കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് താലിബാന്‍. കാണ്ഡഹാറില്‍ ചേര്‍ന്ന ഉന്നതതല നേതൃയോഗത്തിലാണ് താലിബാന്‍ നേതാക്കള്‍ ഈ നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ ശ്രമങ്ങളുമായി പാകിസ്ഥാന്‍ സഹകരിച്ചാല്‍ അത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് താലിബാന്റെ ഈ പ്രഖ്യാപനം. താലിബാന്‍ വഴങ്ങിയില്ലെങ്കില്‍ 'മോശം കാര്യങ്ങള്‍' സംഭവിക്കുമെന്ന് ട്രംപ് നേരത്തെയും പറഞ്ഞിരുന്നു.

താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയുടെ നേതൃത്വത്തില്‍ ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ മേധാവികള്‍, സൈനിക കമാന്‍ഡര്‍മാര്‍, ഉലമ കൗണ്‍സില്‍ എന്നിവരെ ഉള്‍പ്പെടുത്തി രഹസ്യയോഗം ചേര്‍ന്നതായി താലിബാനിലെ മുതിര്‍ന്ന വൃത്തങ്ങള്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. ട്രംപിന്റെ പരാമര്‍ശങ്ങളും യുഎസ് സൈനിക നടപടികള്‍ക്കുള്ള സാധ്യതകളുമായിരുന്നു ചര്‍ച്ചയുടെ പ്രധാന വിഷയങ്ങള്‍.

ബഗ്രാം വ്യോമതാവളം അമേരിക്കന്‍ സൈന്യത്തിന് കൈമാറാനുള്ള എല്ലാ സാധ്യതകളും താലിബാന്‍ നേതൃത്വം ഏകകണ്ഠമായി തള്ളിക്കളഞ്ഞു. ആക്രമിക്കപ്പെട്ടാല്‍ 'യുദ്ധത്തിന് പൂര്‍ണ്ണമായി തയ്യാറെടുക്കുമെന്നും' അവര്‍ കൂട്ടിച്ചേര്‍ത്തു.

യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന് പാകിസ്ഥനുള്ള കര്‍ശനമായ മുന്നറിയിപ്പായിരുന്നു. സാധനസാമഗ്രികള്‍ നല്‍കിയോ നയതന്ത്രപരമോ സൈനികപരമോ ആയ ഏത് സഹായം നല്‍കിയാലും പാകിസ്ഥാനെ ശത്രുരാജ്യമായി കണക്കാക്കുമെന്ന് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചതായി താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ആസന്നമായ ഭീഷണിയെ നേരിടാന്‍ ആഗോള, പ്രാദേശിക ശക്തികളുമായി അടിയന്തരമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെയും വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയെയും താലിബാന്‍ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ബഗ്രാം തിരിച്ചുപിടിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനാണ് താലിബാന്റെ തീരുമാനം.