വാഷിങ്ടണ്‍/ ടെഹ്‌റാന്‍: വലിയ വീമ്പിളക്കി തുടങ്ങിവെച്ച പശ്ചിമേഷ്യന്‍ യുദ്ധം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്ക് കൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. ആണവായുദ്ധം നിര്‍മ്മിക്കുന്നതില്‍ നിന്നും ഇറാനെ തടയുമെന്നും, ഭരണമാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രംപിന് ഈ പറഞ്ഞതൊന്നും യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ എങ്ങനെയും യുദ്ധം അവസാനിപ്പികയെന്ന തന്ത്രമാണ് ട്രംപ് ഇപ്പോള്‍ പയറ്റുന്നതെന്നാണ് വിവരം. അതിന്റെ ഭാ ഗമാകാം ട്രംപ് പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ യുദ്ധം നിര്‍ത്താന്‍ ട്രംപ് ആ ഗ്രഹിക്കുന്നുണ്ടെങ്കിലും ഇറാനില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ട്രംപിന്റെ നിബന്ധനകള്‍ അംഗീകരിച്ച് സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് പോയാല്‍, ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ യുദ്ധം തുടരണമെന്ന് വാശിപിടിക്കുന്ന തീവ്രനിലപാടുകാര്‍ വധിച്ചേക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഫെബ്രുവരി 28-ന് ആരംഭിച്ച ഈ യുദ്ധത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും നിരവധി മുതിര്‍ന്ന റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരും യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. എങ്കിലും ഇതുവരെ ട്രംപ് പ്രഖ്യാപിച്ച ഭരണമാറ്റം സംഭവിച്ചിട്ടില്ല.

ഭരണകൂടത്തിലെ ഉന്നതരായ ഏകദേശം 150-ഓളം പേര്‍ കൊല്ലപ്പെട്ടെങ്കിലും, 'യുവതലമുറയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍' രംഗപ്രവേശം ചെയ്യുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടെന്നാണ് അമേരിക്കന്‍ ഇറാനിയന്‍ കൗണ്‍സിലിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഹൂഷാങ് അമിറഹ്‌മാദി അഭിപ്രായപ്പെടുന്നത്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഖമേനി കൊല്ലപ്പെട്ടതോടെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ 'ഏകാധിപത്യ അധികാര ഘടന' തകരുകയും അധികാരം പലരിലേക്കായി വീതിക്കപ്പെടുകയും ചെയ്തു. ഇത് സമാധാന ചര്‍ച്ചകളെ എതിര്‍ക്കുന്ന തീവ്രവാദികളായ രണ്ടാം നിര ഉദ്യോഗസ്ഥര്‍ക്ക് സൈനിക തീരുമാനങ്ങള്‍ എടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്.

'ഇന്നലെ വരെ ഇസ്രായേലോ അമേരിക്കയോ ആണ് ഈ വന്‍കിട ജനറല്‍മാരെ വധിച്ചിരുന്നതെങ്കില്‍, ഇനി മുതല്‍ ഈ ജനറല്‍മാരെയോ ഉന്നത ഉദ്യോഗസ്ഥരയോ നിലവില്‍ അധികാരം കൈയ്യാളുന്ന രണ്ടാംനിര തീവ്രനിലപാടുകാരായ ഉദ്യോഗസ്ഥര്‍ തന്നെ വകവരുത്തിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല,' എന്ന് ബിബിസി റേഡിയോ 4-ന്റെ 'ടുഡേ' പ്രോഗ്രാമില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഇറാനുമായി 'വളരെ നല്ലതും ഫലപ്രദവുമായ' ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് അടുത്ത ദിവസങ്ങളില്‍ അവകാശപ്പെട്ടിരുന്നു. ഉപരോധങ്ങള്‍ നീക്കുന്നതിന് പകരമായി ഇറാന്‍ അവരുടെ ആണവനിലയങ്ങള്‍ പൊളിച്ചുനീക്കണമെന്നത് ഉള്‍പ്പെടെയുള്ള 15 നിര്‍ദ്ദേശങ്ങളടങ്ങിയ സമാധാന പദ്ധതി വാഷിംഗ്ടണ്‍ കൈമാറിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്തരമൊരു സമാധാന ചര്‍ച്ച നടക്കുന്നുണ്ടെന്ന കാര്യം ഇറാന്‍ നിഷേധിച്ചു. അമേരിക്ക 'അവരവര്‍ക്ക് ഉള്ളില്‍ത്തന്നെയാണ് ചര്‍ച്ച നടത്തുന്നത്' എന്ന് പരിഹസിച്ച ഇറാന്‍ സൈനിക വക്താവ്, 'ഞങ്ങളെപ്പോലെയുള്ളവര്‍ നിങ്ങളെപ്പോലെയുള്ളവരുമായി ഒരിക്കലും ഒത്തുതീര്‍പ്പിന് വരില്ല' എന്നും കൂട്ടിച്ചേര്‍ത്തു. മുന്‍ ആയത്തുള്ളയുടെ കീഴിലുണ്ടായിരുന്ന പഴയ തലമുറയിലെ പ്രമുഖര്‍ ഇപ്പോഴും ഉണ്ടെങ്കിലും, പ്രാദേശിക കേണല്‍മാരുടെ മേല്‍ അവര്‍ക്ക് ഇപ്പോള്‍ യഥാര്‍ത്ഥ നിയന്ത്രണമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബാക്കിയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അത് നിഷേധിച്ചു. കാരണം ഈ രണ്ടാം നിര ഉദ്യോ ഗസ്ഥരെ അവര്‍ ഭയക്കുന്നു എന്നത് തന്നെയാണ് അതിന്റെ കാരണം.

ഇറാന്റെ അധികാര ഘടന എപ്പോഴും വികേന്ദ്രീകൃതമായിരുന്നുവെന്ന് അമിറഹ്‌മാദി വിശദീകരിച്ചു. ഇറാന്റെ 31 പ്രവിശ്യകളോരോന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ ഖമേനിയും ഭൂരിഭാഗം ജനറല്‍മാരും വധിക്കപ്പെട്ടതോടെ, ഈ വികേന്ദ്രീകൃത അധികാര ഘടന കൂടുതല്‍ വിപുലമാവുകയും സൈനിക അധികാരം വ്യാപകമായി വിഭജിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇതോടെ ഓരോ പ്രദേശത്തെയും ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം നിലയ്ക്ക് ഉത്തരവിടാനുള്ള അധികാരം ലഭിച്ചു.

അതേസമയം ഇസ്രായേലും ഇറാനും തമ്മിലുള്ള മിസൈല്‍ ആക്രമണങ്ങള്‍ ഇന്നലെ രാത്രിയും തുടര്‍ന്നു. തലസ്ഥാനമായ ടെഹ്റാനില്‍ ദീര്‍ഘദൂര നാവിക ക്രൂയിസ് മിസൈലുകള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് പ്രധാന കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ലെബനനില്‍ ബുധനാഴ്ച തെക്കന്‍ സിഡോണ്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. അഡ്ലൗണ്‍ പട്ടണത്തിലുണ്ടായ ആക്രമണത്തില്‍ നാല് പേരും, മിയ മിയ അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേരും മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.