മലപ്പുറം: മുസ്ലിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണി രംഗത്തുവരുമ്പോള്‍ വലവീശി ഇടതു മുന്നണിയും. സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്ത് ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണിയെ സമീപിച്ച് സിപിഎം. അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തു. തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കാനാണ് ആലോചന. പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ രണ്ടത്താണി നേരത്ത രംഗത്ത് എത്തിയിരുന്നു. ഈ അതൃപ്തി മുതലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അബ്ദുറഹ്‌മാന്‍ പറഞ്ഞത്. അര്‍ഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അച്ചടക്ക ലംഘനമായി കാണരുതെന്നും രണ്ടത്താണി ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ സിപിഎം സമീപിക്കുന്നത്.

ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹിമാന്‍ രണ്ടത്താണി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് അത് തിരുത്തുകയും ചെയ്തു.

എന്നാല്‍, ഇന്ന് രാവിലെ വീണ്ടും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി അബ്ദുറഹിമാന്‍ രണ്ടത്താണി പരസ്യമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. അതേസമയം രണ്ടത്താണി പാര്‍ട്ടി വിടില്ലെന്നാണ് കരുതുന്നതെന്നും അതൃപ്തികളെല്ലാം കേള്‍ക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടിയാണ് രണ്ടത്താണിയുടെ വിമര്‍ശനം. തിരൂരങ്ങാടിയില്‍ പി.എം.എ സമീറിനെ മല്‍സരിപ്പിക്കുന്നത് വ്യക്തിതാല്‍പര്യമാണ്. മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെടാത്തയാളാണ് സമീര്‍. പാര്‍ട്ടിക്കായി പണിയെടുക്കുന്നവര്‍ വികാരം പ്രകടിപ്പിക്കുന്നത് സ്വഭാവികമെന്നും രണ്ടത്താണി ഫെയ്‌സ് ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുതെന്ന് പറഞ്ഞാണ് അദ്ദേഹം വിമര്‍ശിച്ചത്.

അബ്ദുറഹ്‌മാന്‍ രണ്ടത്താണിയുടെ കുറിപ്പ് പൂര്‍ണരൂപം

ഞാന്‍ വിമര്‍ശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറില്‍ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസല്‍ ബാബു ടി.പി.അഷറഫലി, പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള യുവ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എല്‍ എ യാവുകയും രണ്ട് തവണ തോല്‍ക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയില്‍ അവസരം നല്‍കുകയും ചെയ്ത തീരുമാനവും ഉചിതം.

പക്ഷെ എ കെ ആന്റണിയും അവുക്കാദര്‍ കുട്ടി നഹസാഹിബും യുഎ ബീരാന്‍ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.