- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നല്ല പോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും; ഇസ്രായേലിനോട് പറഞ്ഞാല്‍ രണ്ട് മിനിറ്റിനുളളില്‍ അവര്‍ ആക്രമണം നടത്തും; എന്നാല്‍, ഇപ്പോള്‍ അത് ചെയ്യുന്നില്ല; അവര്‍ക്ക് ചെറിയൊരവസരം നല്‍കുകയാണ്'; ഹമാസിന് വീണ്ടും മുന്നറിയിപ്പു നല്‍കി ഡൊണാള്‍ഡ് ട്രംപ്
നല്ല പോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും
വാഷിങ്ടണ്‍: ഹമാസിനെതിരെ വീണ്ടും മുന്നറിയിപ്പു നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നു എന്ന ആരോപണത്തിനിടെയാണ് ഹമാസിനെതിരെ ട്രംപിന്റെ മുന്നറിയിപ്പ്. നല്ല പോലെ പെരുമാറു, അല്ലെങ്കില്‍ തുടച്ചുനീക്കുമെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ഞങ്ങള്‍ ഹമാസുമായി കരാറില്‍ ഏര്‍പ്പെട്ടു. ഹമാസ് ആക്രമണങ്ങളില്‍ തുടര്‍ന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകും. അവര്‍ മുന്നോട്ട് പോയാല്‍ ശക്തമായ തിരിച്ചടി ഉള്ളിലേക്ക് കടന്നുചെന്ന് നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇസ്രായേലിനോട് പറഞ്ഞാല്‍ രണ്ട് മിനിറ്റിനുളളില്‍ അവര്‍ ആക്രമണം നടത്തും. എന്നാല്‍, ഇപ്പോള്‍ അത് ചെയ്യുന്നില്ല. അവര്‍ക്ക് ചെറിയൊരവസരം നല്‍കുകയാണെന്ന് യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ചിരുന്നു. ഗാസയില്‍ ഉടനീളം നടത്തിയ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 57 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 158 പേര്‍ക്ക് പരിക്കേറ്റു. ഒരാഴ്ചക്കിടെ 80 തവണ നടന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളിലായി ഇതിനകം 100ഓളം പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ സര്‍ക്കാര്‍ ഓഫിസ് അറിയിച്ചു.
സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്ന വിശ്വാസത്തില്‍ നാടൊഴിഞ്ഞുപോയ ഫലസ്തീനികള്‍ വീടുകളിലേക്ക് തിരികെയെത്തുന്നതിനിടെയാണ് വീടുകളും അഭയാര്‍ഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം. ഇതോടെ, അമേരിക്ക, ഖത്തര്‍, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ യാഥാര്‍ഥ്യമായ ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക ശക്തമാണ്.
യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഗസ്സയിലെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. റഫ അതിര്‍ത്തിയോട് ചേര്‍ന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചുവെന്നാണ് ഇസ്രായേല്‍ വാദം. എന്നാല്‍, ഇത്തരമൊരു ഏറ്റുമുട്ടലുണ്ടായില്ലെന്നും സംഘര്‍ഷം നടന്നുവെന്ന് പറയപ്പെടുന്ന മേഖല ഇസ്രായേല്‍ സൈനിക നിയന്ത്രണത്തിലാണെന്നും ഖസ്സം ബ്രിഗേഡ് പ്രസ്താവനയില്‍ അറിയിച്ചു.
തുടര്‍ച്ചയായ ലംഘനങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം ഈജിപ്ത്, ഖത്തര്‍ പ്രതിനിധികളെ കാണും. ഹമാസിനുശേഷം ഗസ്സയുടെ ഭരണം ആരെയേല്‍പിക്കുമെന്നതാകും പ്രധാന വിഷയം. ട്രംപും ടോണി ബ്ലെയറും നയിക്കുന്ന വിദേശ സംഘത്തിന് കൈമാറാന്‍ അനുവദിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മരുമകന്‍ ജാരെദ് കുഷ്‌നറും ഇസ്രായേലിലെത്തിയിട്ടുണ്ട്. ഇരുവരും പങ്കാളികളായ ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് നെതന്യാഹു സര്‍ക്കാറിലെ പ്രമുഖരുമായി ഇരുവരും ചര്‍ച്ചകള്‍ നടത്തും. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ന് ഇസ്രായേലിലെത്തുന്നുണ്ട്.
അതിനിടെ, റഫ അതിര്‍ത്തി തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അതിര്‍ത്തി തുറക്കില്ലെന്നതാണ് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഞായറാഴ്ച വ്യക്തമാക്കിയത്. പകരം, മറ്റു രണ്ട് അതിര്‍ത്തികള്‍ വഴി ട്രക്കുകള്‍ കടത്തിവിടുന്നുണ്ടെങ്കിലും കൊടിയ പട്ടിണി തുടരുകയാണ്. ഗസ്സയിലുടനീളം അപകടകരമാംവിധം കെട്ടിടാവശിഷ്ടങ്ങള്‍ കുമിഞ്ഞുകിടക്കുന്നത് ഒഴിവാക്കാന്‍ സംവിധാനം വേണമെന്നും ഫലസ്തീനികള്‍ ആവശ്യപ്പെടുന്നു.
വെസ്റ്റ് ബാങ്കിലെ നാബുല്‍സില്‍ 70,000 ചതുരശ്ര മീറ്ററിലേറെ സ്ഥലം ഇസ്രായേല്‍ പിടിച്ചെടുത്തു. പുതുതായി പുറത്തിറക്കിയ സൈനിക പിടിച്ചടക്കല്‍ ഉത്തരവ് വഴിയാണ് ഫലസ്തീനികളെ പുറത്താക്കിയുള്ള നടപടി. ഈ വര്‍ഷം 53 ഉത്തരവുകളിലായി വെസ്റ്റ് ബാങ്കില്‍ നിരവധി പ്രദേശങ്ങളാണ് ഇസ്രായേല്‍ അധിനിവേശം നടത്തിയത്.