- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നൂറു ശതമാനം നികുതി ചുമത്തിയാല്‍ യു.എസും അതുതന്നെ ചെയ്യും; നികുതി വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്; ഇന്ത്യ- യു.എസ് ബന്ധം ശക്തമെന്ന് ബൈഡന്‍ ഭരണകൂടവും
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നൂറു ശതമാനം നികുതി ചുമത്തിയാല്‍ യു.എസും അതുതന്നെ ചെയ്യും
ന്യൂയോര്‍ക്ക്: നികുതി വിഷയത്തില്‍ കാനഡക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ട്രംപ് ഇന്ത്യക്കെതിരെയും നിലപാട് കടുപ്പിക്കുന്നു. അമേരിക്കന്‍ ഉല്‍പനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉല്‍പനങ്ങള്‍ക്കും സമാനരീതിയില്‍ തീരുവ ചുമത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്കും അതേ രീതിയില്‍ നികുതി ചുമത്തുമെന്ന് വ്യക്തമാക്കിയത്.
മറ്റുരാജ്യങ്ങള്‍ ഞങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍ സമാനരീതിയില്‍ അവര്‍ക്കും നികുതി ചുമത്തും. എല്ലായിപ്പോഴും അവര്‍ ഞങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയാണ്. ഞങ്ങള്‍ തിരിച്ച് അങ്ങനെ ചെയ്യാറില്ല -ട്രംപ് വ്യക്തമാക്കി. ഇേന്ത്യയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് ട്രംപിന്റെ പ്രതികരണം.
യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ നൂറ് ശതമാനം നികുതി ഈടാക്കിയാല്‍ തിരിച്ചും അതുതന്നെ ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയാണ് തങ്ങള്‍ അധികാരത്തില്‍നിന്ന് ഇറങ്ങുന്നതെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. അധികാരമേറ്റാലുടന്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്നും അടുത്തിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യക്കെതിരെ വീണ്ടും കടുത്തനടപടികള്‍ ഉണ്ടാവുമെന്ന് സൂചന നല്‍കുന്നത്. ആദ്യതവണ പ്രസിഡന്റായപ്പോള്‍ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ട്രംപ് നല്ല അടുപ്പത്തിലായിരുന്നു. അതേസമയം അമേരിക്കയുടെ നികുതി നയം ഇന്ത്യക്ക് തിരിച്ചടിയാകുമ്പോള്‍ ഇന്ത്യ ചൈനയുമായി കൂടുതല്‍ അടുക്കുകയാണ്.
അഞ്ചുവര്‍ഷത്തിനുശേഷം ഇന്ത്യ-ചൈന പ്രത്യേകപ്രതിനിധികളുടെ ചര്‍ച്ചയും നടക്കുകയാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൊവ്വാഴ്ച ബെയ്ജിങ്ങിലെത്തി. ബുധനാഴ്ച നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാണ്. ഇരുരാജ്യങ്ങളുടേയും പ്രധാന താല്‍പര്യങ്ങളേയും ആശങ്കകളെയും പരസ്പരം ബഹുമാനിക്കുക, ചര്‍ച്ചയിലൂടെയും ആശയവിനിമയത്തിലൂടെയും പരസ്പരവിശ്വാസം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത, ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ ആത്മാര്‍ഥതയോടെയും വിശ്വാസത്തോടെയും കൃത്യമായവിധത്തില്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രത്യേകം എടുത്തുപറഞ്ഞു. ചൈനയുടെ പ്രതിനിധിയായ വിദേശകാര്യമന്ത്രി വാങ് യിയായിരിക്കും ബുധനാഴ്ച നടക്കുന്ന ചര്‍ച്ച നയിക്കുക.
കിഴക്കന്‍ ലഡാക്കിലെ സൈനികപിന്‍മാറ്റം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഡിസംബറിലാണ് അവസാനമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല പ്രതിനിധി ചര്‍ച്ച നടന്നത്. അതിര്‍ത്തി പ്രശ്‌നങ്ങളായിരുന്നു ഇതില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. കിഴക്കന്‍ ലഡാക്കിലെ സൈനികപിന്‍മാറ്റം ഘട്ടംഘട്ടമായി പൂര്‍ത്തിയായതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇന്ത്യയും ചൈനയുമായുള്ള നയതന്ത്രബന്ധത്തിലെ പുരോഗതിയ്ക്കായി അതിര്‍ത്തിമേഖലകളില്‍ സമാധാനപരമായ അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിപ്രദേശങ്ങളിലെ യഥാര്‍ഥ നിയന്ത്രണരേഖയിലെ പട്രോളിങ് സംബന്ധിച്ച് ഇക്കൊല്ലം ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഐക്യത്തിലെത്തിയിരുന്നു.