ബെംഗളൂരു: വോട്ടര്‍ പട്ടിക ക്രമക്കേടില്‍, കോണ്‍ഗ്രസിനെ വെട്ടിലാക്കിയ കര്‍ണാടക മന്ത്രി കെ എന്‍ രാജണ്ണ രാജി വച്ചു. ദേശീയതലത്തില്‍, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍, വോട്ടുമോഷണം വലിയ പ്രശ്‌നമായി പാര്‍ട്ടി ഉന്നയിക്കുന്നതിനിടെ, കര്‍ണാടകയില്‍ ക്രമക്കേട് കണ്ടെത്തിയ വോട്ടര്‍ പട്ടിക തയ്യാറാക്കിയത് കോണ്‍ഗ്രസ് ഭരണകാലത്തെന്ന പ്രസ്താവനയാണ് രാജണ്ണയുടെ രാജിയില്‍ കലാശിച്ചത്. തന്റെ വിശ്വസ്തനായ രാജണ്ണയുടെ രാജി മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചുവാങ്ങുകയായിരുന്നു. വിധാന്‍ സൗധയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജണ്ണ രാജി സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കെയാണ് കര്‍ണാടകത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടായതെന്നാണ് രാജണ്ണ കഴിഞ്ഞാഴ്ച പറഞ്ഞത്. ' എപ്പോഴാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയത്? നമ്മുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് അതുതയ്യാറാക്കിയത്. ആ സമയത്ത് എല്ലാവരും കണ്ണടച്ച് നിശ്ശബ്ദരായി ഇരിക്കുകയായിരുന്നോ? അനൗദ്യോഗികമായി സംസാരിച്ചാല്‍ പലതും പറയേണ്ടി വരും' രാജണ്ണയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

' ഈ ക്രമക്കേടുകള്‍ സംഭവിച്ചുവെന്നത് സത്യമാണ്. അതില്‍ തെറ്റൊന്നുമില്ല. നമ്മുടെ കണ്മുന്നിലാണ് ഈ ക്രമക്കേടുകളെല്ലാം നടന്നത്. നമ്മള്‍ ലജ്ജിച്ച് തല താഴ്ത്തണം. ഭാവിയില്‍ നമ്മള്‍ ജാഗ്രത പാലിക്കണം'-കെ എന്‍ രാജണ്ണയുടെ വാക്കുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. കരട് വോട്ടര്‍ പട്ടികയും മറ്റും പുറത്തുവരുമ്പോള്‍, ക്യത്യ സമയത്ത് ഇടപടേണ്ടത് നേതാക്കളുടെ ഉത്തരവാദിത്വമാണെന്ന് രാജണ്ണ പറഞ്ഞത് ശരിയെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ നേതാക്കള്‍ തയ്യാറായില്ല. മഹാദേവപുരയില്‍ വോട്ടര്‍ ക്രമക്കേട് നടന്നതായും രാജണ്ണ സമ്മതിച്ചിരുന്നു.

രാജണ്ണയുടെ പ്രസ്താവന രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലായതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ഇതോടെ, രാജണ്ണയെ പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുകയായിരുന്നു.


അതേസമയം, രാജണ്ണയുടെ രാജി കോണ്‍ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷമായ ബി.ജെ.പി. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്നും സത്യം പറയുന്നവരെ രാജിവെക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവ് സി.ടി. രവി പരിഹസിച്ചു. രാജണ്ണയുടെയും നിയമകാര്യ മന്ത്രി എച്ച്.കെ. പാട്ടീലിന്റെയും വിശദീകരണം ആവശ്യപ്പെട്ട് ബി.ജെ.പി. സഭയില്‍ ബഹളം വെച്ചിരുന്നു.