വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ യുക്രൈന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയാല്‍ മാത്രമേ യുഎസ്-റഷ്യ ഉച്ചകോടി സാധ്യമാകൂ എന്ന ആശയം തള്ളിക്കളഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പരിഹാരം തേടി ട്രംപ് പുട്ടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. അതേസമയം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ അവഗണിക്കുന്നത് തുടര്‍ന്നാല്‍ റഷ്യയുടെ മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നിരന്തരം ഭീഷണി മുഴക്കുന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ട്രംപും പുട്ടിനും ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തുമെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളും നല്‍കുന്ന സൂചന. കൂടിക്കാഴ്ച യു.എ.ഇയില്‍ നടത്താനാണ് താല്‍പ്പര്യം എന്നാണ് പുട്ടിന്‍ വ്യക്തമാക്കിയിരിക്കുന്നത്. സെലെന്‍സ്‌കിയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യതയും പുട്ടിന്‍ തള്ളിക്കളഞ്ഞില്ല. എന്നാല്‍ അത് എന്തായിരിക്കുമെന്ന് വ്യക്തമാക്കാതെ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നാണ്

അദ്ദേഹം വ്യക്തമാക്കുന്നത്.

നേരത്തെ, നിരവധി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍, ട്രംപുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകണമെങ്കില്‍ പുട്ടിന്‍ സെലന്‍സ്‌കിയെ കാണാന്‍ സമ്മതിക്കേണ്ടി വരുമെന്നാണ്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ യുഎസ്-റഷ്യ കൂടിക്കാഴ്ച നടക്കണമെങ്കില്‍ പുടിനും സെലെന്‍സ്‌കിയും കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യക്ക്് അമേരിക്ക നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. സമയപരിധി കഴിഞ്ഞാല്‍, റഷ്യയുടെ പ്രധാന സഖ്യകക്ഷികളായ ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ട് അമേരിക്ക ഇരട്ട നികുതി ചുമത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ സമയപരിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ട്രംപ് പറഞ്ഞത് അത് പുട്ടിന്റെ തീരുമാനമായിരിക്കും എന്നാണ്. അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്ന് നമ്മള്‍ കാണാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സെലന്‍സ്‌ക്കി ആകട്ടെ റഷ്യയുമായുള്ള വെടിനിര്‍ത്തലിന് ഇപ്പോഴും മുന്‍ഗണന നല്‍കുന്നതായി സാമൂഹ്യ മാധ്യമമായ എക്സിലൂടെ അറിയിച്ചു. യുക്രൈന്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്നും റഷ്യയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഒരു പരസ്യ പ്രതികരണം ഇനിയും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.