- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെനസ്വേലയില്‍ നിന്ന് എണ്ണ കടത്തുന്നു എന്നാരോപിച്ചു യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍; ആകെ 28 ജീവനക്കാര്‍; അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും സമുദ്ര ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കരുതെന്നും യുഎസിന് മുന്നറിയിപ്പുമായി റഷ്യയും; വെനസ്വേല എണ്ണ യുഎസിനല്ലാതെ മറ്റാര്‍ക്കും വില്‍ക്കരുതെന്ന് ട്രംപിന്റെ ശാസന
വെനസ്വേലയില്‍ നിന്ന് എണ്ണ കടത്തുന്നു എന്നാരോപിച്ചു യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍
മോസ്‌കോ: വെനസ്വേലയിലെ എണ്ണയില്‍ കണ്ണുവെച്ചാണ് അമേരിക്ക അവിടെ അധിനിവേശം നടത്തിയത്. അതിന് പിന്നാലെ വെനസ്വേലയ്ക്ക് മറ്റ് രാജ്യങ്ങളുമായുള്ള എണ്ണവ്യാപാരത്തിന് തടയിടാന്‍ ട്രംപിന്റെ ശ്രമം. വെനസ്വേലയില്‍നിന്ന് എണ്ണ കടത്തുകയാണെന്നാരോപിച്ച് യുഎസ് സൈന്യം കപ്പലുകള്‍ പിടികൂടി തുടങ്ങി. ഇതോടെ സമുദ്രതലത്തിലും സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന അവസ്ഥയാണ്. എണ്ണക്കടത്ത് ആരോപിച്ചു അമേരിക്ക പിടികൂടിയ റഷ്യന്‍ കപ്പലിലെ 28 ജീവനക്കാരില്‍ മൂന്നുപേര്‍ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ജീവനക്കാരില്‍ 17 യുക്രൈന്‍ പൗരരും ആറ് ജോര്‍ജിയക്കാരും രണ്ട് റഷ്യന്‍ പൗരരുമുണ്ടെന്ന് റഷ്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു. ബുധനാഴ്ചയാണ് ഉപരോധം ലംഘിച്ചെന്നാരോപിച്ച് വടക്കന്‍ അറ്റ്ലാന്റിക്കിലൂടെ പോവുകയായിരുന്ന 'മാരിനേര' എന്ന റഷ്യന്‍ കപ്പല്‍ യുഎസ് തീരരക്ഷാസേന പിടിച്ചെടുത്തത്. ആഴ്ചകളോളം കപ്പലിനെ പിന്തുടര്‍ന്ന ശേഷമായിരുന്നു നടപടി. പിന്നാലെ, കരീബിയന്‍ കടലിലും വെനസ്വേലന്‍ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പല്‍ പിടിച്ചെടുത്തു.
യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ കപ്പലിനു മുകളില്‍ വട്ടമിടുന്നതിന്റെ ദൃശ്യം റഷ്യന്‍ ടിവി പുറത്തുവിട്ടിരുന്നു. ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ബെല്ല 1 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കപ്പല്‍ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പല്‍ കാലിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ കരീബിയന്‍ കടലില്‍ വെനസ്വേലയുടെ മറ്റൊരു എണ്ണക്കപ്പലും ബുധനാഴ്ച യുഎസ് സേന പിടിച്ചു.
യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയ വെനസ്വേല കപ്പലിനുവേണ്ടി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ യുഎസ് സൈന്യം യൂറോപ്യന്‍ കമാന്‍ഡ് രണ്ടാഴ്ചയിലേറെയായി തുടരുന്ന തിരച്ചിലിനൊടുവിലാണു നടപടി. ഐസ്ലാന്‍ഡിന്റെ തീരത്തുനിന്നു 222 കിലോമീറ്റര്‍ അകലെയാണിത്.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും സമുദ്രഗതാഗതത്തിനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കരുതെന്നും യുഎസ് നടപടിയോട് റഷ്യ പ്രതികരിച്ചു. യുഎസ് നടപടി രാഷ്ട്രീയ-സൈനിക സംഘര്‍ഷം സൃഷ്ടിക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പുനല്‍കി. വെനസ്വേലയില്‍നിന്നുള്ള എണ്ണയുമായി യുഎസ് എണ്ണക്കമ്പനിയായ ഷെവ്റോണിന്റെ മൂന്ന് കപ്പലുകള്‍ പുറപ്പെട്ടു. കമ്പനി 11 ടാങ്കറുകളാണ് യുഎസിലേക്ക് ചാര്‍ട്ടുചെയ്തിരിക്കുന്നത്. എണ്ണ യുഎസിനല്ലാതെ മറ്റാര്‍ക്കും വില്‍ക്കരുതെന്നാണ് വെനസ്വേലയോടുള്ള യുഎസ് ശാസന.
നേരത്തെ ഉപരോധം മൂലം കെട്ടിക്കിടക്കുന്ന 35 കോടി ബാരല്‍ എണ്ണ വെനസ്വേലയിലെ ഇടക്കാല സര്‍ക്കാര്‍ യുഎസിനു കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 'കപ്പലില്‍ എണ്ണ യുഎസിന്റെ തുറമുഖത്തെത്തും. വിപണിവിലയ്ക്കു വില്‍ക്കും. പണം ഞാന്‍ നേരിട്ടു നിയന്ത്രിക്കും. ഇത് യുഎസിലെയും വെനസ്വേലയിലെയും ജനങ്ങള്‍ക്കു വേണ്ടിയാവും ചെലവഴിക്കുക' ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചു. വെനസ്വേല സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
പ്രമുഖ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. എക്‌സോണ്‍, ഷെവ്‌റന്‍, കോണോകോഫിലിപ്‌സ് തുടങ്ങിയ യുഎസ് ഭീമന്മാരുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു സൂചന. അതിനിടെ, ചൈനയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലുകള്‍ തിരിച്ചുവിടാന്‍ യുഎസ് വെനസ്വേലയോട് ആവശ്യപ്പെട്ട സംഭവത്തില്‍ ചൈന ശക്തമായി പ്രതിഷേധിച്ചു. യുഎസ് നടപടി രാജ്യാന്തര നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
വെനസ്വേലയുടെ എണ്ണ സള്‍ഫര്‍ അധികമായുള്ള എണ്ണയായതിനാല്‍ കട്ടി കൂടുതലാണ്. ഇതില്‍ നിന്നും ഡീസല്‍ ആണ് കൂടുതലായി ലഭിക്കുക. ഇത് വേര്‍തിരിച്ചെടുക്കാന്‍ അത്യപൂര്‍വ്വമായ റിഫൈനിംഗ് സംവിധാനം ആവശ്യമാണ്. അമേരിക്കയില്‍ ഇത്തരത്തിലുള്ള നിരവധി ശുദ്ധീകരണശാലകള്‍ ഉണ്ട്. പക്ഷെ ഇവയ്ക്ക് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ എത്രയോ മടങ്ങാണ് വെനസ്വേലയുടെ എണ്ണ സമ്പത്ത്. കുറഞ്ഞ കാലത്തിനുള്ളില്‍ ഈ വെനസ്വേലയുടെ എണ്ണയില്‍ നിന്നും ഡീസല്‍ വേര്‍തിരിച്ചെടുത്ത് വിവിധ ലോകരാഷ്ട്രങ്ങള്‍ക്ക് വിറ്റ് കാശാക്കുകയാണ് ഇപ്പോഴത്തെ ട്രംപിന്റെ അടിയന്തരലക്ഷ്യം.




