- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്; ഞാനിത് ചെയ്യുന്നത് ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാന്‍; ധാരണയിലെത്തിയില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; കൂടിക്കാഴ്ച മോശമെങ്കില്‍ വളരെ വേഗം അവസാനിപ്പിക്കും'; പുട്ടിനുമായി ചര്‍ച്ച തുടങ്ങും മുന്‍പേ നയം വ്യക്തമാക്കി ട്രംപ്; ലോകശ്രദ്ധ അലാസ്‌കയിലേക്ക്
ലോകശ്രദ്ധ അലാസ്‌കയിലേക്ക്
വാഷിങ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ച അലാസ്‌കയില്‍ നടക്കാനിരിക്കെ നയം വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൂടിക്കാഴ്ച മോശമാണെങ്കില്‍ വളരെ വേഗം അവസാനിപ്പിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ കൂടിക്കാഴ്ച നന്നായി മുന്നോട്ടുപോയാല്‍ സമീപഭാവിയില്‍ തന്നെ സമാധാനമുണ്ടാകുമെന്നും അലാസ്‌കയില്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറപ്പെടുന്നതിനു മുന്‍പ് ട്രംപ് പറഞ്ഞു. പുട്ടിനുമായുള്ള ചര്‍ച്ച 'വളരെ നിര്‍ണായകം' എന്ന് ട്രംപ് സമൂഹമായ ട്രൂത്ത് സോഷ്യലില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.
യുക്രൈന് വേണ്ടി വിലപേശാനല്ല പുട്ടിനുമായി താന്‍ ചര്‍ച്ചയ്ക്ക് പോകുന്നതെന്ന് ട്രംപ് പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി അലാസ്‌കയിലേക്ക് പോകുന്നതിന് വിമാനത്തില്‍ കയറിപ്പോഴാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്. 'യുക്രൈന് വേണ്ടി വിലപേശാനല്ല പോകുന്നത്, ഇവിടെ രണ്ട് പക്ഷങ്ങളുണ്ട്. അവരെ ചര്‍ച്ചാ മേശയിലെത്തിക്കാനാണ് ഞാന്‍ വരുന്നത്' ട്രംപ് പറഞ്ഞു.
താന്‍ യുഎസ് പ്രസിഡന്റല്ലായിരുന്നെങ്കില്‍ പുതിന്‍ യുക്രൈന്‍ മുഴുവന്‍ പിടിച്ചടക്കുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'നോക്കൂ, പുതിന്‍ യുക്രൈന്‍ മുഴുവനായി പിടിച്ചടക്കാന്‍ ആഗ്രഹിച്ചു, ഞാന്‍ പ്രസിഡന്റ് അല്ലായിരുന്നെങ്കില്‍, അദ്ദേഹം ഇപ്പോള്‍ യുക്രൈന്‍ മുഴുവനായി പിടിച്ചടക്കുമായിരുന്നു, എന്നാല്‍ അദ്ദേഹം അത് ചെയ്യില്ല' ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ പുതിന് വളരെ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് താങ്കള്‍ മുമ്പ് പറഞ്ഞിരുന്നുവെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ട്രംപിനെ ഓര്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു,'അതെ. അത് വളരെ കഠിനമായിരിക്കും,സാമ്പത്തികമായി കഠിനമായിരിക്കും'.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും പുട്ടിനുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വന്തം കാര്യത്തിനു വേണ്ടിയല്ലെന്നും ട്രംപ് പറഞ്ഞു. 'എനിക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്. എനിക്കതിന്റെ ആവശ്യവുമില്ല. എന്റെ രാജ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാനാണ് എനിക്ക് താല്‍പര്യം. പക്ഷേ ഞാനിത് ചെയ്യുന്നത് ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാനാണ്. ധാരണയിലെത്തിയില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'ട്രംപ് പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാട്ക്ലിഫ് എന്നിവരുള്‍പ്പെടുന്നതാണ് ട്രംപിന്റെ സംഘം. അലാസ്‌കയിലെ ആങ്കറേജ് പട്ടണത്തിലുള്ള യുഎസിന്റെ ജോയിന്റ് എല്‍മെന്‍ഡോര്‍ഫ് റിച്ചാര്‍ഡ്‌സണ്‍ ബേസിലാണ് ട്രംപും വ്‌ലാഡിമിര്‍ പുട്ടിനും കൂടിക്കാഴ്ച നടത്തുക.
അലാസ്‌കന്‍ നഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്‌സണ്‍ (ജെബിഇആര്‍) സേനാതാവളമാണ് ചരിത്രപരമായ ട്രംപ്-പുതിന്‍ ഉച്ചകോടിയുടെ വേദി. റഷ്യയില്‍നിന്ന് 1867-ല്‍ യുഎസ് വാങ്ങിയപ്രദേശമാണ് അലാസ്‌ക. യുഎസിന്റെ ആര്‍ട്ടിക് കേന്ദ്രീകരിച്ചുള്ള ദൗത്യങ്ങള്‍ നടത്തുന്നത് ഈ താവളം കേന്ദ്രീകരിച്ചാണ്.
റഷ്യന്‍സംഘത്തെ സേനാ താവളത്തില്‍ സ്വീകരിക്കുന്നതിനെ തുടക്കത്തില്‍ യുഎസ് എതിര്‍ത്തിരുന്നെങ്കിലും അതിസുരക്ഷാ മാനദണ്ഡങ്ങളെല്ലാം ജെബിഇആറില്‍ പാലിക്കപ്പെടുമെന്നുള്ളതിനാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു. നേരത്തേ ജുനാവു, ഫെയര്‍ബാങ്ക്സ്, ആങ്കറേഡ് നഗരങ്ങളാണ് വേദിക്കായി പരിഗണിച്ചിരുന്നത്. ചില അലാസ്‌കക്കാര്‍ തങ്ങളുടെ സ്വകാര്യ വസതികള്‍പോലും കൂടിക്കാഴ്ചയ്ക്ക് വിട്ടുനല്‍കാന്‍ സന്നദ്ധരായിരുന്നു. യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ പുതിന്‍ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാല്‍ മൂന്നാമതൊരു രാജ്യം ചര്‍ച്ചയ്ക്ക് വേദിയാക്കുകയും അത്ര എളുപ്പമായിരുന്നില്ല.
മൂന്നര വര്‍ഷമായി തുടരുന്ന റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഇന്നത്തെ കൂടിക്കാഴ്ച നിര്‍ണായകമാണ്. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാകും കൂടിക്കാഴ്ച നടക്കുക. യുക്രെയ്‌നുമായുള്ള യുദ്ധമാരംഭിച്ചതിനു ശേഷം ആദ്യമായാണ് പുട്ടിന്‍ പടിഞ്ഞാറന്‍ മേഖല സന്ദര്‍ശിക്കുന്നത്. കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ആങ്കറേജിലെ സൈനിക താവളത്തില്‍ ഒരുക്കിയിട്ടുള്ളത്.