ന്യൂഡല്‍ഹി: യുഎസുമായുള്ള വ്യാപാര കരാര്‍ ദീര്‍ഘകാലത്തെ ക്ഷമയുടെ ഫലമാണെന്നും താരിഫ് ചര്‍ച്ചകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ രാജ്യത്തിന് അനുകൂലമായ ഫലത്തിലെത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറില്‍ തീരുമാനമായതിനുപിന്നാലെ ചൊവ്വാഴ്ച ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിലേക്കെത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. നിറഞ്ഞ കരഘോഷത്തോടെയും അഭിനന്ദനങ്ങളോടെയുമാണ് എംപിമാര്‍ മോദിയെ വരവേറ്റത്.

വ്യാപാര ഇടപാട് അനുകൂലമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിച്ചതായും ആഗോള വ്യാപാര ചര്‍ച്ചകളോടുള്ള സര്‍ക്കാരിന്റെ സ്ഥിരവും അളന്നുമുള്ള സമീപനത്തെ പ്രതിഫലിക്കുന്നതായും മോദി പറഞ്ഞു. 'ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണ്, അതിന്റെ ഗതി ഇന്ത്യയിലേക്ക് കൂടുതല്‍ ചായുകയാണ്. വിവിധ ആഗോള വേദികളില്‍ താന്‍ ഇത് പറഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലും വ്യാപാര പിരിമുറുക്കങ്ങള്‍ക്കിടയിലും ഇന്ത്യ പ്രയോജനം നേടുന്നത് ഇന്ന് നമ്മള്‍ കാണുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപിമാരോട് പാര്‍ലമെന്റില്‍ പൂര്‍ണ്ണ ഹാജര്‍ ഉറപ്പാക്കാനും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാനും മോദി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൗരന്മാരെ സമീപിക്കാനും നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മോദി ട്രംപിന് കീഴടങ്ങിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദി ട്രംപിന് കീഴ്പ്പെട്ടു, സ്വന്തം സര്‍ക്കാരിന്റെ വിവരങ്ങള്‍ ഇന്ത്യ അറിയുന്നത് ട്രംപ് പറഞ്ഞാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു.

'ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്നും വെനിസ്വേലയില്‍ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ അദ്ദേഹം വാഷിംഗ്ടണില്‍ നിന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ അദ്ദേഹം വാഷിംഗ്ടണില്‍ നിന്ന് ഒരു ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയെന്നാണ് തോന്നുന്നത്'- ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

ഇന്നലെ രാത്രിയാണ് ഇന്ത്യ - യുഎസ് വ്യാപാര കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്കെതിരായ പകരം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് മോദി അറിയിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരുന്നു. അതേസമയം തീരുവ കുറച്ച അമേരിക്കന്‍ നടപടിയെ പ്രശംസിക്കുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. 'വ്യാപാര കരാര്‍' എന്ന പരാമര്‍ശം പോസ്റ്റില്‍ ഉപയോഗിച്ചില്ല.

വ്യാപാര ഉടമ്പടി ആഭ്യന്തര ഉത്പാദനത്തിന് ഉത്തേജനം നല്‍കുകയും ഉയര്‍ന്ന നിലവാരമുള്ള ഉത്പാദനത്തിലേക്ക് മാറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ച വിവരം കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. തീരുവ കുറച്ചതിന് പകരമായി റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈന്‍ യുദ്ധം തീര്‍ക്കുന്നതിന് സഹായകമാകുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ, യുഎസിന്റെ ഊര്‍ജ, സാങ്കേതിക, കാര്‍ഷിക, മേഖലയില്‍നിന്ന് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.

റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തുന്നതിനുപകരമായി യുഎസില്‍നിന്നും വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങിയേക്കുമെന്നും പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ പൂര്‍ണമായും ഇളവുചെയ്യാനും തീരുവയിതര നിയന്ത്രണങ്ങള്‍ എടുത്തുകളയാനും ഇന്ത്യ സന്നദ്ധമായിട്ടുണ്ടെന്നും പറഞ്ഞു. മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞത് ബഹുമതിയാണെന്നും അദ്ദേഹം മഹാനായ സുഹൃത്തും കരുത്തനായ നേതാവുമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സാമൂഹിക മാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചതില്‍ വലിയ സന്തോഷം. ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് 18% താരിഫ് കുറയുമെന്നതില്‍ വലിയ ആഹ്‌ളാദം. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളും ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, അത് നമ്മുടെ ജനങ്ങള്‍ക്ക് പ്രയോജനകരമാവുകയും പരസ്പരം പ്രയോജനകരമായ സഹകരണത്തിന് വളരെയധികം അവസരങ്ങള്‍ തുറക്കുകയും ചെയ്യും.

ലോക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വം നിര്‍ണായകമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. നമ്മുടെ പങ്കാളിത്തം അഭൂതപൂര്‍വമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു- മോദി എക്സില്‍ കുറിച്ചു.

തീരുവകുറച്ചതില്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞെങ്കിലും വ്യാപാരക്കരാറിനെക്കുറിച്ച് പരാമര്‍ശമില്ല. തീരുവ കുറച്ചതിന് പകരമായി റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈന്‍ യുദ്ധം തീര്‍ക്കുന്നതിന് സഹായകമാകുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ, യുഎസിന്റെ ഊര്‍ജ, സാങ്കേതിക, കാര്‍ഷിക, മേഖലയില്‍നിന്ന് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.

റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തുന്നതിനുപകരമായി യുഎസില്‍നിന്നും വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങിയേക്കുമെന്നും പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ പൂര്‍ണമായും ഇളവുചെയ്യാനും തീരുവയിതര നിയന്ത്രണങ്ങള്‍ എടുത്തുകളയാനും ഇന്ത്യ സന്നദ്ധമായിട്ടുണ്ടെന്നും പറഞ്ഞു.

പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ അഭ്യര്‍ഥനപ്രകാരമാണ് ഈ വ്യാപാരക്രമീകരണമെന്നും ട്രംപ് അവകാശപ്പെട്ടു. മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞത് ബഹുമതിയാണെന്നും അദ്ദേഹം മഹാനായ സുഹൃത്തും കരുത്തനായ നേതാവുമാണെന്നും ട്രംപ് പറഞ്ഞു. മോദിയുമായി ട്രംപ് സംസാരിച്ചെന്നും കാത്തിരിക്കൂവെന്നും ഇന്ത്യയിലെ യു.എസ്. സ്ഥാനപതി സെര്‍ഗിയോ ഗോര്‍ എക്സില്‍ കുറിച്ചതിനുപിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിനിടെ പ്രധാനമന്ത്രി മോദി ട്രംപിന് കീഴടങ്ങിയതായി കോണ്‍ഗ്രസ്സ് ആരോപിച്ചു.എന്നാല്‍, കരാര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിധിന്‍ നബീന്‍ പറഞ്ഞു.

ആഗസ്റ്റിലാണ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തിയത്. 25% പകരം തീരുവയ്ക്കു പുറമേ റഷ്യന്‍ എണ്ണ വാങ്ങുന്നതിനു യുഎസ് ചുമത്തിയ 25% അധികംതീരുവയും ചേര്‍ത്ത് ആകെ 50% തീരുവയാണ് ചുമത്തിയിരുന്നത്. അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ യുഎസില്‍ എത്തിയിട്ടുണ്ട്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തില്‍ നടക്കുന്ന ധാതു സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ മന്ത്രിതല യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. സുപ്രധാനമായ ധാതുക്കളുടെ ലഭ്യതയും വിതരണവും സംബന്ധിച്ച അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.