ചെന്നൈ: സൂപ്പർതാരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ.) തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. യുവാക്കളെ ലക്ഷ്യംവെച്ചുള്ള ഒട്ടേറെ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ വേതനം, പലിശരഹിത വായ്പകൾ, തൊഴിലവസരങ്ങൾ എന്നിവയ്ക്കാണ് പ്രകടനപത്രിക ഊന്നൽ നൽകുന്നത്.

പാർട്ടിക്ക് അധികാരം ലഭിച്ചാൽ, 29 വയസ്സു കഴിഞ്ഞ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപയും ഡിപ്ലോമധാരികൾക്ക് 2000 രൂപയും സഹായധനം നൽകുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്.ഡി. തലം വരെയുള്ള പഠനത്തിന് 20 ലക്ഷം രൂപ വരെ ഈടില്ലാത്ത പലിശരഹിതവായ്പ ലഭ്യമാക്കുമെന്നും ടി.വി.കെ. അറിയിച്ചു.

സ്വകാര്യ, പൊതുമേഖലകളിലായി പ്രതിവർഷം അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ സൃഷ്ടിക്കാനാണ് ടി.വി.കെ.യുടെ മറ്റൊരു പദ്ധതി. ഇതിൽ ബിരുദധാരികളായ ഇന്റേൺസിന് പ്രതിമാസം 10,000 രൂപ സ്റ്റൈപ്പെൻഡായി നൽകും. സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി ഈടൊന്നും ഇല്ലാതെ 25 ലക്ഷം രൂപ വരെ പലിശരഹിതവായ്പയും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടുകാർക്ക് 75 ശതമാനം തൊഴിലവസരങ്ങൾ മാറ്റിവെക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതിയിലും വൈദ്യുതിനിരക്കിലും ഇളവുകൾ നൽകുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. ആദ്യമായി വോട്ടു ചെയ്യുന്നവരെയും 20-40 പ്രായപരിധിയിലുള്ള യുവാക്കളെയും ലക്ഷ്യംവെച്ചുള്ളതാണ് ഈ പ്രഖ്യാപനങ്ങൾ. പ്രകടനപത്രിക അവതരിപ്പിച്ചുകൊണ്ട്, മയക്കുമരുന്നില്ലാത്ത തമിഴ്നാട് കെട്ടിപ്പടുക്കുമെന്നും വിജയ് പറഞ്ഞു.

യുവാക്കളുടെ തൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിച്ച് ഒരു ശക്തമായ വോട്ട് ബാങ്ക് രൂപീകരിക്കാനുള്ള ടി.വി.കെ.യുടെ തന്ത്രപരമായ നീക്കമായാണ് ഈ പ്രകടനപത്രിക വിലയിരുത്തപ്പെടുന്നത്.

അതേസമയം, തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി..മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനും ടിവികെ അധ്യക്ഷൻ വിജയ് യും ആദ്യ ദിനം പത്രിക നൽകി. കൊളത്തൂരിൽ പത്രിക നൽകിയ സ്റ്റാലിൻ റോഡ് ഷോ നടത്തിയാണ് മടങ്ങിയത്. റോഡ്ഷോയിൽ നൂറു കണക്കിന് സ്ത്രീകളെ അണിനിരത്തിയ ഡിഎംകെ, വിജയ് ക്ക് മറുപടി നല്കാനും ശ്രമിച്ചു. മത്സരം ദില്ലിയും തമിഴ്നാടും തമ്മിൽ ആണെന്നും ആരൊക്കെ എതിരാളികൾ ആയി വന്നാലും ഡിഎംകെ ജയിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിജയ്, ചെന്നൈ പെരമ്പൂരിൽ ആണ് ഇന്ന് പത്രിക നൽകിയത്. ടിവികെ നേതാക്കൾക്കൊപ്പം എത്തിയ വിജയ് റോഡ് ഷോയും നടത്തി . ഇന്ന് സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ അടക്കം വിജയ് പൊതുയോഗങ്ങളിൽ പങ്കെടുക്കും