- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചു; വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി കാണിച്ച മനോഭാവം കാരണം ന്യൂനപക്ഷ വോട്ടുകള്‍ ഒലിച്ചുപോയി; സ്വര്‍ണ്ണകൊള്ള വിവാദവും തിരിച്ചടിയായി; തദ്ദേശ തോല്‍വിയുടെ കാരണം ഭരണവിരുദ്ധ വികാരം അല്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ
മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്ന് തുറന്നടിച്ചു സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായെന്ന് സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല. ചില വ്യക്തികള്‍ മാത്രം കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന പോരായ്മകള്‍ തിരുത്തപ്പെടുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഐയുടെ ഒരു പ്രധാനപ്പെട്ട നേതാവാണ് ഈ വിമര്‍ശനം ഉന്നയിച്ചത്.
ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നില്ലെന്നുള്ള സിപിഎം നിലപാടും സിപിഐ നിര്‍വാഹസമിതി തള്ളി. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണം ഉണ്ടായെന്നും അത് യുഡിഎഫിന് അനുകൂലമായെന്നുമാണ് സിപിഐ നേതൃയോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ച.
പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞാണ് സിപിഐ വിമര്‍ശനം ശക്തമാക്കിയത്. ന്യൂനപക്ഷവോട്ടുകളില്‍ വലിയ ചോര്‍ച്ചയാണ് സംഭവിച്ചതെന്നാണ് സിപിഐയുടെ വിലയിരുത്തല്‍, ഇതിന്റെ കാരണവും ചെന്നു നില്ക്കുന്നത് പിണറായി വിജയനിലാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി കാണിച്ച മനോഭാവം കാരണമാണത്. വര്‍ഗീയപരാമര്‍ശം നടത്തിയ ആളെ കൂടെക്കൊണ്ടുനടന്നത് മുസ്ലിം ന്യൂനപക്ഷത്തെ ഇടതുപക്ഷത്തുനിന്ന് അകറ്റാന്‍ കാരണമായി. വെള്ളാപ്പള്ളിയെ തിരുത്തിച്ച് കൂടെനിര്‍ത്തുന്ന സമീപനമായിരുന്നു മുഖ്യമന്ത്രി സ്വീകരിക്കേണ്ടിയിരുന്നത്.
മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളും ഏകപക്ഷീയമാണെന്നും ഇത് മുന്നണിയെ ബാധിക്കുന്നതാണെന്നും യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിക്കുമെന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായവും വിമര്‍ശിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു രീതിയുണ്ട്. അതില്‍നിന്ന് മാറിയുള്ള നിലപാട് മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടതില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച നേടണമെങ്കില്‍ തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകാനാകണം. അതിനായി ജില്ലാതലങ്ങളില്‍ വിശദമായ പരിശോധന നടത്തണം. സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകണം. പത്തുദിവസത്തിനുള്ളില്‍ എല്ലാ ജില്ലാകൗണ്‍സിലുകളും യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും യോഗം തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഎമ്മിന്റേതിന് വിരുദ്ധമായ നിലപാടിലാണ് സിപിഐ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും വലിയ തിരിച്ചടി തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ഈ കപ്പല്‍ അങ്ങനെ മുങ്ങില്ലെന്നും കണക്കുകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ കപ്പല്‍ മുങ്ങുകയാണെന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ പ്രചാരവേലയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പതികരിച്ചിരുന്നു.
അതേസമയം, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായോ എന്നതൊന്നും പരിശോധിക്കാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള ഇടതുപക്ഷത്തിന് തിരിച്ചടിയായോ എന്ന് പരിശോധിച്ചേ പറയാനാവൂ. ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നിവര്‍ യു.ഡി.എഫിനൊപ്പം നിന്ന് കമ്യൂണിസ്റ്റ് വിരുദ്ധ ആശയം രൂപപ്പെടുത്തിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ന്യൂനപക്ഷ സംരക്ഷണ നിലപാട് ഉയര്‍ത്തി പിടിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചയില്ല. തിരുവനന്തപുരത്തെ തോല്‍വിയുടെ പേരില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ കഴമ്പില്ല. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംഘടനാ വീഴ്ച, രാഷ്ട്രീയ വീഴ്ച, ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലെ പ്രശ്‌നങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും താഴെതട്ടുമുതല്‍ പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തും. മൂന്നാം ഇടതുസര്‍ക്കാര്‍ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം ഭരണ വിരുദ്ധ വികാരമല്ലെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിയുന്ന വിധത്തില്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണ്. മധ്യകേരളത്തിലും മലപ്പുറത്തും വലിയ പരാജയമാണുണ്ടായത്. അതും കൊല്ലം കോര്‍പറേഷന്‍ ഭരണം നഷ്ടമായതും പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള വിഷയം ബി.ജെ.പിക്ക് ഗുണം ചെയ്തിട്ടില്ല. അങ്ങിനെയെങ്കില്‍ അവര്‍ക്ക് ഇതിലും വലിയ വിജയം നേടാനാവുമായിരുന്നു. ഏതെങ്കിലും ഒരു വിഭാഗം ഇടതുമുന്നണിയെ കൈയൊഴിഞ്ഞെന്ന് പറയാനാവില്ല. അങ്ങിനെയെങ്കില്‍ മലപ്പുറത്ത് പത്തുലക്ഷം വോട്ടുകള്‍ നേടാനാവുമായിരുന്നില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം സഹായിച്ചു.
ബി.ജെ.പി ജയിച്ച വാര്‍ഡുകളില്‍ 41 ഇടത്തും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് 1000 വോട്ടില്‍ താഴെയാണ് ലഭിച്ചത്. വോട്ട് നില നോക്കിയാല്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫിന് 1.75 ലക്ഷവും എന്‍.ഡി.എക്ക് 1.65 ലക്ഷവും യു.ഡി.എഫിന് 1.25 ലക്ഷവുമാണ്. ക്ഷേത്രനഗരങ്ങള്‍ പിടിക്കാനുള്ള അവരുടെ ലക്ഷ്യം ഫലം കണ്ടില്ലെന്നും വിശ്വാസി സമൂഹം ബി.ജെ.പിക്ക് അനുകൂലമായി നിലകൊണ്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താല്‍ 68 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് ലീഡെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്തുകയാണ് സിപിഎം -സിപിഐ നേതൃയോഗങ്ങള്‍. ജില്ലകളില്‍ നിന്നുള്ള വോട്ടു കണക്കുകള്‍ കൂടി ചേര്‍ത്തുവെച്ചാണ് നേതൃയോഗത്തില്‍ വിലയിരുത്തല്‍ നടത്തുന്നത്. അതേസമയം, സര്‍ക്കാരിന് ജനപിന്തുണ കുറയുന്നുവെന്ന വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കള്‍ക്കിടയിലുമുള്ളത്. എന്തൊക്കെ തിരുത്തല്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ അണികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കത്തെഴുതിയും ഇമെയില്‍ ഐഡി വഴിയും പൊതുജനങ്ങളുടെ അഭിപ്രായവും പാര്‍ട്ടി സമാഹരിക്കുന്നുണ്ട്.




