- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറര വര്‍ഷമായിട്ടും രാജി സ്വീകരിച്ചില്ല; പണിയുമില്ല ശമ്പളവുമില്ല; പാലക്കാട് മത്സരിക്കാന്‍ കഴിയാതെ കണ്ണന്‍ ഗോപിനാഥന്‍; ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള തന്റെ അവകാശം തടയുന്നെന്ന് രൂക്ഷ വിമര്‍ശനം; കേന്ദ്രത്തിന്റേത് അല്‍പ്പത്തരമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍
പാലക്കാട് മത്സരിക്കാന്‍ കഴിയാതെ കണ്ണന്‍ ഗോപിനാഥന്‍

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് ആറര വര്‍ഷം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ രാജി സ്വീകരിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള തന്റെ അവകാശം തടയുന്നത് പരിതാപകരവും അല്‍പത്തരവുമാണെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ആറര വര്‍ഷമായി തനിക്ക് ശമ്പളമോ വിടുതലോ ലഭിച്ചിട്ടില്ലെന്നും, ഇത് തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ തടസ്സമായെന്നും കണ്ണന്‍ ഗോപിനാഥന്‍ തന്റെ കുറിപ്പില്‍ പറയുന്നു. തന്റെ രാഷ്ട്രീയം എന്തുതന്നെയായാലും ഒരു പൗരനെന്ന നിലയില്‍ രാജി വെക്കാനും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുമുള്ള അവകാശം തടയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് കണ്ണനെ പരിഗണിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ രാജി അംഗീകരിക്കാത്തതിനാല്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ സാധിച്ചില്ല.
2019-ല്‍ കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതിന് പിന്നാലെ അഭിപ്രായ സ്വാതന്ത്ര്യ വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്ത് നല്‍കിയത്. അന്ന് ദാദ്ര-നാഗര്‍ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായിരുന്നു അദ്ദേഹം. ദാദ്ര -നാഗര്‍ ഹവേലി അഡ്മിനിസ്ട്രേറ്ററായിരുന്ന ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രഫുല്‍ ഘോഡാഭായ് പട്ടേലുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് അദ്ദേഹത്തിന്റെ രാജിക്ക് കാരണമായതെന്ന സൂചനകളുമുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്. തെറ്റുകള്‍ക്കെതിരെയായിരുന്നു തന്റെ പോരാട്ടമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി താന്‍ സംസാരിച്ചപ്പോള്‍ ബദലായി തോന്നിയത് കോണ്‍ഗ്രസ് ആണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാജി സ്വീകരിക്കാത്തതിലൂടെ, ഒരു പൗരന്റെ മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്ന വിമര്‍ശനമാണ് കണ്ണന്‍ ഗോപിനാഥന്‍ ഉയര്‍ത്തുന്നത്.


