ള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയത് അതിനിര്‍ണ്ണായകം. ഇറാന്റെ നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ലോക സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നുമുള്ള സുരക്ഷാ കൗണ്‍സിലിന്റെ നിരീക്ഷണം ഇറാന് വലിയ തിരിച്ചടിയാകുകയാണ്. 13 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ഇറാന്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്.

ഈ യുഎന്‍ പ്രമേയം ഇറാനെ സംബന്ധിച്ചിടത്തോളം വലിയൊരു നയതന്ത്ര പരാജയമാണ്. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തിവരുന്ന നീക്കങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹം നല്‍കുന്ന ശക്തമായ താക്കീതാണിത്. ഇറാന്റെ നടപടികള്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന യുഎന്‍ നിരീക്ഷണം ഈ വിഷയത്തില്‍ അമേരിക്കയ്ക്ക് ലഭിക്കുന്ന വലിയൊരു ആയുധം കൂടിയാണ്. ഇതുവരെ സ്വന്തം നിലയ്‌ക്കോ സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ചോ ഇറാനെതിരെ നീങ്ങിയിരുന്ന അമേരിക്കയ്ക്ക്, ഇനി ഈ യുഎന്‍ പ്രമേയത്തിന്റെ പിന്‍ബലത്തില്‍ ഇറാനെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കാം.

അന്താരാഷ്ട്ര നിയമലംഘനം എന്ന വാദം ഉന്നയിച്ച് ആവശ്യമെങ്കില്‍ സൈനിക നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കടുപ്പിക്കാനും ഇനി അമേരിക്കയ്ക്ക് എളുപ്പത്തില്‍ സാധിക്കും. ചുരുക്കത്തില്‍, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇറാന്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നതിനും ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ വരും ദിവസങ്ങളില്‍ മറ്റൊരു തലത്തിലേക്ക് മാറുന്നതിനും ഈ പ്രമേയം വഴിവെക്കും. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേ ഇസ്ലാമിക റിപ്പബ്ലിക് ഓഫ് ഇറാന്‍ നടത്തുന്ന എല്ലാവിധ ആക്രമണങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്ന് സുരക്ഷാ കൗണ്‍സില്‍ കര്‍ശനമായി ആവശ്യപ്പെട്ടു.

ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങളെ കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ഇറാന്റെ ആക്രമണങ്ങളിലൂടെ പൗരന്മാര്‍ക്ക് ജീവഹാനിയുണ്ടായതും കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉണ്ടായ വന്‍ നാശനഷ്ടങ്ങളും പ്രമേയം എടുത്തുപറയുകയും അപലപിക്കുകയും ചെയ്യുന്നുണ്ട്. ലോകരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് ഗള്‍ഫ് രാജ്യങ്ങളും രംഗത്തു വന്നു.

ലോക സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ യുഎന്‍ കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രമേയമെന്നും, ഇതിനെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നും ബഹ്‌റൈന്‍ പ്രതിനിധി ജമാല്‍ ഫാരെസ് അല്‍റോവെയ് പ്രതികരിച്ചു. പ്രമേയത്തെ പിന്തുണച്ച എല്ലാ രാജ്യങ്ങളോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചു. ലോകരാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന ഈ വലിയ പിന്തുണ, തങ്ങളുടെ രാജ്യങ്ങള്‍ക്കെതിരായി ഇറാന്‍ നടത്തുന്ന നീതിരഹിതമായ ആക്രമണങ്ങളെക്കുറിച്ച് മറ്റ് രാജ്യങ്ങള്‍ക്കുള്ള വ്യക്തമായ തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.