വാഷിംഗ്ടണ്‍: ഈസ്റ്റര്‍ ദിനത്തില്‍ വീണ്ടും ട്രംപിന്റെ ഭീഷണി സന്ദേശം. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിന് പിന്നാലെയാണ് ട്രംപ് ഫോക്‌സ് ന്യൂസിനോടാണ് നാളെ നടക്കുന്ന ചര്‍ച്ചയില്‍ സമാധാനം ഉണ്ടായില്ലെങ്കില്‍ കടന്നാക്രമണം നടത്തുമെന്ന് വ്യക്തമാക്കിയത്. തിങ്കളാഴ്ച ഇറാനുമായി ഒരു കരാറിലെത്താന്‍ നല്ല സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നതായും ഇല്ലെങ്കില്‍ എല്ലാം ബോംബിട്ട് തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞു.

''നാളെ ഒരു കരാറിന് നല്ല സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. അവര്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ വേഗത്തില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍, എല്ലാം ബോംബിട്ടു തകര്‍ക്കുന്നതിനെക്കുറിച്ചും അവിടത്തെ എണ്ണക്കച്ചവടം ഏറ്റെടുക്കുന്നതിനെക്കുറിച്ചും ഞാന്‍ ആലോചിക്കുന്നുണ്ട്'' ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

നേരത്തെ, ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനെതിരെ കടുത്ത ഭാഷയില്‍ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ട്രംപ് ഇറാനെതിരെ അസഭ്യവര്‍ഷം നടത്തിയത്. ചൊവ്വാഴ്ച ഇറാനിലെ പവര്‍ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കുന്ന ദിവസമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് ഇടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും എന്നാണ് അസഭ്യവാക്കുകള്‍ ഉപയോഗിച്ച് ട്രംപ് കുറിച്ചത്. ചൊവ്വാഴ്ച ഇറാനില്‍ പവര്‍ പ്ലാന്റ് ദിനവും പാലങ്ങളുടെ ദിനവും ഒന്നിച്ചു വരുന്ന ദിവസമായിരിക്കും. ഇതുപോലൊന്ന് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാകില്ല. ഭ്രാന്തന്‍മാരായ വഞ്ചകന്മാരെ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണി കുറിപ്പില്‍ പറയുന്നു. തിങ്കളാഴ്ചയ്ക്കുള്ളില്‍ കടലിടുക്ക് തുറന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നു.

അതിനിടെ ഇറാനിലെ ആഭ്യന്തര പ്രതിഷേധക്കാര്‍ക്ക് യുഎസ് ആയുധങ്ങള്‍ നല്‍കി സഹായിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. ഇറാനിലെ ആഭ്യന്തര പ്രതിഷേധക്കാര്‍ക്ക് നല്‍കാനായി അയച്ച അമേരിക്കന്‍ ആയുധങ്ങള്‍ കുര്‍ദിഷ് ഗ്രൂപ്പുകള്‍ കൈക്കലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ ഇറാനു നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് കരാറിനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് സംസാരിച്ചത്. എന്നിരുന്നാലും, കരാര്‍ സാധ്യമായില്ലെങ്കില്‍ ഇറാന്റെ എണ്ണ ശേഖരവും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള കടുത്ത സൈനിക നടപടികള്‍ ഉണ്ടാകുമെന്ന തന്റെ മുന്‍ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. ഹോര്‍മുസ് തുറക്കാനും കരാറിലെത്താനും ഇറാന്‍ ശ്രമിച്ചില്ലെങ്കില്‍ ഒറ്റയടിക്ക് മുഴുവന്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

48 മണിക്കൂര്‍ സമയപരിധി അവസാനിച്ചാല്‍ ചൊവ്വാഴ്ച ഇറാനില്‍ പവര്‍പ്ലാന്റ് ഡേ ബ്രിഡ്ജ് ഡേ എന്നിവയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തങ്ങളുടെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ മിഡില്‍ ഈസ്റ്റിലെ യുഎസിന്റെ സാമ്പത്തിക താത്പര്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഇറാനിയന്‍ പാലങ്ങളും വൈദ്യുത നിലയങ്ങളും നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണികളെക്കെതിരെ പ്രതികരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ മേധാവി ആഗ്‌നസ് കല്ലമാര്‍ഡ് രംഗത്തുവന്നു. സാധാരണക്കാരായിരിക്കും 'ആദ്യം കഷ്ടപ്പെടേണ്ടി വരിക' എന്ന് അവര്‍ ഊന്നിപ്പറയുന്നു.'ചൂടില്ല, വൈദ്യുതിയില്ല, വെള്ളമില്ല, നീങ്ങാനോ ഓടിപ്പോകാനോ ഉള്ള ശേഷിയില്ല, അവരുടെ ജീവിക്കാനുള്ള അവകാശത്തിന് അര്‍ത്ഥമാക്കുന്നതാണിതെതെല്ലാം,' കാലാമാര്‍ഡ് എക്സില്‍ എഴുതി.

ഇതിനിടെ രക്ഷാദൗത്യത്തിനിടെ യുഎസിന്റെ സി-130 വിമാനം ഇസഫാനില്‍ വെടിവച്ചിട്ടതായി ഇറാന്‍. 'ഫരാജ് റേഞ്ചേഴ്സ്' എന്ന പൊലീസ് കമാന്‍ഡോ യൂണിറ്റാണ് വിമാനം തകര്‍ത്തതെന്നു ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാദൗത്യത്തിനിടെ 5 പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം, യുഎഇയിലും ബഹ്‌റൈനിലും കുവൈത്തിലും ഇറാന്‍ ആക്രമണം നടത്തി. യുഎഇയില്‍ അബുദാബിയിലെ ബൊറൂജ് പെട്രോകെമിക്കല്‍ ഫാക്ടറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായി. ഡ്രോണുകള്‍ തകര്‍ത്തതിന് പിന്നാലെ അവശിഷ്ടങ്ങള്‍ വീണാണ് തീപിടിച്ചത്. ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആളപായമില്ലെന്ന് യുഎഇ അധികൃതര്‍ പറഞ്ഞു. കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ വ്യാപക ഡ്രോണ്‍ ആക്രമണം ഉണ്ടായി.

കുവൈത്തില്‍ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കും വൈദ്യുതി-ജലവിതരണ ശൃംഖലകള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ രാജ്യത്തെ ഊര്‍ജ വിതരണ സംവിധാനം ഭാഗികമായി തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ബഹ്റൈനിലെ സിത്ര മേഖലയില്‍ ആക്രമണത്തെത്തുടര്‍ന്ന് കെട്ടിടത്തിന് തീപിടിച്ചെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.