വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ, ഇറാന്റെ കൈവശമുള്ള വന്‍തോതിലുള്ള യുറേനിയം ശേഖരം സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ പക്കലുള്ള 400 കിലോഗ്രാം യുറേനിയം വേര്‍തിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക കരയുദ്ധമാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഗണനയിലുള്ളത്.

വാള്‍സ്ട്രീറ്റ് ജേണലാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ നിര്‍ണ്ണായക വിവരം പുറത്തുവിട്ടത്. ഇറാന്റെ ആണവപദ്ധതികള്‍ എന്നെന്നേക്കുമായി മരവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. എന്നാല്‍, ഇറാന്റെ മണ്ണിലിറങ്ങിയുള്ള ഇത്തരം ഒരു ദൗത്യം അമേരിക്കന്‍ സൈനികര്‍ക്ക് വലിയ അപകടമുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം യുറേനിയത്തിന്റെ പേര് പറഞ്ഞുള്ള പടപ്പുറപ്പാട് ഒരു കാരണം പറച്ചില്‍ മാത്രമാണെന്നാണ് ആക്ഷേപം.

ഇറാന്റെ പക്കലുള്ള 60 ശതമാനം ശുദ്ധീകരിച്ച 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇത് ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിക്കുമോ എന്ന ഭയമാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നത്. ഇസ്ഫഹാനിലെയും നടാന്‍സിലെയും ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരം പുറത്തെത്തിക്കാന്‍ യു.എസ് പ്രത്യേക സേനയെ ഇറാനിലേക്ക് അയച്ചേക്കും. ചര്‍ച്ചകളിലൂടെ യുറേനിയം കൈമാറാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ മാത്രം ഈ സൈനിക നീക്കം മതിയെന്നാണ് പ്രാഥമിക ധാരണ.

ഇറാനിലെ ശത്രുതാപരമായ സാഹചര്യത്തില്‍ സൈനികര്‍ക്ക് ദിവസങ്ങളോളം തങ്ങേണ്ടി വരുന്നത് വലിയ തിരിച്ചടിക്ക് കാരണമായേക്കാം. മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ അതിജീവിച്ച് വേണം ദൗത്യം പൂര്‍ത്തിയാക്കാന്‍. അതേസമയം, യുറേനിയം കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ പുരോഗമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കുന്നതിനെക്കുറിച്ചും ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു.

മേഖലയില്‍ 57,000-ത്തിലധികം യു. എസ് സൈനികര്‍

അതേസമയം പശ്ചിമേഷ്യയില്‍ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകാണ്. ഇത് കരയുദ്ധത്തിനുള്ള നീക്കമെന്നാണ് വിലയിരുത്തുന്നത്. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ നടക്കുന്നത്. നിലവില്‍ 57,000-ത്തിലധികം യുഎസ് സൈനികര്‍ ഇറാന്‍ അതിര്‍ത്തിക്ക് സമീപം വിവിധ താവളങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ അറിയിപ്പ് പ്രകാരം, 3,500-ലധികം സൈനികരും നാവികരുമായി യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക ആംഫിബിയസ് റെഡി ഗ്രൂപ്പ് (അഞഏ) മേഖലയില്‍ എത്തിച്ചേര്‍ന്നു. ഇതിനുപുറമെ, 82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ആയിരക്കണക്കിന് പാരട്രൂപ്പര്‍മാരോടും മേഖലയിലേക്ക് നീങ്ങാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇറാന്റെ തന്ത്രപ്രധാനമായ ഖാര്‍ഗ് ഐലന്‍ഡ് ലക്ഷ്യമിട്ടുള്ള ഒരു കരയുദ്ധത്തിനുള്ള തയ്യാറെടുപ്പായി ഇതിനെ സൈനിക വിദഗ്ധര്‍ വിലയിരുത്തുന്നു.

നിലവില്‍ ഖത്തര്‍ (11,000 സൈനികര്‍), കുവൈത്ത് (14,000 സൈനികര്‍), ബഹ്‌റൈന്‍ (7,000 സൈനികര്‍) എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ പൂര്‍ണ്ണ സജ്ജമാണ്. യുഎസിന്റെ അഭിമാന വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയതിനെത്തുടര്‍ന്ന്, പകരം യുഎസ്എസ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷ് സ്‌ട്രൈക്ക് ഗ്രൂപ്പിനെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. എഫ്-35ബി സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍ വഹിക്കാന്‍ ശേഷിയുള്ള യുഎസ്എസ് ബോക്സര്‍ എന്ന കപ്പലും കാലിഫോര്‍ണിയയില്‍ നിന്ന് പുറപ്പെട്ടുകഴിഞ്ഞു. സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍, പശ്ചിമേഷ്യ വീണ്ടും ഒരു വലിയ യുദ്ധത്തിന്റെ നിഴലിലാണെന്ന് ഈ സൈനിക നീക്കങ്ങള്‍ വ്യക്തമാക്കുന്നു.

ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കുക ലക്ഷ്യം

ഇറാന്റെ എണ്ണ സംഭരണശാലകള്‍ സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ കടുത്ത നിയന്ത്രണം അവസാനിപ്പിച്ച് ഗതാഗതം പുനഃസ്ഥാപിക്കുക. കൂടാതെ, ഇറാനില്‍ ഒരു ഭരണകൂട മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യവും യുഎസും ഇസ്രയേലും മുന്നോാട്ടു വെക്കുന്നുണ്ട്. ഇത്രയധികം സൈനിക വിന്യാസം നടക്കുമ്പോഴും ഭാവിയേപ്പറ്റി ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും നേരിട്ടതുപോലെയുള്ള ഒരു 'തീരായുദ്ധത്തിലേക്ക്' ഈ നീക്കം അമേരിക്കയെ നയിക്കുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. കരയുദ്ധമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആധുനിക ഡ്രോണുകളും പേര്‍ഷ്യന്‍ ഗള്‍ഫിലെ മൈനുകളും ഉപയോഗിച്ച് ഇറാന്‍ പ്രത്യാക്രമണം നടത്തിയാല്‍ യുഎസ് സേനയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൈനിക വിദഗ്ധര്‍ വിലയിരുത്തുന്നത്.