- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നോക്കുകൂലിയെ കുറിച്ച് വാചാലയായ ധനമന്ത്രി കേരളത്തിന് ഒന്നും തന്നിട്ടില്ല; വയനാട്ടിലെ ദുരന്തബാധിതരുടെ കാര്യത്തില്‍ മിണ്ടുന്നില്ല'; രാജ്യസഭയില്‍ ശൂന്യവേളയില്‍ വയനാട് വിഷയം ഉന്നയിച്ച് നിര്‍മല സീതാരാമന്‍ മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്
വയനാട് വിഷയം ഉന്നയിച്ച് നിര്‍മല സീതാരാമന്‍ മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി: കേരളത്തിലെ നോക്കുകൂലിയെ കുറിച്ച് വാചാലയായ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തിന് ഒന്നും തന്നിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. രാജ്യസഭയിലാണ് ജോണ്‍ ബ്രിട്ടാസ് കേന്ദ്രധനമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കിയത്. നിര്‍മല സീതാരാമന്‍ സഭയില്‍ ഇരിക്കെയാണ് ജോണ്‍ ബ്രിട്ടാസിന്റെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ കേരളത്തിനൊപ്പമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ഉണ്ടായില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെടലുണ്ടായപ്പോഴാണ് കേരളത്തിന് കേന്ദ്രം വായ്പ അനുവദിച്ചത്. ഒരിക്കലും അംഗീകരിക്കാനാവാത്ത വ്യവസ്ഥയോടെയാണ് കേന്ദ്രസര്‍ക്കാര്‍ വായ്പ നല്‍കിയത്. കേരളത്തിലെ നോക്കുകൂലിയെ കുറിച്ച് വാചാലയാവുന്ന ധനമന്ത്രി സംസ്ഥാനത്തിന് സഹായം നല്‍കാനും തയാറാവണമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
എട്ട് മാസമായിട്ടും ദുരന്തസഹായം നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നോക്കുകൂലിയുടെ പേരില്‍ കേരളത്തെ അവഹേളിക്കുന്ന കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ദുരന്തബാധിതരുടെ കാര്യത്തില്‍ മിണ്ടുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. ജനസംഖ്യാടിസ്ഥാനത്തിലുളള മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരെ സിപിഎം, ഡിഎംകെ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.
വയനാട് ദുരന്തം ഉണ്ടായി എട്ട് മാസം കഴിഞ്ഞിട്ടും കേന്ദ്രസഹായം നല്‍കുന്നത് വൈകുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ വേഗത്തില്‍ സഹായം ലഭ്യമാക്കിയിട്ടും കേരളത്തെ അവഗണിക്കുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിനായി 2000 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു സഹായവും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ബജറ്റിലും പൂര്‍ണമായും അവഗണിക്കപ്പെട്ടു. കേന്ദ്രം അടുത്തിടെ 529.5 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് 31ന് മുമ്പ് മുഴുവന്‍ തുക വിനിയോഗിക്കണമെന്ന നിബന്ധനയും പ്രായോഗികമല്ല. നോക്കുകൂലിയുടെ പേരില്‍ കേരളത്തെ അവഹേളിക്കുന്ന ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വയനാട് ദുരന്തബാധിതരുടെ കാര്യത്തില്‍ മിണ്ടുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യസഭയില്‍ ശൂന്യവേളയിലായിരുന്നു വയനാട് വിഷയം വീണ്ടും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ചത്.
നോക്കുകൂലിയടക്കം വ്യവസായ നയങ്ങളാണ് കേരളത്തെ തകര്‍ത്തതെന്ന് രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത സമ്പ്രദായമാണിതെന്നും മന്ത്രി പരിഹസിച്ചു. ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്ക് പോലും നോക്കുകൂലി ചുമത്തുന്ന രീതിയിലുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളതെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
മണിപ്പുര്‍ ബജറ്റിനുള്ള ചര്‍ച്ചയ്ക്ക് മറുപടിപറയവെയാണ് ധനമന്ത്രി സി.പി.എമ്മിനെ കടന്നാക്രമിച്ചത്. നോക്കുകൂലിയടക്കം വ്യവസായ നയങ്ങള്‍ സൃഷ്ടിച്ച ദുരന്തത്തില്‍നിന്ന് കേരളം ഇതുവരെ കരകയറിയിട്ടില്ല. ബംഗാളിലും ത്രിപുരയിലും ഏറ്റവും വലിയ കലാപമുണ്ടായത് സി.പി.എം ഭരണകാലത്താണെന്നും നിര്‍മല പറഞ്ഞിരുന്നു.
സ്റ്റാര്‍ലിങ്ക് വിഷയവുമായി ബന്ധപ്പെട്ട് ഡോ. വി ശിവദാസന്‍ എംപി ചട്ടം 267 പ്രകാരം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അനുവദിച്ചില്ല. അതേസമയം ജനസംഖ്യാടിസ്ഥാനത്തിലുളള മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരെ പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധം തീര്‍ത്തു. സിപിഎം, ഡിഎംകെ എംപിമാരുടെ നേതൃത്വത്തിലായിരുന്നു ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധം.