തിരുവനന്തപുരം: തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണായം കടുകട്ടിയാകുന്നു. എംപിമാര്‍ മത്സരിക്കാന്‍ തയ്യാറെടുത്തു രംഗത്തുവന്നതോടെയാണ് ഹൈക്കമാന്‍ഡും പ്രതിസന്ധിയിലായത്. എംപിമാരെ മത്സരിപ്പിക്കാന്‍ തയ്യാറായാല്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വിജയ സാധ്യത കൂടുതലാണ് താനും. എന്നാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്ക് ഇതില്‍ താല്‍പ്പര്യക്കുറവാണ്. ഇതോടെ ഏതൊക്കെ എംപിമാര്‍ക്ക് ഹൈക്കമാന്‍ഡ് മത്സരിക്കാന്‍ പച്ചക്കൊടി കാണിക്കും എന്നാണ് അറിയേണ്ടത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ കളത്തിലിറങ്ങാന്‍ കൂടുതല്‍ എംപിമാര്‍ രംഗത്തുണ്ട് . കെ സുധാകരനും, അടൂര്‍പ്രകാശിനും പിന്നാലെ മത്സര സന്നദ്ധതയറിയിച്ച് നേരത്തെ രംഗത്തുണ്ട്. കെ സുധാകരന്‍ സീറ്റി തന്നേ തീരൂ എന്ന വാശിയിലാണ്. സുധാകരന് സീറ്റ് നിഷേധിച്ചാല്‍ അത് പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. എംകെ രാഘവനും, കൊടിക്കുന്നിലും, ഷാഫി പറമ്പിലും മത്സരിക്കാന്‍ താല്‍പ്പര്യവുമായി രംഗത്തുണ്ട്.

ഇതോടെ കടുത്ത അതൃപ്തിയുമായി സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളും രംഗത്തെത്തി. എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയേയും അറിയിക്കും. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍. ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച നടത്തി ആദ്യ ഘട്ട പട്ടികയില്‍ അന്തിമ ധാരണയിലെത്തും. പരമാവധി 60 സ്ഥാനാര്‍ത്ഥികളെ ആദ്യ പട്ടികയില്‍ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിലും ഹൈക്കമാന്‍ഡ് തീരുമാനം വന്നേക്കും. പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളിലും സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എംപിമാര്‍ മത്സരിച്ചേക്കുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകും. സ്ഥാനാര്‍ത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറ്റിംഗ് എംഎല്‍എമാര്‍ സംവരണ സീറ്റുകള്‍ ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങള്‍ എന്നിവ ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയേക്കും.

20 സിറ്റിംഗ് സീറ്റുകളില്‍ അടക്കം 40 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടുണ്ട്.സംവരണ മണ്ഡലങ്ങള്‍, ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് 40 സീറ്റ്. ബാക്കിയുള്ള 20 സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് പിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് നിലവില്‍ കോണ്‍ഗ്രസിലെ ധാരണ.

എം.പിമാര്‍ നിയസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നതില്‍ ഹൈകമാന്‍ഡ് വിയോജിപ്പ് അറിയിച്ചിട്ടും ചില മുതിര്‍ന്ന നേതാക്കളില്‍നിന്നുള്ള കടുത്ത സമ്മര്‍ദം കോണ്‍ഗ്രസിന് തലവേദനയാണ്. ഒരുവട്ടം പരിഗണന ലഭിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അര്‍ഹരുടെ അവസരം നഷ്ടപ്പെടുത്തുമെന്നുമാണ് ഹൈകമാന്‍ഡ് നിലപാട്.

