- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസിനെ കൈവിട്ട് അഖില്‍ മാരാര്‍ ട്വന്റി 20യില്‍; 'ഞാന്‍ പോണോ വേണ്ടയോ എന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു': വി.ഡി.സതീശനെ വെല്ലുവിളിച്ച് സാബു ജേക്കബിന്റെ തണലില്‍ ബിഗ് ബോസ് ജേതാവ്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാരാര്‍ വന്നാല്‍ കളി മാറുമോ?
അഖില്‍ മാരാര്‍ ട്വന്റി 20യില്‍

കൊച്ചി: ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ട്വന്റി20യില്‍ ചേര്‍ന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20യുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഖില്‍ മാരാര്‍ ഇക്കാര്യം അറിയിച്ചത്.
പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങള്‍ ട്വന്റി20യിലേക്ക് കടന്നുവരികയാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു. അഖില്‍ മാരാര്‍ പാര്‍ട്ടിയുടെ ഭാഗമായെന്നും ഏത് മണ്ഡലത്തില്‍ മത്സരിക്കണം എന്ന കാര്യം എന്‍ഡിഎ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും നിലവിലെ ഭരണം മാറണം എന്ന ഉറച്ച നിലപാടുള്ളയാളാണെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു. അതുകൊണ്ടാണ് താന്‍ പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്രാന്തദര്‍ശികളായ നേതാക്കള്‍ മുന്നോട്ടുവരണമെന്നും അത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി20യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കമ്പലം മാതൃകാപരമായ വികസനം കാഴ്ചവെക്കുന്ന പശ്ചാത്തലത്തില്‍ തനിക്ക് ചേരാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയാണിതെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
നേരത്തെ താന്‍ കോണ്‍ഗ്രസിനുള്ളില്‍ വേണോ പുറത്ത് വേണോ എന്ന് കോണ്‍ഗ്രസ് നേതൃത്വമാണ് ചിന്തിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ താന്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. എന്നാല്‍, യുഡിഎഫുമായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. 'കേരള സ്റ്റോറി - 2' ട്രെയിലര്‍ വിവാദത്തില്‍ മറുപടി പറയേണ്ടത് എന്‍ഡിഎ നേതൃത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊല്ലം ജില്ലയിലെ ഒരു മണ്ഡലത്തില്‍, പ്രത്യേകിച്ച് കൊട്ടാരക്കരയില്‍, അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന സൂചനകള്‍. കൊല്ലത്തുള്ള അഖില്‍ മാരാരുടെ സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനായി ബിജെപിയും അദ്ദേഹത്തെ സമീപിച്ചിരുന്നു. വി.ഡി. സതീശനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ ഈ പാര്‍ട്ടി പ്രവേശം എന്നതും ശ്രദ്ധേയമാണ്.


