ആലപ്പുഴ: കര്‍ഷക തൊഴിലാളിസ്മാരക പുരസ്‌കാര സമര്‍പ്പണത്തിനായി കുട്ടനാട്ടില്‍ സംഘടിപ്പിക്കുന്ന സിപിഎം പരിപാടിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ വിട്ടുനില്‍ക്കും. നേതൃത്വത്തിന്റെ അനുനയനീക്കങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം. താന്‍ പങ്കെടുത്തില്ലെങ്കിലും പരിപാടി അവര്‍ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിപിഎം നേതൃത്വം പേരിനുമാത്രമാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ഔദ്യോഗിക നോട്ടീസ് പോലും നല്‍കിയില്ലെന്നും അദ്ദേഹം സൂചന നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആലപ്പുഴയിലെ പാര്‍ട്ടി നേതൃത്വം സുധാകരനെ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചത്. സിപിഎമ്മിന്റെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസികയായ 'കര്‍ഷക തൊഴിലാളിയുടെ' വി.എസ്. അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണമാണ് കുട്ടനാട്ടില്‍ നടക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സുധാകരന്‍ മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍, അവസാന നിമിഷം അദ്ദേഹം പരിപാടിയില്‍ നിന്ന് പിന്മാറിയത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം, ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പ്രധാന പരിപാടിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. നവംബര്‍ 20 മുതല്‍ 23 വരെ പുന്നപ്രയില്‍ നടക്കുന്ന 79-ാമത് പുന്നപ്ര-വയലാര്‍ വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടീസില്‍ സുധാകരന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ പൊതുസമ്മേളനത്തില്‍ പ്രസംഗകരുടെ പട്ടികയില്‍ ഇടംനേടിയിരുന്ന സുധാകരനെ ഇത്തവണ ഒഴിവാക്കിയതിലൂടെ പാര്‍ട്ടിയുടെ സമീപനത്തില്‍ മാറ്റം പ്രകടമാണ്. അടുത്തിടെ കടുത്ത വിമര്‍ശനങ്ങളിലൂടെ തന്റെ അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എം. സത്യപാലന്‍ എന്നിവരടങ്ങുന്ന സംഘം വ്യാഴാഴ്ച സുധാകരന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച് അനുനയ ചര്‍ച്ചകള്‍ നടത്തിയത്. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ ശ്രമങ്ങളുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ഈ അവഗണന.

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രാദേശിക നേതാക്കളെ സംരക്ഷിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതില്‍ സുധാകരന്‍ തന്നെ വന്നു കണ്ട നേതാക്കളെ അതൃപ്തി അറിയിച്ചിരുന്നു. പാര്‍ട്ടി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങളും നേതാക്കള്‍ സുധാകരന് കൈമാറി.

പ്രായപരിധി കാരണം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ സുധാകരന്റെ സാന്നിധ്യം കുറഞ്ഞുവന്നിരുന്നു. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നടപടിയുണ്ടാകാത്തതിലുള്ള അതൃപ്തിയും അദ്ദേഹം മുന്‍പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മന്ത്രി സജി ചെറിയാന്റെ ചില പ്രസ്താവനകളും എ കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റും സുധാകരനെ ചൊടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.

ചര്‍ച്ചകളുടെ ഭാഗമായി, സുധാകരനെതിരെ പരസ്യ പ്രതികരണങ്ങള്‍ നടത്തരുതെന്ന് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. സുധാകരന്റെ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ നേരിട്ട് ബോധ്യപ്പെടുത്തിയെങ്കിലും, അവയില്‍ തൃപ്തനല്ലെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചു. പരസ്യവിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ജി. സുധാകരനെയും പാര്‍ട്ടിയെയും തമ്മില്‍ തെറ്റിക്കാന്‍ ഗൂഢനീക്കം നടക്കുന്നുണ്ടെന്ന് ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞിരുന്നു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സുധാകരനെ പോലുള്ള സ്വാധീനമുള്ള നേതാവിനെ അകറ്റി നിര്‍ത്തുന്നത് ഗുണകരമല്ലെന്ന വിലയിരുത്തലാണ് അനുനയ നീക്കങ്ങള്‍ക്ക് പിന്നില്‍.