- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിധി പ്രതികൂലമായാല്‍ ആന്റണി രാജു ഔട്ട്! പകരക്കാരനെ തേടി സിപിഎം; ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ കരിയറിന് ഹൈക്കോടതി നാളെ അന്ത്യം കുറിക്കുമോ? തൊണ്ടിമുതല്‍ കേസില്‍ ആശ്വാസം കിട്ടിയില്ലെങ്കില്‍ തിരുവനന്തപുരത്ത് പുതിയ മുഖം; ഇടത് പാളയത്തില്‍ ചര്‍ച്ചകള്‍ സജീവം
വിധി പ്രതികൂലമായാല്‍ ആന്റണി രാജു ഔട്ട്!

കൊച്ചി: തൊണ്ടി മുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ലഭിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷയും കുറ്റക്കാരനാണെന്ന കണ്ടെത്തലും മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള യോഗ്യത തിരികെ നേടുന്നതിന് ഈ വിധി നിര്‍ണ്ണായകമാകും. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവില്‍ വിലക്കുണ്ട്. എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയെ ഈ വിധി നേരിട്ട് ബാധിക്കും.
ഹര്‍ജിയില്‍ ആന്റണി രാജുവിന്റെ ആവശ്യം സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, അതിനാല്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത ഒഴിവാക്കുക എന്നത് ആന്റണി രാജുവിന്റെ രാഷ്ട്രീയപരമായ ആവശ്യം മാത്രമാണെന്നും, അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ശിക്ഷ മരവിപ്പിക്കാന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ നിലപാടെടുത്തു.
നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ, ആന്റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതെന്നതിന് എന്താണ് തെളിവെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ തൊണ്ടിമുതലില്‍ മാറ്റം വരുത്തിയത് ആന്റണി രാജുവാണെന്ന് കീഴ്‌ക്കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ഈ കേസില്‍ വിധി പ്രസ്താവിക്കുക. നെടുമങ്ങാട് കോടതിയുടെ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഈ വിധി ആന്റണി രാജുവിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെയും പൊതുജീവിതത്തെയും സംബന്ധിച്ച് നിര്‍ണ്ണായകമായ ഫലം നല്‍കുന്ന ഒന്നായിരിക്കും. ആന്റണി രാജുവിന്റെ അയോഗ്യത നില്‍ക്കാനുള്ള ഹര്‍ജി നാളെ ഹൈക്കോടതി അനുകൂലമായി വിധി പറഞ്ഞാല്‍ തിരുവനന്തപുരത്ത് ആന്റണി രാജു തന്നെ സ്ഥാനാര്‍ഥിയാകും. അല്ലെങ്കില്‍ ആന്റണി രാജുവിന് കൂടി സമ്മതമുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കും. രണ്ടു ദിവസത്തിനകം ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്നാണ് ഘടകകക്ഷികള്‍ക്ക് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.


