാദികളാണ് സൈപ്രസിന് നേരെയുള്ള ഡ്രോണുകള്‍ അയച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇറാന് വേണ്ടിയായിരുന്നു ഇത്. സൈപ്രസിലെ റോയല്‍ എയര്‍ഫോഴ്‌സ് ആക്രോട്ടിരി ബേസിന് നേരെ ഡ്രോണ്‍ ആക്രമണം ബിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സൈപ്രസിലും യുഎസ് സൈനികരുടെ താവളമുണ്ട്. എന്നാല്‍ ഡ്രോണ്‍ എവിടെ നിന്നാണ് വന്നതെന്ന് സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ ഡ്രോണ്‍ ആക്രമണം മൂലം പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടനുമായി ഏകോപിപ്പിച്ച് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സൈപ്രസ് ഗവണ്‍മെന്റ് വക്താവ് കോണ്‍സ്റ്റാന്റിനോസ് ലെറ്റിംബിയോട്ടിസ് പറഞ്ഞു.
ഇറാന് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ വിട്ടുതരണമെന്ന യുഎസ് അഭ്യര്‍ത്ഥനയ്ക്ക് യുകെ സമ്മതം നല്‍കിയതായി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. അതേസമയം ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീളുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ സൈനികരുടെ മരണത്തിന് 'പ്രതികാരം' ചെയ്യുമെന്നും ഇറാന്‍ ഭരണകൂടത്തിന് ഏറ്റവും വലിയ പ്രഹരം നല്‍കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'ഇറാന്‍ വലിയ രാജ്യമാണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചയോ അതില്‍ കുറവോ ദിവസം എടുക്കേണ്ടി വരും. നമ്മുടെ സ്വന്തം സമയത്തിനും സ്ഥലത്തിനും സുരക്ഷ ഉറപ്പാക്കാന്‍ മാത്രമല്ല, നമ്മുടെ കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയുള്ള ഒരു വലിയ പ്രവര്‍ത്തനം യുഎസ് ഏറ്റെടുക്കുകയാണ്- ട്രംപ് വ്യക്തമാക്കി.


