ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ ശക്തികളായ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കുമെതിരെ യുദ്ധപ്രഖ്യാപനവുമായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. സേലത്ത് പതിനായിരങ്ങളെ സാക്ഷിനിർത്തി നടന്ന മെഗാ റാലിയിൽ, വോട്ടർമാരോട് അദ്ദേഹം നടത്തിയ ആഹ്വാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. എതിർപാർട്ടിക്കാർ വോട്ടിനായി പണം നൽകിയാൽ അത് നിരസിക്കേണ്ടതില്ലെന്നും എന്നാൽ വോട്ട് ചെയ്യുമ്പോൾ ടിവികെയുടെ ചിഹ്നമായ 'വിസിലിന്' തന്നെ വോട്ട് രേഖപ്പെടുത്തണമെന്നും വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

തമിഴ്നാട് രാഷ്ട്രീയത്തിൽ വോട്ടിന് പണം നൽകുന്ന രീതിക്ക് അറുതി വരുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞാകാം വിജയ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. "മറ്റുള്ളവർ പണം വാഗ്ദാനം ചെയ്താൽ അത് വാങ്ങുക, അത് നിങ്ങളുടെ അവകാശമാണ്. പക്ഷേ നിങ്ങളുടെ വോട്ട് വിൽക്കരുത്. വിസിലിന് തന്നെ വോട്ട് ചെയ്യണം," എന്ന വിജയിന്റെ വാക്കുകൾ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തങ്ങളെ നേരിടാൻ പണമൊഴുക്കുന്ന പാർട്ടികളെ അതേ നാണയത്തിൽ നേരിടാനാണ് ടിവികെ ലക്ഷ്യമിടുന്നത്.

തന്റെ പ്രസംഗത്തിലുടനീളം ഡിഎംകെയെയോ എഐഎഡിഎംകെയെയോ വിജയ് പേരെടുത്ത് പരാമർശിച്ചില്ല. പകരം, അവരെ വിശേഷിപ്പിച്ചത് "സ്വന്തം കാലിൽ നിൽക്കാൻ കഴിയാതെ സഖ്യകക്ഷികളെ ആശ്രയിക്കുന്നവർ" എന്നായിരുന്നു. ഡിഎംകെ കോൺഗ്രസ് ഉൾപ്പെടെയുള്ള വലിയ സഖ്യത്തോടൊപ്പം നീങ്ങുമ്പോൾ, എഐഎഡിഎംകെ ബിജെപി ഉൾപ്പെടെയുള്ള കക്ഷികളുമായി ചേർന്നാണ് മത്സരിക്കുന്നത്. എന്നാൽ ടിവികെ തനിച്ചോ അല്ലെങ്കിൽ ജനകീയ സഖ്യമായോ മുന്നേറുമെന്ന സൂചനയാണ് വിജയ് നൽകുന്നത്. കുടുംബവാഴ്ചാ രാഷ്ട്രീയത്തെയും (ഡിഎംകെയെ ലക്ഷ്യം വെച്ച്) വർഗീയ രാഷ്ട്രീയത്തെയും (ബിജെപിയെ ലക്ഷ്യം വെച്ച്) തമിഴ് മണ്ണിൽ നിന്ന് തുരത്തുമെന്നും അദ്ദേഹം ആവർത്തിച്ചു.

തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ സ്ത്രീകൾക്കായി സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക വേനൽക്കാല പാക്കേജിനെയും വിജയ് കടുത്ത ഭാഷയിൽ വിമർശിച്ചു. 'കലൈഞ്ജർ' ക്ഷേമപദ്ധതി പ്രകാരം ഗുണഭോക്താക്കളായ സ്ത്രീകൾക്ക് പ്രതിമാസ വിഹിതത്തോടൊപ്പം 2000 രൂപ കൂടി അധികമായി നൽകാനുള്ള തീരുമാനം വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് അദ്ദേഹം എക്‌സിലൂടെ (ട്വിറ്റർ) ആരോപിച്ചു.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുകയോടൊപ്പം വേനൽക്കാല പാക്കേജ് കൂടി ചേർത്ത് ഓരോ സ്ത്രീയുടെയും അക്കൗണ്ടിൽ അയ്യായിരം രൂപയാണ് സർക്കാർ ഇന്ന് നിക്ഷേപിച്ചത്. ടിവികെയ്ക്ക് സ്ത്രീകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ ഭരണപക്ഷം ഭയപ്പെടുന്നതുകൊണ്ടാണ് ഇപ്പോൾ ഇത്തരമൊരു സാമ്പത്തിക സഹായവുമായി എത്തിയതെന്ന് വിജയ് പരിഹസിച്ചു. "ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇത്തരം താൽക്കാലിക ലാഭങ്ങൾ കൊണ്ട് സാധിക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

സേലത്ത് നടന്ന റാലിയിലെ ജനപങ്കാളിത്തം തമിഴ്നാട്ടിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചനാതീതമാക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ഡിഎംകെയുടെ 'ദ്രാവിഡ മോഡലിനെയും' എഐഎഡിഎംകെയുടെ സഖ്യ തന്ത്രങ്ങളെയും ഒരുപോലെ വെല്ലുവിളിക്കാനാണ് വിജയിന്റെ തീരുമാനം. സിനിമയിലെ ആരാധകവൃന്ദത്തെ രാഷ്ട്രീയ ശക്തിയായി മാറ്റുന്നതിൽ വിജയ് വിജയിച്ചു കൊണ്ടിരിക്കുകയാണെന്ന് സേലത്തെ റാലി തെളിയിക്കുന്നു.

യുവജനങ്ങളുടെയും സ്ത്രീകളുടെയും വലിയൊരു വിഭാഗം ടിവികെയിലേക്ക് ആകൃഷ്ടരാകുന്നത് നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ചേക്കാം. പണം നൽകിയാലും വോട്ട് മാറ്റില്ലെന്ന വിജയിന്റെ ആത്മവിശ്വാസം വോട്ടർമാർ എങ്ങനെ ഏറ്റെടുക്കുമെന്നാണ് രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ തമിഴ് മണ്ണിൽ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ കടുക്കുമെന്ന് ഉറപ്പായി.