എം.പിമാര്‍ നിയമസഭയിലേക്ക് വിജയിച്ചാല്‍ വീണ്ടും ഉപതെരഞ്ഞെടുപ്പുകള്‍ നേരിടേണ്ടിവരുന്നത് പാര്‍ട്ടിക്ക് സാമ്പത്തികമായും രാഷ്ട്രീയമായും ഭാരമാകും. പരാജയപ്പെട്ടാല്‍ ലോക്‌സഭയില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ കുറയാന്‍ സാധ്യതയുള്ളതിനാല്‍ സിറ്റിങ് എം.പിമാരെ നിയമസഭയിലേക്ക് മാറ്റുന്നത് ബുദ്ധിയല്ലെന്നാണ് വിലയിരുത്തല്‍. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദേശത്തിന് വിരുദ്ധമാണ് എം.പിമാരുടെ ഈ നീക്കം.

ഹൈകമാന്‍ഡ് വിലക്ക് നിലനില്‍ക്കെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മണ്ഡലങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഇവരുടെ വാദം. ഇത് ഗ്രൂപ്പ് പോരിലേക്കും സീറ്റ് തര്‍ക്കത്തിലേക്കും നയിക്കുമോ എന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. എം.പിമാരുടെ സമ്മര്‍ദതന്ത്രം ഹൈകമാന്‍ഡ് എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചാകും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയുടെ സ്വഭാവം. മുതിര്‍ന്ന നേതാക്കളുടെ ഒറ്റയാള്‍ നീക്കങ്ങളിലും ഹൈകമാന്‍ഡിന് അതൃപ്തിയുണ്ട്. പുതുയുഗയാത്രയുടെ സമാപനച്ചടങ്ങില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ചില നേതാക്കളുടെ ചിത്രങ്ങളുയര്‍ത്തി മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം രാഹുല്‍ ഗാന്ധി പരസ്യമായി ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്നലെ കെ സുധാകരനെ തള്ളുന്ന വിധത്തില്‍ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം നടത്തിയത് സുധാകരന്‍ അനുകൂലികളെ പ്രകോപിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനൊരുങ്ങിയ അണികളെ സുധാകരന്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. നേതാക്കള്‍ സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഒഴിവാക്കാന്‍ സുധാകരന്‍ ഇടപെട്ടത്.

കണ്ണൂരില്‍ കെപിസിസി മുന്‍ അധ്യക്ഷന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ നിലവിലെ അധ്യക്ഷന്‍ വടിയെടുത്തു. പ്രതിപക്ഷ നേതാവും കടുപ്പിച്ചു. എന്നാല്‍, സുധാകരന്‍ അനുകൂലികള്‍ പാര്‍ട്ടി ഗ്രൂപ്പുകളില്‍ എതിര്‍പ്പുമായെത്തി. കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനും സണ്ണി ജോസഫിന്റെ കോലം കത്തിക്കാനും തീരുമാനിച്ചു. വിവരമറിഞ്ഞതോടെ ഡല്‍ഹിയിലുള്ള സുധാകരനുമായി സണ്ണി ജോസഫും ചെന്നിത്തലയും സംസാരിച്ചു. കണ്ണൂര്‍ സീറ്റില്‍ ആര് മത്സരിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും അതിന് മുമ്പ് വിവാദങ്ങള്‍ക്ക് ഇടനല്‍കരുതെന്നും അഭ്യര്‍ത്ഥിച്ചു. നേതാവിന്റെ ചിത്രം പതിച്ച കുപ്പായവുമായി പ്രകടനത്തിനെത്തിയ അണികളെ സുധാകരന്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.

കോണ്‍ഗ്രസ് മികച്ച ജയസാധ്യത കാണുന്ന കണ്ണൂര്‍ സീറ്റിന്റെ കാര്യത്തില്‍ സുധാകരനുമായി ആശയവിനിമയം ഇതുവരെ നടന്നിട്ടില്ലെന്നാണ് വിവരം. എംപിമാരില്‍ സുധാകരന് മാത്രം ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ അവകാശവാദം ഉന്നയിക്കാം. സുധാകരനല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്നയാളാകും സ്ഥാനാര്‍ത്ഥി. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുമ്പ് നേതാവ് സ്വയം മത്സരം പ്രഖ്യാപിച്ചതാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്.