ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് വോട്ട് ബാങ്ക് വൈറസ് പടര്‍ത്തുകയാണെന്ന് പറഞ്ഞ മോദി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരായിട്ടാണ് അവര്‍ കണക്കാക്കുന്നതെന്നും ആരോപിച്ചു. ഹരിയാണയിലെ ഹിസാറില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ബോര്‍ഡിന് കീഴില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി ഉണ്ടെന്നും എന്നാല്‍ ഈ ഭൂമികളും സ്വത്തുക്കളും പാവപ്പെട്ടവരെയും ആവശ്യക്കാരെയും സഹായിക്കാന്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെട്ടുത്തി.

'വഖഫിന്റെ പേരില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളുടെ ആനുകൂല്യങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നെങ്കില്‍, അത് അവര്‍ക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍, ഈ സ്വത്തുക്കളില്‍ നിന്ന് പ്രയോജനം കിട്ടിയത് ഭൂമാഫിയയ്ക്കാണ്' പ്രധാനമന്ത്രി പറഞ്ഞു.

ഭേദഗതികള്‍ വരുത്തി വഖഫ് നിയമത്തില്‍ പുതിയ മാറ്റമുണ്ടായതോടെ ഭൂമി കൊള്ളയും അവസാനിക്കും. ദരിദ്രരെ കൊള്ളയടിക്കുന്നതും അവസാനിക്കും. പുതിയ വഖഫ് നിയമപ്രകാരം, ഒരു ആദിവാസിയുടെയും ഭൂമിയോ സ്വത്തോ വഖഫ് ബോര്‍ഡിന് തൊടാന്‍ കഴിയില്ല. പാവപ്പെട്ട മുസ്ലിങ്ങള്‍ക്കും പസ്മാന്ദ മുസ്ലീങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കും. ഇതാണ് യഥാര്‍ത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതാണ് പുതിയ നിയമത്തോടുള്ള അവരുടെ എതിര്‍പ്പ് തെളിയിക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഒരു മുസ്ലീം പ്രസിഡന്റിനെ നാമനിര്‍ദ്ദേശം ചെയ്യാത്തതെന്നും അവര്‍ തെരഞ്ഞെടുപ്പില്‍ 50 ശതമാനം മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ അധികാരം നേടുന്നതിന് വേണ്ടി മാത്രം അവര്‍ ഭരണഘടനയെ ഉപയോഗിച്ചു. അടിയന്തരാവസ്ഥക്കാലത്ത്, അധികാരം നിലനിര്‍ത്താന്‍ ഭരണഘടനയുടെ ആത്മാവിനെ കൊലപ്പെടുത്തി. ഭരണഘടന ഒരു മതേതര സിവില്‍ കോഡിനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ കോണ്‍ഗ്രസ് ഒരിക്കലും അത് നടപ്പിലാക്കിയിട്ടില്ലെന്നും മോദി പറഞ്ഞു.

ബിആര്‍ അംബേദ്കറുടെ ജീവിതവും പ്രത്യയ ശാസ്ത്രവും എന്‍ഡിഎ സര്‍ക്കാരിനെ മുന്നോട്ടക്ക് നയിക്കാനുള്ള പ്രചോദനസ്തംഭമായി മാറിയെന്നും അംബേദ്കര്‍ ജയന്തി ദിനത്തില്‍ മോദി പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും നയങ്ങളും അംബേദ്കറിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദരിദ്രരെയു പിന്നാക്കക്കാരെയും ആദിവാസികളെയും സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഹരിയാന അതിവേഗം സുസ്ഥിരവികസനത്തിലേക്ക് കുതിക്കുകയാണ്. വികസനമെന്നമെന്ന മന്ത്രമാണ്് പിന്തുടരുന്നതെന്നും മോദി പറഞ്ഞു. ഹിസാര്‍ വിമാനത്താവളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാന സര്‍വീസും മറ്റ് വികസനപരിപാടികളും ഉദ്ഘാടന ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി.

ഇപ്പോള്‍ ശ്രീകൃഷ്ണന്റെ പുണ്യഭൂമിയായ ഹരിയാനയെ ശ്രീരാമന്റെ നഗരവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ്. മറ്റ് നഗരങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഹിസാര്‍ വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു. ഹരിയാനയുടെ അഭിലാഷങ്ങളെ പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാനുള്ള വിമാന സര്‍വീസിന്റെ തുടക്കമാണിതെന്നും മോദി പറഞ്ഞു.