റഷ്യന്‍ അന്തര്‍വാഹിനിയും വ്യോമ പ്രതിരോധ സംവിധാനവും തകര്‍ത്ത് യുക്രെയ്ന്; 'എഫ് 16 വിമാനങ്ങള്‍ കിട്ടി, ഉപയോഗിച്ചു തുടങ്ങി'യെന്ന് സെലന്‍സ്കി
- Share
- Tweet
- Telegram
- LinkedIniiiii
കീവ്: റഷ്യ-യുക്രൈന് യുദ്ധം പുതിയ തലത്തിലേക്കോ? റഷ്യക്കെതിരെ യുക്രൈന് ആക്രമണം കടുപ്പിക്കുകയാണ്. ഇതിനിടെ അവര്‍ക്ക് അമേരിക്കയുടെ എഫ് 16 വിമാനങ്ങളും ലഭിച്ചിട്ടുണ്ട്. ഇതോടെ റഷ്യയെ ലാക്കാക്കി ആക്രമണം കടുപ്പിക്കുകയാണ് യുക്രൈന്. രണ്ട് ദിവസം മുമ്പ് റഷ്യന്‍ അന്തര്‍വാഹിനിയും വ്യോമ പ്രതിരോധ സംവിധാനവും യുക്രൈന് തകര്‍ത്തിരുന്നു.
സവസ്റ്റോപോള് തുറമുഖ നഗരത്തിനടുത്ത് നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് 2014ല്‍ റഷ്യ നിര്‍മിച്ച റോസ്തോവ്-ഓണ്‍-ഡോണ്‍ അന്തര്‍വാഹിനി തകര്‍ന്നത്. കരിങ്കടലില്‍ റഷ്യന്‍ സേന വിന്യസിച്ച നാല് അന്തര്‍വാഹിനികളിലൊന്നാണിത്. കലിബര്‍ ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാണിത്.
അതേസമയം, അന്തര്‍വാഹിനി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. റോസ്തോവ്-ഓണ്‍-ഡോണ്‍ അന്തര്‍വാഹിനിക്ക് മിസൈല്‍ ആക്രമണത്തില്‍ ഗുരുതര കേടുപാടുകള്‍ സംഭവിച്ചതായി കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിട്ടനിലെ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിച്ചിരുന്നു. അതിനിടെ, സെവസ്റ്റോപോളിലെ റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായും യുക്രെയ്ന് അവകാശപ്പെട്ടു.
റഷ്യന്‍ സേനയുടെ പ്രധാന ഗതാഗത സൗകര്യമായിരുന്ന കെര്‍ച്ച് സ്ട്രെയിറ്റ് പാലം സംരക്ഷിക്കുന്നതിന് സ്ഥാപിച്ച വ്യോമ പ്രതിരോധ സംവിധാനമായ നാല് ലോഞ്ചറുകളാണ് തകര്‍ത്തതെന്ന് യുക്രെയ്ന് സേനയുടെ ജനറല്‍ സ്റ്റാഫ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം യുക്രെയ്ന് യുഎസ് കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. എഫ് 16 വിമാനങ്ങള്‍ യുക്രെയ്ന് ഉപയോഗിച്ചു തുടങ്ങിയതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. റഷ്യയുമായി യുദ്ധം ആരംഭിച്ച് 29 മാസങ്ങള്‍ പിന്നിടുമ്പോഴാണ് അത്യാധുനിക വിമാനം യുഎസ് കൈമാറുന്നത്.
എഫ് 16 വിമാനം ഏറെനാളായുള്ള യുക്രെയ്ന്റെ ആവശ്യമായിരുന്നു. "എഫ് 16 വിമാനങ്ങള്‍ യുക്രെയ്നിലെത്തി. ഞങ്ങള്‍ രാജ്യത്തിനുവേണ്ടി അത് ഉപയോഗിച്ചു തുടങ്ങി"വൊളോഡിമിര്‍ സെലന്‍സ്കി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. വിമാനം ലഭിക്കാന്‍ സഹായിച്ച സഖ്യകക്ഷികളോട് സെലന്‍സ്കി നന്ദി അറിയിച്ചു. എത്ര വിമാനങ്ങളാണ് യുക്രെയ്ന് ലഭിച്ചതെന്ന് വ്യക്തമല്ല.
റഷ്യയെ നേരിടാന്‍ ശക്തമായ ആയുധങ്ങള്‍ നല്‍കണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് െസലന്‍സ്കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ എഫ് 16 വിമാനങ്ങള്‍ ലഭിക്കുമെന്നാണ് യുക്രെയ്ന്റെ പ്രതീക്ഷ. പൈലറ്റുമാരുടെ പരിശീലനം ആരംഭിച്ചു. സോവിയറ്റ് യൂണിയന് കാലത്തെ പഴകിയ വിമാനങ്ങളാണ് യുക്രെയ്ന് ഉണ്ടായിരുന്നത്.