- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ പറയുന്നതുപോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും; അതല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും യുഎസിന്റെ സമയവും ഊര്‍ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത്; അതിനൊപ്പം ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തണം': യുക്രെയിന് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ പൊടിക്കൈ
യുക്രെയിന് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ പുതിയ ഫോര്‍മുല
വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. നാറ്റോ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും, ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം 'മാരകവും പരിഹാസ്യവുമാണെന്ന്' ട്രംപ് വിശേഷിപ്പിച്ചു.
'കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 7,118 പേര്‍ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനും ആയിരക്കണക്കിന് റഷ്യന്‍, യുക്രെയ്ന്‍ പൗരന്മാരുടെ ജീവന്‍ രക്ഷിക്കാനുമാണ് ഞാന്‍ ഇവിടെയുള്ളത്. ഞാന്‍ പറയുന്നതുപോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും. ഇല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും യുഎസിന്റെ സമയവും ഊര്‍ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്,' ട്രംപ് പറഞ്ഞു.
യൂറോപ്യന്‍ പങ്കാളികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി നടപടികളില്‍ പങ്കുചേര്‍ന്നാല്‍ മാത്രം റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചില രാജ്യങ്ങള്‍ ഇപ്പോഴും റഷ്യന്‍ എണ്ണ വാങ്ങുന്നത് ഞെട്ടലുളവാക്കുന്നതായും, റഷ്യക്ക് മേല്‍ ചൈനയ്ക്ക് ശക്തമായ നിയന്ത്രണമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇത് കണക്കിലെടുത്താണ് ചൈനയ്ക്ക് മേല്‍ ശിക്ഷാര്‍ഹമായ തീരുവകള്‍ ഏര്‍പ്പെടുത്തേണ്ടതെന്നും, സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ ഈ തീരുവ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച നാറ്റോ അംഗ രാജ്യങ്ങള്‍ക്ക് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. 'നാറ്റോ കൂട്ടായി ചൈനയ്ക്ക് 50% മുതല്‍ 100% വരെ താരിഫ് ഏര്‍പ്പെടുത്തുന്നത് ഈ ദുരന്തപൂര്‍ണ്ണവുംഅസംബന്ധവുമായ യുദ്ധം അവസാനിപ്പിക്കാന്‍ വലിയ സഹായം ചെയ്യും. റഷ്യയ്ക്ക് മേല്‍ ചൈനയ്ക്ക് ശക്തമായ സ്വാധീനമുണ്ട്, ഈ ശക്തമായ താരിഫുകള്‍ ആ ബന്ധം ദുര്‍ബലമാക്കും,' ട്രംപ് പറഞ്ഞു.
അതേസമയം, റഷ്യയുമായുള്ള ഊര്‍ജ്ജ വ്യാപാരത്തെക്കുറിച്ചുള്ള അമേരിക്കന്‍ ഭീഷണികള്‍ക്കിടെ ചൈന ചെറുത്തുനില്‍പ്പ് ശക്തമാക്കി. 'ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും, റഷ്യ ഉള്‍പ്പെടെ, സാധാരണ സാമ്പത്തിക, വ്യാപാര, ഊര്‍ജ്ജ സഹകരണം നടത്തുന്നത് നിയമപരവും ന്യായയുക്തവുമാണ്. ഞങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ന്യായമായ ഊര്‍ജ്ജ സുരക്ഷാ നടപടികള്‍ ഞങ്ങള്‍ തുടര്‍ന്നും സ്വീകരിക്കും,' ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.