യുദ്ധത്തിന്റെ മറവില്‍ ഇറാനില്‍ കൂട്ടത്തോടെ തൂക്കിക്കൊലകള്‍ തുടരുന്നു. വീണ്ടും ഒരു യുവാവിനെ കൂടി മത ഭരണകൂടം തൂക്കിലേറ്റി. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ജനുവരിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ ബാസിജ് സൈനിക താവളം ആക്രമിച്ചെന്ന കുറ്റത്തിന് അലി ഫഹീം എന്ന 23 കാരനെയാണ് തൂക്കിലേറ്റിയത്. എട്ട് ദിവസത്തിനുള്ളില്‍ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടുന്ന പത്താമത്തെ രാഷ്ട്രീയ തടവുകാരനാണ് ഫഹീമെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍, പുലര്‍ച്ചെയുള്ള തൂക്കിക്കൊലകള്‍ രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളുമാണ്. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കും നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് തെഹ്‌റാന്‍ കടുത്ത ശിക്ഷ നടപ്പിലാക്കുന്നത്. തെരുവിലിറങ്ങിയ ആയിരങ്ങളെ സൈന്യം വെടിവെച്ചുകൊന്നിട്ടും പകയടങ്ങാത്ത ഭരണകൂടം പ്രതികാര നടപടികള്‍ തുടരുകയാണ്. ഫെബ്രുവരിയില്‍ സമാനമായ കുറ്റത്തിന് ഏഴ് പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇതില്‍ അലി ഫഹീം ഉള്‍പ്പെടെ നാല് പേരുടെ ശിക്ഷ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. രണ്ട് കൗമാരക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ള മൂന്ന് പേരും ഏതു നിമിഷവും തൂക്കിലേറ്റപ്പെട്ടേക്കാമെന്ന ഭീതിയിലാണ് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും. വിദേശ യുദ്ധത്തിന്റെ നിഴലില്‍ സ്വന്തം ജനതയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍ ഭരണകൂടമെന്ന് മനുഷ്യാവകാശ സംഘടനയായ ഐ.എച്ച്.ആര്‍ ആരോപിച്ചു.

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതോടെ വധശിക്ഷകളില്‍ ചെറിയൊരു ഇടവേളയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് ദിവസമായി ഇത് വീണ്ടും രൂക്ഷമായിരിക്കുകയാണ്. പത്ത് പേരെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വധിച്ചത്. ഇതില്‍ നാല് പേര്‍ പ്രക്ഷോഭകാരികളും ആറ് പേര്‍ നിരോധിത സംഘടനയായ പി.എം.ഒ.ഐ പ്രവര്‍ത്തകരുമാണ്. പ്രതികള്‍ക്ക് അഭിഭാഷകരെ നിയമിക്കാനോ നീതിയുക്തമായ വിചാരണക്കോ അവസരം നല്‍കിയിട്ടില്ലെന്നും സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ 'മരണത്തിന്റെ ജഡ്ജി' എന്നറിയപ്പെടുന്ന അബുല്‍ ഖാസിം സലാവതിയാണ് ഈ കേസുകളില്‍ വിധി പ്രസ്താവിച്ചത്. തടവുകാര്‍ക്കെതിരെ ക്രൂരമായ പീഡനമുറകളാണ് ഇറാന്‍ ജയിലുകളില്‍ അരങ്ങേറുന്നതെന്ന് നോര്‍വേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണകൂടത്തിന്റെ അതിജീവനത്തിനായുള്ള തന്ത്രമായാണ് ഈ തൂക്കിക്കൊലകളെ ലോകം വിലയിരുത്തുന്നത്.

തങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ജനകീയ മുന്നേറ്റമല്ലെന്നും മറിച്ച് വിദേശ ശക്തികളുടെ ഒത്താശയോടെ നടക്കുന്നതാണെന്നും വരുത്തിത്തീര്‍ക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. കൊല്ലപ്പെട്ട അലി ഫഹീം ഇസ്രായേലിനും അമേരിക്കയ്ക്കും വേണ്ടി പ്രവര്‍ത്തിച്ച ചാരനാണെന്നാണ് ഭരണകൂടത്തിന്റെ ഔദ്യോഗിക മാധ്യമമായ 'മിസാന്‍' റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ സൈനിക താവളത്തില്‍ അതിക്രമിച്ചു കയറി ആയുധങ്ങള്‍ കവര്‍ന്നതായും അധികൃതര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച മുഹമ്മദ് അമീന്‍ ബിഗ്ലരി എന്ന 19 കാരനേയും ഷാഹിന്‍ വാഹിദ് പരസ്ത് എന്ന 30 കാരനേയും വ്യാഴാഴ്ച അമീര്‍ ഹുസൈന്‍ ഹതാമി എന്ന കൗമാരക്കാരനെയും തൂക്കിലേറ്റിയിരുന്നു. ഒരേ കേസിലെ പ്രതികളായ ഇവര്‍ മൂവരും കൊല്ലപ്പെട്ടതോടെ വധശിക്ഷ കാത്തുനില്‍ക്കുന്ന ബാക്കിയുള്ളവരുടെ ജീവനും ഭീഷണിയിലാണ്.

ജനങ്ങളെ ഭയപ്പെടുത്താനായി ഭരണകൂടം ആസൂത്രിതമായി നടപ്പിലാക്കുന്ന നയമാണിതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ ഭരണകൂടത്തിന് ഏറ്റവും വലിയ ഭീഷണി വിദേശ രാജ്യങ്ങളുടെ ബോംബുകളല്ല, മറിച്ച് മാറ്റം ആഗ്രഹിക്കുന്ന സ്വന്തം ജനതയാണെന്ന് മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ മഹ്‌മൂദ് അമിരി മൊഗദ്ദാം പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഇറാനുമായുള്ള ചര്‍ച്ചകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രധാന വിഷയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്.

ജനുവരിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്നാരോപിച്ച് മാര്‍ച്ച് 19-ന് മൂന്ന് പേരെ ഇറാന്‍ വധിച്ചിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന ആദ്യത്തെ ഔദ്യോഗിക വധശിക്ഷയായിരുന്നു അത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ തടവുകാര്‍ വധശിക്ഷയ്ക്ക് ഇരയാകുമെന്ന ആശങ്ക ശക്തമാണ്.