- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ കോണ്‍ഗ്രസ്; കൈവിട്ട സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയേക്കും; മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലോ നാദാപുരത്തോ പരിഗണിക്കാന്‍ നീക്കം; വി എം സുധീരനെ മണലൂരും എന്‍ ശക്തനെ കാട്ടാക്കടയും മത്സരിപ്പിക്കാന്‍ ആലോചന; പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക പ്രിയങ്ക ഗാന്ധിയും
കേരളത്തില്‍ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: രണ്ട് തവണ തുടര്‍ച്ചയായി അധികാരം കൈവിട്ട കോണ്‍ഗ്രസിന് കേരളത്തില്‍ ഇക്കുറി ഭരണം പിടിക്കുക എന്നത് വലിയൊരു ദൗത്യമാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാമൂഴമെന്ന പ്രചരണം ശക്തമാക്കവേ അതിനെ തടയിടാന്‍ വേണ്ട സംവിധാനങ്ങള്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട് പാര്‍ട്ടി. വി ഡി സതീശന്‍, ചെന്നിത്തല കൂട്ടുകെട്ടില്‍ മാത്രം ഒതുക്കാതെ സംസ്ഥാനത്തെ തലമുതിര്‍ന്ന നേതാക്കളെയെല്ലാം തന്നെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചാല്‍ തിരിച്ചു പിടിക്കാന്‍ കഴിയുന്ന നിയമസഭാ മണ്ഡലങ്ങളില്‍ കരുത്തരെ അണനിരത്താനാണ് ആലോചന.
ജനപ്രിയരായ സീനിയര്‍ നേതാക്കളെയാണ് പരിഗണിക്കുന്നത്. പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പതിനെട്ടടവും പയറ്റാനാണ് ശ്രമം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എന്‍ ശക്തന്‍ തുടങ്ങിയ നേതാക്കളെ മത്സരരംഗത്ത് ഇറക്കാനാണ് പാര്‍ട്ടിയില്‍ ആലോചന. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമ്പോഴും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പിന്നോക്കം പോകുന്ന മണ്ഡലങ്ങളുണ്ട്. ഇവിടേക്കാണ് സീനിയറായ നേതാക്കളെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസിന് ഒരു എംഎല്‍എപോലും ഇല്ലാത്ത ജില്ലയാണ് കോഴിക്കോട്. എന്നാല്‍, ജില്ലയില്‍ ഉള്‍പ്പെടുന്ന മൂന്ന് ലോക്‌സഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്നത് മിന്നുന്ന ജയം. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പിലും കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കിട്ടിയത് നല്ല ഭൂരിപക്ഷമാണ്. മുല്ലപ്പള്ളി നിയമസഭയിലേക്ക് ഇറങ്ങിയാല്‍ ഈ സീറ്റുകളില്‍ ഒന്ന് പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടല്‍.
കൊയിലാണ്ടിയിലോ നാദാപുരത്തോ മുല്ലപ്പള്ളി സ്ഥാനാര്‍ഥിയായാല്‍ ജില്ലയിലാകെ ഉണര്‍വുണ്ടാകുമെന്നും നേതാക്കള്‍ കരുതുന്നു. മുല്ലപ്പള്ളിക്ക് വലിയ വ്യക്തിബന്ധങ്ങള്‍ ഈ മണ്ഡലങ്ങളിലുണ്ട്. മുല്ലപ്പള്ളി കളത്തിലിറങ്ങിയാല്‍ അത് കോണ്‍ഗ്രസിന് ആവേശമാകുമെന്നാണ് കണക്കുകൂട്ടല്‍. അതുപോലെ സംഘടനാ സംവിധാനം ആകെ കുളമായി കിടക്കുന്ന തൃശ്ശൂരില്‍ വി എം സുധീകരനെ പരീക്ഷിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
16 വര്‍ഷം സുധീരന്‍ എംഎല്‍എയായിരുന്നു സുധീരന്‍. മണലൂരില്‍ അടക്കം ഇപ്പോഴും അദ്ദേഹത്തിന് ആത്മബന്ധങ്ങളുണ്ട് താനും. ഈ മണ്ഡലം തിരിച്ചു പിടിക്കാന്‍ ജില്ലയിലെ മത്സരത്തിനാകെ മുന്നേറ്റമുണ്ടാക്കാമെന്നും കണക്കുകൂട്ടുന്നു. മത്സരരംഗത്തേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിച്ചതാണ് നേരത്തെ സുധീരന്‍. അതുകൊണ്ട് അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധനാകുമോ എന്നതാണ് അറിയേണ്ടത്.
തിരുവനന്തപുരത്ത് നാടാര്‍ വോട്ടുകളിലെ ചോര്‍ച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. കാട്ടാക്കട, പാറശ്ശാല മണ്ഡലത്തില്‍ ഏതെങ്കിലുമൊന്നില്‍ എന്‍ ശക്തനെ വീണ്ടും ഇറക്കിയാല്‍ സമുദായ വോട്ടുകള്‍ ജില്ലയിലാകെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ കൂടി മത്സരിച്ചാല്‍ തിരുവനന്തപുരത്ത് തിരിച്ചുവരവുണ്ടാകുമെന്നാണ് പ്രതീക്ഷ. പൊതുസമ്മതിയുള്ള പ്രമുഖരെയും പാര്‍ട്ടിക്ക് പുറത്തുനിന്ന് ഇത്തവണ പരീക്ഷിക്കാനും കോണ്‍ഗ്രസ് തയ്യാറാകുമെന്നാണ് സൂചന. വര്‍ക്കല കഹാറിനെ പോലൊരു നേതാവിനെയും വര്‍ക്കല മണ്ഡലം തിരിച്ചു പിടിക്കാന്‍ നിയോഗിക്കണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അതേസമംയ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല പ്രിയങ്കാ ഗാന്ധി എംപിയെ ഏല്‍പ്പിക്കാനും നീക്കമുണ്ട്. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലെ ഉള്‍പ്പോരും വിഭാഗീയതയും കണക്കിലെടുത്താണ് പ്രചാരണ നേതൃത്വം പ്രിയങ്കയെ ഏല്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പ്രിയങ്കാഗാന്ധിയെ അറിയിച്ചിട്ടുണ്ട്.
വീണ്ടും തോല്‍വി വഴങ്ങുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. എന്നാല്‍ നിര്‍ണായക തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ അഭിപ്രായ ഭിന്നതയും ഉള്‍പ്പോരും ദേശീയനേതൃത്വത്തെ ഏറെ വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല വയനാട് എംപി പ്രിയങ്കാഗാന്ധിയെ ഏല്‍പ്പിക്കാന്‍ ആലോചനയുയര്‍ന്നത്. പ്രചാരണത്തിനായി പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.
ഈ കമ്മിറ്റിയാകും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക. കഴിഞ്ഞമാസം കേരളത്തിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയും സജീവമായി പങ്കെടുത്തു. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭിന്നത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ ദിപദാസ് മുന്‍ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശങ്ക അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. കൂടാതെ, കോണ്‍ഗ്രസ് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ച സുനില്‍ കനഗോലു, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി നീങ്ങിയില്ലെങ്കില്‍ വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ ഇടതുപക്ഷം മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്ന ലക്ഷ്യത്തോടെ പ്രിയങ്കാഗാന്ധിയെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ ഏല്‍പ്പിക്കുന്നത്.