- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇറാന്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം, ഇല്ലെങ്കില്‍ ആക്രമിക്കും; കപ്പല്‍പ്പട ഇറാനെ ലക്ഷ്യമിട്ട് നീങ്ങുകയാണ്; വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയൊരു കപ്പല്‍പ്പടയാണിത്; ആവശ്യമെങ്കില്‍ അതിവേഗത്തിലും പ്രഹരശേഷിയോടും കൂടി ദൗത്യം അതിവേഗം പൂര്‍ത്തിയാക്കും'; ഭീഷണിയുമായി ട്രംപ്; പശ്ചിമേഷ്യയിലെ പടയൊരുക്കത്തിന് തടയിടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമം
'ഇറാന്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണം, ഇല്ലെങ്കില്‍ ആക്രമിക്കും

വാഷിങ്ടണ്‍: ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭകര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിശക്തമായ അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് സൈനിക നടപടികള്‍ക്ക് ഒരുങ്ങുകായാണ് ട്രംപ്. ഉടന്‍ ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഭീഷണിയാണ് ട്രംപ് മുഴക്കിയത്. ആക്രമണം മുന്‍പിലത്തേതിനേക്കാള്‍ ഭീകരമായിരിക്കുമെന്ന് ഓപ്പറേഷന്‍ മിഡനൈറ്റ് ഹാര്‍മര്‍ ഓര്‍മിപ്പിച്ചു കൊണ്ട് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഭീഷണിയുടെ അന്തരീക്ഷത്തില്‍ ചര്‍ച്ച സാധ്യമല്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രമണത്തിന്റെ പേരായിരുന്നു ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍.
അര്‍മാഡയെ പറ്റി സൂചിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ വാക്കുകള്‍. ആവശ്യമെങ്കില്‍ അതിവേഗത്തിലും പ്രഹരശേഷിയോടും കൂടി ദൗത്യം അതിവേഗം പൂര്‍ത്തിയാക്കാന്‍ കപ്പല്‍പ്പട സന്നദ്ധവും പ്രാപ്തവുമാണെന്നും ട്രപ് വ്യക്തമാക്കി. ''കപ്പല്‍പ്പട ഇറാനെലക്ഷ്യമിട്ട് നീങ്ങുകയാണ്. കരുത്തോടെ കൃത്യമായ ലക്ഷ്യത്തോടെ വേഗത്തിലാണിത് പോയികൊണ്ടിരിക്കുന്നത്. വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയൊരു കപ്പല്‍പ്പടയാണിത്. എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലാണിതിനെ നയിക്കുന്നത്. വെനസ്വേലയിലെന്നപോലെ വേഗത്തില്‍ പ്രഹരശേഷിയോടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇത് പ്രാപ്തമാണ്'' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതിയത്.
അതേസമയം ചര്‍ച്ചകളുടെ സാധ്യത ഇറാന്‍ തളളി. സൈനിക ഭീഷണിക്കൊപ്പമുള്ള നയതന്ത്രം ഫലപ്രദമാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു. എല്ലാ കക്ഷികള്‍ക്കും ഗുണകരമാകുന്ന രീതിയിലായിരിക്കണം കരാറെന്നും ആണവായുധങ്ങള്‍ പാടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ച വേണമെങ്കില്‍ ഭീഷണിയും യുക്തിരഹിതമായ ആവശ്യങ്ങളും നിര്‍ത്തണമെന്നാണ് ഇറാന്റെ മറുപടി. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി കൂടുതല്‍ ശക്തമായി. ഇറാനെതിരെ അയല്‍രാജ്യങ്ങളുടെ മണ്ണോ ആകാശമോ ജലപാതയോ ഉപയോഗിച്ചാല്‍ അവരെ ശത്രുക്കളായി കണക്കാക്കുമെന്ന് ഐആര്‍ജിസി കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസങ്ങളില്‍ ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇയും സൗദിയും വ്യക്തമാക്കിയിരുന്നു.
നിലവില്‍ വിമാനവാഹിനിക്കപ്പലായ USS എബ്രഹാം ലിങ്കന്റെ നേതൃത്വത്തിലുള്ള കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുകയാണ്. ദക്ഷിണ ചൈനാ കടലില്‍ നിന്നുമാണ് ഈ കപ്പല്‍പ്പടയെ അടിയന്തരമായി പശ്ചിമേഷ്യയിലേക്ക് തിരിച്ചുവിട്ടത്. അയ്യായിരത്തിലധികം നാവികര്‍, അത്യാധുനിക എഫ്35 യുദ്ധവിമാനങ്ങള്‍, ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകള്‍ എന്നിവ അടങ്ങുന്നതാണ് ഈ സന്നാഹം. കൂടാതെ, മേഖലയിലെ അമേരിക്കന്‍ താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
ഡിസംബര്‍ മുതല്‍ ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഇതിനകം അയ്യായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്. യുഎസ് സൈനിക നീക്കം ശക്തമായതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ പാരമൃത്തിലെത്തിയിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങളുടെ അതിര്‍ത്തി ലംഘിച്ചാല്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധമുണ്ടാകുമെന്ന് റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, യുദ്ധം ഒഴിവാക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അയല്‍രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി ഗള്‍ഫ് രാജ്യങ്ങള്‍ തീവ്രശ്രമം നടത്തുന്നുണ്ട്.


