- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇറാന്‍ മണ്ണില്‍ കാലുകുത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ല; വെല്ലുവിളിച്ച് ഇറാന്‍; ഇറാന്‍-യുഎസ് യുദ്ധം: കരസേനാ മേധാവിയെ പുറത്താക്കി അമേരിക്ക; മിസൈല്‍ വര്‍ഷവുമായി ഇറാന്‍; റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം 60% പേര്‍ അമേരിക്കയില്‍ യുദ്ധത്തെ എതിര്‍ക്കുന്നു; ട്രംപിസം പ്രതിസന്ധിയിലോ?

വാഷിങ്ടന്‍: ഇറാനുമായുള്ള യുദ്ധം നിര്‍ണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ അമേരിക്കന്‍ സൈനിക നേതൃത്വത്തില്‍ അപ്രതീക്ഷിത അഴിച്ചുപണി. യുഎസ് കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സൈത്ത് സ്ഥാനത്തുനിന്ന് നീക്കി. സമൂഹമാധ്യമത്തിലൂടെയാണ് ഉടന്‍ വിരമിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഹെഗ്‌സൈത്ത് നല്‍കിയത്. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ സൈനിക മേധാവിയെ മാറ്റുന്ന അപൂര്‍വ നടപടി പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തിന് മുന്നോടിയായും പ്രസംഗവേളയിലും പശ്ചിമേഷ്യയില്‍ ഇറാന്‍ മിസൈല്‍ ആക്രമണം ശക്തമാക്കി. ടെല്‍ അവീവ്, ദോഹ, ദുബായ് എന്നിവിടങ്ങളില്‍ മിസൈല്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. അബുദാബിയിലെ ഖലീഫ തുറമുഖത്തും സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലയിലും ആക്രമണമുണ്ടായി.സൗദി, യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ പാലങ്ങള്‍ തകര്‍ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക കരയുദ്ധത്തിന് മുതിര്‍ന്നാല്‍ നേരിടാന്‍ 70 ലക്ഷം ഇറാന്‍കാര്‍ സജ്ജരാണെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബഫ് പ്രഖ്യാപിച്ചു.
'ഇറാന്‍ മണ്ണില്‍ കാലുകുത്തുന്ന ഒരൊറ്റ അമേരിക്കന്‍ സൈനികനും ജീവനോടെ മടങ്ങില്ല.' എന്ന് ഇറാന്‍ കരസേനാ മേധാവി മേജര്‍ ജനറല്‍ അമീര്‍ ഹാത്തമി പ്രഖ്യാപിച്ചു. അതിശക്തമായ രഹസ്യ ആയുധശേഖരവും ആയുധ ഫാക്ടറികളും തങ്ങള്‍ക്കുണ്ടെന്നും, അമേരിക്ക ഇതുവരെ തകര്‍ത്തത് അപ്രധാനമായ കേന്ദ്രങ്ങള്‍ മാത്രമാണെന്നും ഇറാന്‍ സായുധസേനാ വക്താവ് ലഫ്. കേണല്‍ ഇബ്രാഹിം ദുല്‍ഫഹാരി അവകാശപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് പാക്കിസ്ഥാന്‍ വീണ്ടും അറിയിച്ചു. ചൈനയുടെ സഹകരണത്തോടെയുള്ള അഞ്ചിന നിര്‍ദ്ദേശങ്ങളാണ് പാക്കിസ്ഥാന്‍ മുന്നോട്ടുവെക്കുന്നത്. നേരത്തെ ഈജിപ്ത്, സൗദി, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. യുദ്ധം നീളുന്നതില്‍ അമേരിക്കന്‍ ജനതയ്ക്കിടയില്‍ അതൃപ്തി പുകയുകയാണ്.
റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം 60% പേര്‍ യുദ്ധത്തെ എതിര്‍ക്കുന്നു. 66% പേര്‍ ഉടന്‍ യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നു. ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായതായും സര്‍വേ സൂചിപ്പിക്കുന്നു.


