വാഷിങ്ടണ്‍/ടെല്‍ അവീവ്: യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഇറാനുമായുള്ള ചര്‍ച്ചയില്‍നിന്ന് മാറ്റിനിര്‍ത്തിയതിലും തങ്ങളോട് കൂടിയാലോചിക്കാതെ വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമതീരുമാനമെടുത്തതുമാണ് ഇസ്രയേലിന്റെ അതൃപ്തിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 'വാള്‍സ്ട്രീറ്റ് ജേണല്‍' ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തു.

വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള തീരുമാനം അമേരിക്ക ഇസ്രയേലിനെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ചര്‍ച്ചകളില്‍നിന്ന് ഇസ്രയേല്‍ പ്രതിനിധികളെ ഒഴിവാക്കിയെന്നും വിവരമുണ്ട്. കഴിഞ്ഞദിവസമാണ് യുഎസും ഇസ്രയേലും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. ട്രംപ് നല്‍കിയ അന്ത്യശാസനം അവസാനിക്കാന്‍ 90 മിനിറ്റ് ബാക്കിനില്‍ക്കെയായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായത്. ഇതനുസരിച്ച് ഹോര്‍മുസ് കടലിടുക്ക് തുറക്കാനും ധാരണയായിരുന്നു.

യുഎസിന്റെ വെടിനിര്‍ത്തല്‍ കരാറിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കഴിഞ്ഞദിവസം പിന്തുണച്ചിരുന്നു. അതേസമയം, ഇറാനുമായാണ് കരാറെന്നും ഇതില്‍ ലെബനന്‍ ഉള്‍പ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെ ലെബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ശക്തമായ ആക്രമണവും നടത്തി. അതേസമയം, ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ കരാറില്‍നിന്ന് പിന്മാറുമെന്ന് ഇറാനും ഭീഷണി മുഴക്കിയിരുന്നു. ഇതിനുപിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായി.

ഇസ്രയേലിന്റെ ലെബനനിലെ സൈനികനീക്കം കരാറില്‍ ഉള്‍പ്പെടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിസ്ബുള്ള കാരണം ലെബനനെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇസ്രയേല്‍ ലെബനിനില്‍ നടത്തുന്നത് പ്രത്യേക ഏറ്റുമുട്ടലാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതോടെ, ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ നിബന്ധനകള്‍ ഇറാന്‍ പൂര്‍ണമായും പാലിക്കുന്നത് വരെ അമേരിക്കന്‍ സൈന്യം പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

''യഥാര്‍ഥ കരാര്‍ പൂര്‍ണമായും നടപ്പിലാക്കുന്നത് വരെ, ഇറാനിലും പരിസരത്തും എല്ലാ യുഎസ് കപ്പലുകളും വിമാനങ്ങളും സൈനികരും തുടരും. ഇതിനകം തകര്‍ക്കപ്പെട്ട ശത്രുവിനെ പൂര്‍ണമായും നശിപ്പിക്കാന്‍ ആവശ്യമായ ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും സൈന്യത്തിന്റെ പക്കലുണ്ടാകും'' ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

''എന്തെങ്കിലും കാരണവശാല്‍ കരാര്‍ പാലിക്കപ്പെട്ടില്ലെങ്കില്‍, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ ആക്രമണം ആരംഭിക്കും. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്നും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കുമെന്നും നേരത്തെ തന്നെ ധാരണയായതാണ്. നിലവില്‍ നമ്മുടെ സൈന്യം അടുത്ത വിജയത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. അമേരിക്ക തിരിച്ചെത്തിയിരിക്കുന്നു'' ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ബുധനാഴ്ചയാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുക എന്ന നിബന്ധനയിലാണ് കരാര്‍ ഉണ്ടായത്. ആക്രമണങ്ങള്‍ നിര്‍ത്തിയാല്‍ തങ്ങളും പ്രത്യാക്രമണം അവസാനിപ്പിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഈ വെടിനിര്‍ത്തലിനോട് യോജിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കരാറിനെത്തുടര്‍ന്ന് ആഗോള ഓഹരി വിപണികള്‍ ഉണരുകയും എണ്ണവില ബാരലിനു 100 ഡോളറിനു താഴെ എത്തുകയും ചെയ്തിരുന്നു. എന്നാല്‍, കരാറിലെ മൂന്ന് വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ബുധനാഴ്ച രാത്രി ആരോപിച്ചു. യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കപ്പെട്ടതും, ലബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതും, ഇറാന്റെ ആകാശപരിധിയില്‍ ഡ്രോണ്‍ പ്രവേശിച്ചതുമാണ് ലംഘനങ്ങളായി ഇറാന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതേത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര ഇറാന്‍ വീണ്ടും തടഞ്ഞു.

അതേ സമയം, ശനിയാഴ്ച പാക്കിസ്ഥാനില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നേതൃത്വം നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരും സംഘത്തിലുണ്ടാകും. ലബനന്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇസ്രയേല്‍ ലബനനില്‍ നടത്തുന്ന സൈനിക നീക്കം ഇറാനുമായുള്ള കരാറിനെ ബാധിക്കില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹിസ്ബുല്ലയേയും ഉടന്‍ തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ചര്‍ച്ചാ സംഘത്തെ ഈ വാരാന്ത്യത്തില്‍ പാക്കിസ്ഥാനിലേക്ക് അയക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സാകും സംഘത്തെ നയിക്കുക. ട്രംപിന്റെ വലംകൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാന്‍സിനൊപ്പം സ്‌പെഷല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫ്, സീനിയര്‍ അഡൈ്വസര്‍ ജാരെഡ് കുഷ്‌നര്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടാകുമെന്ന് കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു.

''തുടക്കം മുതല്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഈ വിഷയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റിന്റെ വിശ്വസ്തനാണ്, അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്. എല്ലാ ചര്‍ച്ചകളിലും അദ്ദേഹം ഭാഗമായിരുന്നു. ഈ ആഴ്ച അവസാനം പാക്കിസ്ഥാനില്‍ നടക്കുന്ന അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും'' കരോലിന്‍ ലീവിറ്റ് പറഞ്ഞു.

ശനിയാഴ്ച രാവിലെ പ്രാദേശിക സമയം ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കും. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയില്‍ ആഴ്ചകളോളം നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം ഇരു രാജ്യങ്ങളും താല്‍ക്കാലിക വെടിനിര്‍ത്തലിനു സമ്മതിച്ചതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പത്തിന നിര്‍ദേശങ്ങള്‍ പ്രായോഗികമാണെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവച്ചതായും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായും നേരത്തെ അറിയിച്ചിരുന്നു.

അതിനിടെ യുദ്ധവുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപിന്റെ അതൃപ്തി പരിഹരിക്കാന്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ സഹായിക്കണമെന്ന തന്റെ ആവശ്യം നാറ്റോ അംഗരാജ്യങ്ങള്‍ അവഗണിച്ചതിനെത്തുടര്‍ന്ന്,സഖ്യം വിടുന്നത് പരിഗണിച്ചേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. യുഎസും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും ധാരണയായതിനു പിന്നാലെയായിരുന്നു മാര്‍ക്ക് റുട്ടെയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച.