മോസ്‌കോ: ഇന്ത്യയുമായി പ്രതിരോധ തലത്തിലും നയതന്ത്ര തലത്തിലും ഏറ്റവും ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് റഷ്യ. ഇന്ത്യക്ക് ആണവ റിയാക്ടറുകള്‍ അടക്കം സമ്മാനിച്ചത് റഷ്യയുമായുള്ള ബന്ധങ്ങളെ തുടര്‍ന്നാണ്. ആകാശത്ത് പ്രതിരോധം തീര്‍ക്കുന്ന എസ് 400 വ്യോമ പ്രതിരോധ സംവിധാധങ്ങള്‍ അടക്കം ഇന്ത്യക്ക് ലഭിക്കുന്നത് റഷ്യയില്‍ നിന്നുമാണ്. എങ്ങനെ എല്ലാ തലത്തിലും ഇന്ത്യയ്ക്ക് ഊഷ്മള ബന്ധമുള്ള റഷ്യയെ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ തള്ളിപ്പറയുമ്പോള്‍ നയതന്ത്ര തലത്തിലും ഇന്ത്യക്ക് അത് തിരിച്ചടിയായി മാറുകയാണ്.

റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കാനുള്ള ഇന്ത്യന്‍ നീക്കത്തില്‍ പുടിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍. പാക്കിസ്താനിലെ ഇസ്ലാമാബാദില്‍ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടുന്‍ രംഗത്തുവന്നതും ശ്രദ്ധമായി. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുടിന്‍ ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാക്കിസ്താന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പാക്കിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അയച്ച സന്ദേശങ്ങളില്‍, പുടിന്‍ തന്റെ അനുശോചനം പങ്കുവെക്കുകയും ആക്രമണത്തിന്റെ ഇരകളോടും രാഷ്ട്രത്തോടുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഒരു മതച്ചടങ്ങിനിടെ ആളുകളെ കൊലപ്പെടുത്തുന്നത് ഭീകരവാദത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിന്റെ തെളിവാണെന്ന് പുടിന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്റെ ആത്മാര്‍ഥമായ അനുതാപവും പിന്തുണയും അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇന്ത്യ -യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ? എന്ന സംശയാണ് ഇതോടെ ഉയരുന്നത്. പുടിന്‍െ അനുശോചന സന്ദേശത്തിനു പിന്നാലെ ഇന്ത്യയുഎസ് വ്യാപാര കരാര്‍ റഷ്യയെ പാക്കിസ്ഥാനുമായി അടുപ്പിക്കാന്‍ പ്രേരിപ്പിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. റഷ്യയുമായി ബന്ധം സ്ഥാപിക്കാന്‍ കുറച്ചു നാളായി പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന റഷ്യ പാക്കിസ്ഥാനെ അവഗണിക്കുന്നതായിരുന്നു പതിവ്.

റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങല്‍ സമ്പൂര്‍ണമായി നിര്‍ത്തുക, യുഎസില്‍നിന്നും 500 ബില്യന്‍ ഡോളറിന്റെ ഇറക്കുമതി എന്നിവയാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പ്രധാന ഉപാധികളായി യുഎസ് മുന്നോട്ടു വച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുരണ്ടും ഇന്ത്യ -റഷ്യ ബന്ധത്തെ ബാധിക്കുന്നതാണ്. ദശാബ്ദങ്ങളായി പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ റഷ്യയുമായി ഇന്ത്യയ്ക്കു തന്ത്രപ്രധാനമായ സൗഹൃദമാണ്.

അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തുന്നത് സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏതുരാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയ്ക്ക് തീരുമാനിക്കാം എന്നാണ് ഈ വിഷയത്തില്‍ റഷ്യയുടെ പ്രതികരണം.

നേരത്തെ, നേരിട്ടോ പരോക്ഷമായോ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യില്ലെന്ന് ഉറപ്പുലഭിച്ചതിനാല്‍ അധികമായി ചുമത്തിയ 25 ശതമാനം പിഴത്തീരുവ പിന്‍വലിക്കുകയാണെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ എക്‌സിക്യുട്ടീവ് ഓര്‍ഡറില്‍ അവകാശപ്പെട്ടിരുന്നു. റഷ്യന്‍ എണ്ണ ഏതെങ്കിലും തരത്തില്‍ ഇന്ത്യ വാങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വാക്കുപാലിച്ചില്ലെങ്കില്‍ വീണ്ടും നടപടിയെടുക്കുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പും നല്‍കിയിരുന്നു.