ലണ്ടന്‍: ലോകത്തെയാകെ ഇന്ധന പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനായി, ഹോര്‍മൂസ് കടലിടക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിന് ബ്രിട്ടീഷ് പടക്കപ്പലുകളെ അയയ്ക്കണമെന്ന ആവശ്യവുമായി ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്രൂത്ത് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലൂടെയാണ് യു കെയും മറ്റ് സഖ്യകക്ഷികളും ഹോര്‍മൂസ് കടലിടുക്കില്‍ തങ്ങളുടെ പടക്കപ്പലുകള്‍ വിന്യസിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

പേര്‍ഷ്യന്‍ ഉള്‍ക്കടലിനും ഒമാന്‍ ഉള്‍ക്കടലിനും ഇടയിലുള്ള തന്ത്രപ്രധാനമായ ഒരു വാണിജ്യപാതയാണ് ഹോര്‍മൂസ് കടലിടുക്ക്. ആഗോളവിപണിയിലെത്തുന്ന എണ്ണയില്‍ അഞ്ചിലൊന്ന് കടന്നുപോകുന്നത് ഇതുവഴിയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 20 മില്യന്‍ ബാരല്‍ എണ്ണയാണ് ഓരോ ദിവസവും ഇതുവഴി കടന്നുപോയിക്കൊണ്ടിരുന്നത്. രണ്ടാഴ്ച്ച മുന്‍പ് ഇസ്രയേലും അമേരിക്കയും യോജിച്ച് ഇറാന് നേരെ ആക്രമണം ആരംഭിച്ചതുമുതല്‍ ഇതുവഴി സഞ്ചരിച്ചിരുന്ന നിരവധി കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇതോടെ ഈ പാത ഇപ്പോള്‍ ഫലത്തില്‍ അടച്ചിരിക്കുന്ന സാഹചര്യമാണ്.

അതുവഴി എണ്ണവില കുതിച്ചുയരുന്നത് ആഗോള സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനുള്ള ശ്രമം പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങള്‍ എല്ലാവരും തന്നെ അമേരിക്കയ്‌ക്കൊപ്പം ഈ മേഖലയിലെക്ക് യുദ്ധക്കപ്പലുകളെ അയയ്ക്കണം എന്നാണ് തന്റെ പോസ്റ്റിലൂടെ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാന്റെ സൈനികശക്തി പൂര്‍ണ്ണമായും നശിപ്പിച്ചുവെന്നും എന്നിരുന്നാലും ഒന്ന് രണ്ട് ഡ്രോണുകള്‍ അയയ്ക്കുന്നതിനോ, മൈന്‍ വിതറുന്നതിനോ അതല്ലെങ്കില്‍, ഹ്രസ്വദൂര മിസൈലുകള്‍ കപ്പലുകള്‍ക്ക് നേരെ തൊടുത്തു വിടുന്നതിനോ ഇപ്പോഴും അവര്‍ക്ക് കഴിഞ്ഞേക്കുമെന്നും ട്രംപ് ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍ കൃത്രിമമായി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യു കെ തുടങ്ങിയ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വ്യക്തമായ ഒരു ഭരണകൂടമില്ലാതെയായ ഒരു രാജ്യം ഈ സുപ്രധാന പാത അടയ്ക്കുന്നത് അനുവദിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, തങ്ങളുടെ സൈനിക ശക്തി പൂര്‍ണ്ണമായും ഇല്ലാതെയാക്കി എന്ന അമേരിക്കയുടെ അവകാശവാദം വ്യാജമാണെന്ന് ഇറാന്‍ പ്രതികരിച്ചു. ഈ മേഖലയിലെ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യം തങ്ങള്‍ തങ്ങളുടെ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്തുവരികയാണെന്നും ഇറാന്‍ പ്രതിരോധ വക്താവ് അറിയിച്ചു.

ഇറാന്‍ - ഇറാഖ് യുദ്ധകാലത്ത് ഇതുവഴിയുള്ള കപ്പലുകള്‍ക്ക് സൈനിക എസ്‌കോര്‍ട്ട് നല്‍കിയിരുന്ന ബ്രിട്ടീഷ് നാവിക സംഘത്തിന്റെ തലവനായിരുന്ന അഡ്മിറല്‍ നീല്‍ മോരിസെറ്റി പറയുന്നത് നിലവിലെ സാഹചര്യത്തില്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണെന്നാണ്.