ന്യൂഡല്‍ഹി; ബംഗ്ലാദേശില്‍ പുതിയതായി അധികാരമേല്‍ക്കുന്ന താരിഖ് റഹ്‌മാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് പ്രധാനമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഫെബ്രുവരി 17-ന് മുംബൈയില്‍ വെച്ച് മാക്രോണുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്ഥാന്‍ പ്രധാനമന്ത്രിമാരെയും ചൈനീസ് പ്രസിഡന്റിനെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ക്ഷണിച്ചിട്ടുണ്ട്. സാര്‍ക് രാജ്യങ്ങളിലെ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചതായാണ് വിവരം. പ്രധാനമന്ത്രിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യ മന്ത്രിയോ ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തേക്കും. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ 300-ല്‍ 209 സീറ്റുകള്‍ നേടിയാണ് ബി.എന്‍.പി അധികാരം പിടിച്ചെടുത്തത്. താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി താരിഖ് റഹ്‌മാന്‍ ചര്‍ച്ചകള്‍ നടത്തും. രാജ്യതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 17-നാണ് താരിഖ് റഹ്‌മാനും ചെറിയൊരു മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്ന് ബി.എന്‍.പി വൃത്തങ്ങള്‍ അറിയിച്ചു.

299 സീറ്റുകളില്‍ 209 എണ്ണവും തൂത്തുവാരിയ ബിഎന്‍പി, 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭരണത്തില്‍ തിരിച്ചെത്തുന്നത്. ഷേഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് ഏഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ബിഎന്‍പി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകും. ബിഎന്‍പിക്ക് വലിയ വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന ജമാഅത്തെ ഇസ്ലാമി വെറും 68 സീറ്റുകളില്‍ ഒതുങ്ങി. ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്‌മാനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഹസീനയുടെ പുറത്താകലിന് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലുണ്ടായ വിള്ളലുകള്‍ പരിഹരിക്കാന്‍ പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിചാരണ നടപടികള്‍ക്കായി വിട്ടുകിട്ടണമെന്ന് ബിഎന്‍പി ആവശ്യപ്പെട്ടു. ഇന്ത്യയുമായി നല്ല സൗഹൃദം ആഗ്രഹിക്കുമ്പോഴും ഹസീന നിയമനടപടികള്‍ നേരിടണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ബിഎന്‍പി നേതാവ് സലാഹുദ്ദീന്‍ അഹമ്മദ് വ്യക്തമാക്കി. പാര്‍ലമെന്റിന് ഉപരിസഭയും പ്രധാനമന്ത്രിക്ക് രണ്ട് ടേം മാത്രം ഭരണവും നിര്‍ദ്ദേശിക്കുന്ന 'ജൂലൈ നാഷണല്‍ ചാര്‍ട്ടര്‍' പരിഷ്‌കരണങ്ങള്‍ക്കും ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അംഗീകാരം നല്‍കിയിട്ടുണ്ട്.

ബംഗ്ലാദേശില്‍ ജനാധിപത്യത്തിന്റെ പുതിയ സൂര്യോദയം പ്രഖ്യാപിച്ചുകൊണ്ട് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ പ്രതീക്ഷയുടെ സന്ദേശമാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിഎന്‍പി അധികാരമുറപ്പിച്ച ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്. ബംഗ്ലാദേശില്‍ എന്തുവില കൊടുത്തും ക്രമസമാധാനം നിലനിര്‍ത്തണമെന്നും വിദ്വേഷ രാഷ്ട്രീയത്തിന് ഇനി സ്ഥാനമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

'സുരക്ഷിതവും മാനുഷികവുമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. രാജ്യം പുനര്‍നിര്‍മ്മിക്കുന്നതില്‍ ഓരോ പൗരനും ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കണം. ഇന്ന് മുതല്‍ ബംഗ്ലാദേശിലെ ഓരോ ജനതയും സ്വതന്ത്രരാണ്,' താരിഖ് റഹ്‌മാന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ അടിച്ചമര്‍ത്തലുകളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്.

ഷേഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും തകര്‍ന്ന സമ്പദ്വ്യവസ്ഥയെയും ക്രമസമാധാന നിലയെയും തിരികെ കൊണ്ടുവരാനുമാകും താരിഖ് റഹ്‌മാന്‍ മുന്‍ഗണന നല്‍കുക. 20 വര്‍ഷത്തിന് ശേഷം അധികാരത്തിലേറുന്ന ബിഎന്‍പിക്ക് മുന്നില്‍ വലിയ പ്രതീക്ഷകളാണ് ബംഗ്ലാദേശ് ജനത വെച്ചുനീട്ടുന്നത്.