- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിച്ച് മാക്രോണ്‍; പിന്നാലെ ലോക് ഭവനില്‍ മോദിയുടെ സ്നേഹാലിംഗനം! 'എന്റെ പ്രിയ സുഹൃത്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു' എന്ന് പ്രധാനമന്ത്രി; റഫാലിനായി വമ്പന്‍ കരാര്‍; ടാറ്റയും എയര്‍ബസും കൈകോര്‍ക്കുന്നു; റഷ്യയെ വിട്ട് ഫ്രാന്‍സിനോട് കൂടുതല്‍ അടുത്ത് ഇന്ത്യ
മാക്രോണിന് ഊഷ്മള സ്വീകരണം

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഇന്ന് സാക്ഷ്യം വഹിച്ചത് ലോകം ഉറ്റുനോക്കുന്ന രണ്ട് കരുത്തുറ്റ നേതാക്കളുടെ സംഗമത്തിന്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ മുംബൈയിലെ ലോക ഭവനില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമായി സ്വീകരിച്ചു. പ്രിയ സുഹൃത്തിനെ ആലിംഗനം ചെയ്ത് വരവേറ്റ മോദി, ആഗോള രാഷ്ട്രീയത്തിലെ ഇന്ത്യ-ഫ്രാന്‍സ് സൗഹൃദത്തിന്റെ ആഴം ഒരിക്കല്‍ കൂടി വ്യക്തമാക്കി.
ഭീകരതയ്ക്ക് മുന്നില്‍ വിട്ടുവീഴ്ചയില്ല; ഇരകള്‍ക്ക് ആദരം
ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മാക്രോണ്‍ മുംബൈ ഭീകരാക്രമണത്തിന്റെ വേദിയായ താജ്മഹല്‍ പാലസ് സന്ദര്‍ശിച്ചു. 2008-ലെ ആ കറുത്ത ദിനങ്ങളില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് മുന്നില്‍ അദ്ദേഹം ശിരസ്സ് നമിച്ചു. 'ഫ്രാന്‍സ് നിങ്ങളോടൊപ്പമുണ്ട്' എന്ന് എക്‌സില്‍ കുറിച്ച മാക്രോണ്‍, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കുള്ള തന്റെ രാജ്യത്തിന്റെ അചഞ്ചലമായ പിന്തുണ ആവര്‍ത്തിച്ചു.
പ്രധാനമന്ത്രിയുടെ ഊഷ്മളമായ സ്വീകരണം
മുംബൈയിലെത്തിയ മാക്രോണിനെ കെട്ടിപ്പിടിച്ച് സ്വീകരിച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. 'എന്റെ പ്രിയ സുഹൃത്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു' എന്ന് പറഞ്ഞ മോദി, ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹകരണവും ശതകോടികളുടെ യുദ്ധവിമാന കരാറും ലക്ഷ്യമിട്ടാണ് ഫ്രഞ്ച് പ്രസിഡന്റ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്. 2017-ല്‍ അധികാരമേറ്റ ശേഷം മാക്രോണിന്റെ നാലാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
It’s a delight to meet my friend, President Macron in Mumbai! He told me he really likes the city and also enjoyed his run earlier in the day! @EmmanuelMacron pic.twitter.com/edPKuLdn0f
— Narendra Modi (@narendramodi) February 17, 2026
റഫാലിനായി വമ്പന്‍ കരാര്‍
ഏകദേശം 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 3.25 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് ഇന്ത്യ അംഗീകാരം നല്‍കിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടായി ഇത് മാറും. ഇതില്‍ ഭൂരിഭാഗം വിമാനങ്ങളും ഇന്ത്യയില്‍ തന്നെയാകും നിര്‍മ്മിക്കുക.
ടാറ്റ ഗ്രൂപ്പും എയര്‍ബസും ചേര്‍ന്ന് കര്‍ണാടകയിലെ വെമഗലില്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഹെലികോപ്റ്റര്‍ അസംബ്ലി ലൈന്‍ ഇരുനേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. എയര്‍ബസിന്റെ ഏറ്റവും ജനപ്രിയമായ H125 ഹെലികോപ്റ്ററുകളാണ് ഇവിടെ നിര്‍മ്മിക്കുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന 'എഐ ഇംപാക്ട് സമ്മിറ്റിലും' മാക്രോണ്‍ പങ്കെടുക്കും. കൂടാതെ 2026-നെ 'ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ ഇയര്‍' ആയി പ്രഖ്യാപിക്കുകയും ചെയ്തു.
റഷ്യന്‍ ആശ്രിതത്വം കുറയുന്നു; ഫ്രാന്‍സിനോട് കൂടുതല്‍ അടുക്കുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളും ചൈനയുടെ കടന്നുകയറ്റവും സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
പ്രതിരോധ ആവശ്യങ്ങള്‍ക്കായി റഷ്യയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഫ്രാന്‍സുമായുള്ള ഈ പുതിയ പങ്കാളിത്തം. നിലവില്‍ 15 ബില്യണ്‍ ഡോളറിന്റേതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വ്യാപാരം.


