- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
'കോണ്‍ഗ്രസ് എംപിമാര്‍ മോദിയെ വളഞ്ഞിട്ട് എന്തെങ്കിലും ചെയ്തേനെ!': സഭയില്‍ എത്തരുതെന്ന് സ്പീക്കറുടെ മുന്നറിയിപ്പ്; 20 വര്‍ഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം പാസാക്കി ലോക്സഭ; നരവനെ പേടിയില്‍ മോദി ഒളിച്ചോടിയെന്ന് പ്രതിപക്ഷം; പാര്‍ലമെന്റില്‍ അസാധാരണ നാടകം
'കോണ്‍ഗ്രസ് എംപിമാര്‍ മോദിയെ വളഞ്ഞിട്ട് എന്തെങ്കിലും ചെയ്തേനെ!':

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിയില്ലാതെ ലോക്സഭ പാസാക്കി. 2004-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് അംഗീകാരം നല്‍കുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങളും ബഹളങ്ങളും കാരണം സഭാ നടപടികള്‍ സ്തംഭിച്ച സാഹചര്യത്തിലായിരുന്നു ഇത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള ബഹളത്തെയും മുദ്രാവാക്യം വിളികളെയും തുടര്‍ന്ന് സ്പീക്കര്‍ ലോക്സഭ നിര്‍ത്തിവെക്കുകയായിരുന്നു.
പ്രധാനമന്ത്രി സഭയിലെത്തുമെന്ന കണക്കുകൂട്ടലില്‍ വന്‍ പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങിയത്. മോദി സഭയിലേക്ക് കടന്നുവരുന്ന ഇടനാഴിയിലേക്ക് കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ ബാനറുകളുമായി നീങ്ങി. ബി.ജെ.പി. അംഗം പി.പി. ചൗധരി നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ മറ്റു പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഉടന്‍തന്നെ അധ്യക്ഷക്കസേരയിലുണ്ടായിരുന്ന പാനല്‍ അംഗം സന്ധ്യാ റായ് സഭ നിര്‍ത്തിവെക്കുന്നതായി അറിയിക്കുകയായിരുന്നു.
തുടര്‍ന്ന്, ലോക്സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ, സ്പീക്കര്‍ ഓം ബിര്‍ള രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം വായിക്കുകയും ശബ്ദവോട്ടിലൂടെ പാസാക്കുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രി ഇന്ന് രാജ്യസഭയില്‍ പ്രസംഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ അവിടെയും സഭാ നടപടികള്‍ സ്തംഭിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് എംപിമാര്‍ എന്തെങ്കിലും ചെയ്‌തേക്കുമെന്ന് സ്പീക്കര്‍
ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് കഴിഞ്ഞദിവസം ലോക്സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രിക്ക് നേരെ ശാരീരികമായ ആക്രമണത്തിന് പ്രതിപക്ഷം പദ്ധതിയിട്ടെന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി സ്പീക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ശാരീരിക ആക്രമണത്തിന് പദ്ധതിയിട്ടു എന്ന ആരോപണത്തെത്തുടര്‍ന്ന് പുതിയ രാഷ്ട്രീയ പോര് ഉടലെടുത്തിരിക്കുകയാണ്. പ്രതിപക്ഷ എംപിമാര്‍ 'പ്രതീക്ഷിക്കാത്ത എന്തെങ്കിലും' ചെയ്‌തേക്കുമെന്ന് വിവരം ലഭിച്ചിരുന്നതായും, ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് സഭ നിര്‍ത്തിവെച്ചതെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
ഇക്കാരണത്താലാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേലുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം റദ്ദാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിക്ക് സംസാരിക്കാന്‍ പേടിയാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഈ ആരോപണത്തെ തള്ളി. വനിതാ എംപിമാര്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പദ്ധതിയിടുമെന്ന് വിശ്വസിക്കാന്‍ എങ്ങനെ കഴിയുമെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
ബുധനാഴ്ചത്തെ നാടകീയ രംഗങ്ങള്‍
ഇന്നലെ വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി പ്രസംഗം ആരംഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. എട്ടോ ഒന്‍പതോ പ്രതിപക്ഷ വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ കസേരയ്ക്ക് ചുറ്റും 'ശരിയായത് ചെയ്യുക' എന്ന ബാനറുമായി ഉപരോധം തീര്‍ത്തു. മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ മാറിയത്.
സംഭവത്തെക്കുറിച്ച് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞത് ഇങ്ങനെ:
'പ്രധാനമന്ത്രി മറുപടി പറയേണ്ട സമയത്ത്, കോണ്‍ഗ്രസ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനടുത്തേക്ക് എത്താനും അപ്രതീക്ഷിതമായത് എന്തെങ്കിലും ചെയ്യാനും സാധ്യതയുണ്ടെന്ന വിശ്വസനീയമായ വിവരം എനിക്ക് ലഭിച്ചു. സഭയിലെ ദൃശ്യങ്ങളും ഞാന്‍ കണ്ടു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സഭയില്‍ വരരുതെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.'
'നരവനെ എന്നാല്‍ ഡരാവനെ' (പേടിപ്പെടുത്തുന്നത്)
പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിനെ നേരിടാന്‍ പേടിയായതിനാലാണ് പ്രസംഗം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പാട്ടീല്‍ പറഞ്ഞു. 'സത്യത്തെ അദ്ദേഹം ഭയപ്പെടുന്നു. മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തെ പേടിപ്പിക്കുന്നു (Daravane). അതുകൊണ്ടാണ് അദ്ദേഹം ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ലഭിച്ച ജനശ്രദ്ധയില്‍ ബിജെപിയും പ്രധാനമന്ത്രിയും വിറളി പൂണ്ടിരിക്കുകയാണെന്ന് ഡിഎംകെ വക്താവ് എ. ശരവണനും പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റേത് 'നക്‌സല്‍ രീതി' ആണെന്നും അവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി.
ലോക്സഭയില്‍ സംഭവിച്ചത് എന്ത്?
മുന്‍ കരസേനാ മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി ഉദ്ധരിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. 2020-ലെ ചൈനീസ് അതിര്‍ത്തി തര്‍ക്കത്തില്‍ സൈന്യത്തെ രാഷ്ട്രീയ നേതൃത്വം കൈവിട്ടു എന്നായിരുന്നു രാഹുലിന്റെ ആരോപണം.
ഇതിന് പിന്നാലെ ബിജെപി എംപി നിഷികാന്ത് ദുബെ ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുമെതിരെയുള്ള പുസ്തകങ്ങള്‍ ഉദ്ധരിച്ച് സംസാരിച്ചത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സഭയില്‍ പുസ്തകങ്ങള്‍ വായിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ പലതവണ തടസ്സപ്പെടുകയും ഒടുവില്‍ റദ്ദാക്കുകയും ചെയ്തു.


