വാഷിംഗ്ടണ്‍: യു.എസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനെക്കാള്‍ മോശം സ്ഥാനാര്‍ത്ഥിയാണെന്ന് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. കമല സര്‍വേകളില്‍ മുന്നേറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപ് അവരെ കടന്നാക്രമിച്ചു കൊണ്ട് രംഗത്തുവന്നിരിക്കുന്നത്.

കമലഹാരിസ് ബൈഡനേക്കാള്‍ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണെന്ന് താന്‍ കരുതുന്നു. അവര്‍ തീവ്ര ഇടതുപക്ഷമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ തിങ്കളാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ട്രംപ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ ജൂലൈ 20ന് പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. അടുത്ത മാസം ഡെമോക്രാറ്റ് പാര്‍ട്ടി അവരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"അവര്‍ ചെറുപ്പമാണെന്ന് ഞാന്‍ കരുതിയത്. എന്നാല്‍ അവര്‍ക്ക് 60 വയസ്സായി എന്ന് എനിക്ക് മനസ്സിലായില്ല. അവര്‍ അതിര്‍ത്തി രാജാവായിരുന്നു. താനല്ലെന്ന് നടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

രാജ്യത്തേക്ക് വന്ന എല്ലാവര്‍ക്കും പൗരത്വം വേണമെന്നാണ് അവര്‍ പറയുന്നതെന്ന് ട്രംപ് ആരോപിച്ചു, എല്ലാവര്‍ക്കും പൗരത്വം നല്‍കുന്നത് രാജ്യത്തെ നശിപ്പിക്കും. ബൈഡനെതിരെ ഡെമോക്രാറ്റിക് സ്ഥാപനം അട്ടിമറി നടത്തിയെന്ന തന്റെ ആരോപണം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.

14 മില്യണ്‍ വോട്ട് കിട്ടിയെങ്കിലും നിങ്ങള്‍ പുറത്താണെന്ന് അവര്‍ ബൈഡനോട് പറഞ്ഞു. ഡെമോക്രാറ്റുകള്‍ ബൈഡനെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പുറത്താക്കുകയാണുണ്ടയതെന്നും ട്രംപ് പറഞ്ഞു.