ലണ്ടന്‍: ബ്രിട്ടന്റെ പലയിടങ്ങളിലും, പ്രത്യേകിച്ച് നഗരങ്ങളിലും വലിയ പട്ടണങ്ങളിലും കലാപാന്തരീക്ഷം ഉണ്ടായത് സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊല ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന ചില വ്യാജ പ്രചാരണങ്ങളായിരുന്നു. സൗത്ത്‌പോര്‍ട്ടില്‍ സംഭവസ്ഥലത്തിന് സമീപത്ത് ആരംഭിച്ച കലാപം ബുധനാഴ്ച ആയപ്പോഴേക്കും ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റ് വരെ എത്തി. വരുന്ന വാരാന്ത്യത്തിലും ഇംഗ്ലണ്ടിലാകെ 35 ഓളം പ്രതിഷേധങ്ങള്‍ നടന്നേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ കലാപത്തിന്റെ മൂലകാരണം ബ്രിട്ടീഷ് ഇമിഗ്രേഷന്‍ സിസ്റ്റത്തോടുള്ള ചിലരുടെ അമര്‍ഷമാണെന്ന് ചില നിരീക്ഷകര്‍ പറയുന്നു. കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും നിയന്ത്രണമില്ലാതെ യു കെയിലേക്ക് പ്രവേശിപ്പിക്കാന്‍ ഈ സിസ്റ്റം കാരണമാകുന്നതായി അവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം രൂഢമൂലമാകുന്നിടത്താണ് സൗത്ത്‌പോര്‍ട്ടിലെ അക്രമി ഇസ്ലാമത വിശ്വാസിയാണെന്നും, കടല്‍മാര്‍ഗ്ഗം അനധികൃതമായി യു കെയില്‍ എത്തിയ വ്യക്തിയാണെന്നും ഉള്ള വ്യാജവാര്‍ത്ത പരക്കുന്നത്. ഇത് എരിതീയില്‍ എണ്ണ ഒഴിക്കുകയായിരുന്നു.

പ്രതി പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായതിനാല്‍, നിയമം അനുശാസിക്കുന്നതിനാലണ് ആദ്യം പ്രതിയുടെ പേരുവിവരങ്ങള്‍ മറച്ചു വെച്ചത്. എന്നാല്‍ ഈ പ്രവൃത്തി ഊഹോപോഹങ്ങള്‍ക്ക് ശക്തിയേകി. തുടര്‍ന്ന് കോടതിയുടെ അനുവാദത്തോടെയായിരുന്നു പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. എന്നിട്ടും പല വിവരങ്ങളും പൊതുജനങ്ങളില്‍ നിന്നും മറച്ചു പിടിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സംഭവമുണ്ടായി എതാനും മണിക്കൂറുകള്‍ക്കകം തന്നെ വ്യാജ പ്രചാരണവും ആരംഭിച്ചിരുന്നു. പ്രതിയുടെ പേര് പുറത്തുവിട്ടുകൊണ്ട്, സമൂഹമാധ്യമങ്ങളില്‍ ഏകദേശം 44,000 ഫോളോവേഴ്സ് ഉള്ള ആര്‍ട്ട്മിസ്‌ഫോര്‍നൗ എന്ന ചാനലായിരുന്നു തുടക്കം കുറിച്ചത്. അലി അല്‍ ശകാതി എന്നാണ് അക്രമിയുടെ പേര്‍ എന്നായിരുന്നു ചാനല്‍ പറഞ്ഞത്. ഇത് പൂര്‍ണ്ണമായും വ്യാജമായ ഒന്നാണെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമപരമായ തടസ്സങ്ങള്‍ ഉള്ളതിനാല്‍, പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ മെഴ്സിസൈഡ് പോലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതിയുടെ അനുവാദത്തോടെ ആയിരുന്നു പേര് വെളിപ്പെടുത്തിയത്.

പേര് വെളിപ്പെടുത്തിയപ്പോഴായിരുന്നു അക്രമി അലി അല്‍ ശകാതിതിയല്ല അലക്സ് റുഡകുബാന ആണെന്ന് ജനങ്ങള്‍ അറിഞ്ഞത്. സത്യത്തില്‍, വ്യാജ പേര് പുറത്തു വിടുന്നതിന് മുന്‍പ് തന്നെ, ഇസ്ലാമാഫോബിയയും കുടിയേറ്റ വിരുദ്ധതയും ഒക്കെ പ്രചരിപ്പിക്കുന്ന യൂറോപ്പ് ഇന്‍വേഷന്‍ എന്ന ഹാന്‍ഡിലില്‍ നിന്നും പ്രതി മുസ്ലീം കുടിയേറ്റക്കാരന്‍ ആണെന്ന് സംശയിക്കുന്നു എന്ന ഒരു പോസ്റ്റ് എക്സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവര്‍ക്ക് ഈ വിവരം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കില്‍ കൂടി ഏകദേശം 6 മില്യന്‍ ആളുകളാണ് ഈ പോസ്റ്റ് കണ്ടത്.

വാസ്തവത്തില്‍, ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന അലക്സ് റുഡകുബാന എന്ന കൗമാരക്കാരന്‍ സ്ഥിരമായി പള്ളി ചടങ്ങുകളില്‍ പോകുന്ന ഒരു ക്രിസ്തുമത വിശ്വാസിയാണെന്നാണ് അയല്‍ക്കാര്‍ പറയുന്നതെന്നും ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, പള്ളിയിലെ കോയര്‍ സംഘത്തിലെ അംഗം കൂടിയാണ് ഇയാള്‍.

മറ്റൊരു വ്യാജ ആരോപണം പരന്നത്, ചെറുയാനങ്ങളിലായി ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയ അഭയാര്‍ത്ഥികളില്‍ ഒരാളാണ് അക്രമി എന്നതായിരുന്നു. എന്നാല്‍, കാര്‍ഡിഫില്‍ ഒരു ബ്രിട്ടീഷ് പൗരനായി ജനിച്ച വ്യക്തിയാണ് പ്രതി. പിന്നീട് ഇയാളുടെ കുടുംബം ലങ്കാഷയറിനടുത്തുള്ള ബാങ്ക്‌സ് ഗ്രാമത്തിലേക്ക് താമസം മാറ്റുകയായിരുന്നു.