തിരുവനന്തപുരം: മൂന്ന് തവണ എംഎല്‍എയായ സിപിഎം നേതാവ് ഐഷ പോറ്റി കോണ്‍ഗ്രസില്‍. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമര വേദിയില്‍ എത്തിയ ഐഷ പോറ്റിക്ക് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കി. ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സമര വേദിയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പു നല്‍കിയത് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ്. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മത്സരിക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഐഷ പോറ്റി കോണ്‍ഗ്രസിലെത്താന്‍ ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

2006 ല്‍ ആര്‍.ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു ഐഷപോറ്റി കൊട്ടാരക്കരയില്‍ വരവറിയിച്ചത്. 2011 ല്‍ 20592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷ പോറ്റി 2016 ല്‍ 42,632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചാണ് നിയമസഭയിലേക്ക് നടന്നു കയറിയത്. അന്നു അവര്‍ മന്ത്രിയല്ലെങ്കില്‍ സ്പീക്കറാകുമെന്നു പരക്കെ വര്‍ത്തമാനമുണ്ടായിരുന്നു. എന്നാല്‍ രണ്ടുമായില്ലെന്നു മാത്രമല്ല പാര്‍ടിയില്‍ നിന്നും അകലുകയും ചെയ്തു.

പിന്നീട് ഉമ്മന്‍ചാണ്ടി അനുസമരണത്തിലടക്കമുള്ള വേദികളില്‍ സജീവമായതോടെ കോണ്‍ഗ്രസിലേക്കെന്നുള്ള ചര്‍ച്ച സജീവമായെങ്കിലും അവര്‍ തന്നെ നിഷേധിച്ചു. മണ്ഡലത്തിലെ എം.എല്‍.എ യും ധനകാര്യ മന്ത്രിയുമായ കെ.എന്‍.ബാലഗോപാലുമായി നല്ല രസത്തിലല്ലെന്നും വാര്‍ത്ത പരന്നതോടെയാണ് കോണ്‍ഗ്രസിലേക്ക് അവരെ എത്തിക്കാന്‍ ശ്രമം നടന്നത്. സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ അവരോട് ആവശ്യപ്പെട്ടിരുന്നു. അവരില്ലെങ്കില്‍ മാത്രം മറ്റു സ്ഥാനാര്‍ഥികളിലേക്ക് പോയാല്‍ മതിയെന്നാണ് നിര്‍ദേശം കീഴ്ഘടകങ്ങളിലേക്ക് എത്തിയിരുരുന്നു.

അവരുടെ സ്വീകാര്യതയ്ക്ക് ഇപ്പോഴും ഇടിവു സംഭവിച്ചിട്ടില്ലെന്നും അതു വോട്ടായി മാറിയാല്‍ വമ്പന്‍ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുമെന്നും യുഡിഎഫ് കണക്കൂകൂട്ടുന്നുണ്ട്. ഐഷ പോറ്റി ഇല്ലെങ്കില്‍ കെ.എന്‍.ബാലഗോപാലിനെതിരെ കഴിഞ്ഞ തവണ മല്‍സരിച്ച ആര്‍.രശ്മി, പി.ഹരികുമാര്‍, നെല്‍സണ്‍ ഇങ്ങനെ നീളുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐഷപോറ്റി എത്തിയതോടെ അവര്‍ തന്നെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.

മുന്‍ എം.എല്‍.എയും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷററുമായ ഐഷ പോറ്റി രാഷ്ട്രീയം വിടുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.സിപിഎമ്മുമായി ഉടക്കി കൊണ്ടാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്നു ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലായി. സമ്മേളനത്തിന്റെ രണ്ടാംദിവസമെങ്കിലും ഐഷ പോറ്റി സമ്മേളനത്തിന് എത്തുമെന്നു കരുതിയിരുന്നെങ്കിലും പങ്കെടുത്തില്ല.

തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി അവഗണന കാട്ടുന്നതായി പരാതി ഉയര്‍ന്നിരുന്നിരുന്നു. പിന്നീട് രണ്ടാം തവണയും പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോഴും പദവികളിലേക്ക് പരിഗണിക്കാതിരുന്നത് അവരുടെ അതൃപ്തിക്ക് ഇടയാക്കി. അതേസമയം, ഇത് സന്തോഷ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതില്‍ വളരെ മ്ലേച്ഛമായ സോഷ്യല്‍ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി. പ്രീയപ്പെട്ട സഖാക്കള്‍ക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവര്‍ കോണ്‍ഗ്രസ് സമര വേദിയില്‍ പറഞ്ഞു. ഡിസിഷന്‍ മേക്കേഴ്‌സ് ആയ ചിലര്‍ മാത്രമായിരുന്നു പ്രശ്‌നം. ആരെയും കുറ്റം പറയാന്‍ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാന്‍ പ്രശ്‌നം എന്താണ്? വര്‍ഗ്ഗ വഞ്ചക എന്ന് വിളിച്ചേക്കും. എപ്പോഴും മനുഷ്യ പക്ഷത്തായിരിക്കുമെന്നും ഐഷ പോറ്റി പറഞ്ഞു.