ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ജി. സുധാകരന്‍ രംഗത്ത്. തന്നെ 'ചെറ്റ' എന്ന് അഭിമുഖത്തില്‍ വിശേഷിപ്പിച്ച മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും സുധാകരന്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായാണ് ജി. സുധാകരന്‍ ആഞ്ഞടിച്ചത്. 'അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു. ഇപ്പോള്‍ ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് 'ചെറ്റ' എന്നൊരു പുതിയ പേരിട്ടു,' സുധാകരന്‍ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ കഴിയുന്നവരെയാണ് ഈ പ്രയോഗത്തിലൂടെ മുഖ്യമന്ത്രി അപമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷയുടെ അര്‍ത്ഥാന്തരങ്ങള്‍ മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചതെന്നും സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും വസിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ലെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിന് ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും ഇത്തരം പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുന്‍പും മുഖ്യമന്ത്രി സമാനമായ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. ഒരു ബിഷപ്പിനെ 'നികൃഷ്ട ജീവി' എന്നും, വെളുത്തു സുമുഖനും മികച്ച പാര്‍ലമെന്റേറിയനുമായ എം.പി. പ്രേമചന്ദ്രനെ 'പരനാറി' എന്നും വിളിച്ചത് അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചു. താനും പ്രേമചന്ദ്രനും ഒന്നിച്ച് മന്ത്രിസഭയില്‍ ഉണ്ടായിരുന്നതാണെന്നും, അദ്ദേഹം പ്രഗത്ഭനായ മന്ത്രിയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെ സംസാരിക്കാന്‍ ആര്‍ക്കാണ് അധികാരം നല്‍കിയതെന്നും, ഇങ്ങനെയുള്ളവര്‍ അധികാരത്തിലിരുന്നാല്‍ സംസ്ഥാനത്തിന്റെ സ്ഥിതിയെന്താകുമെന്നും ജി. സുധാകരന്‍ ചോദിച്ചു. ഇത് എത്രപേരെയാണ് പാര്‍ട്ടിക്ക് എതിരാക്കുന്നതെന്നും, കോണ്‍ഗ്രസുകാര്‍ക്ക് ഇത് സന്തോഷിക്കാനുള്ള വക നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അവര്‍ക്കുവേണ്ടി വോട്ട് പിടിച്ചുതരുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. സംഘടനകളെയും ജി. സുധാകരന്‍ വിമര്‍ശിച്ചു. കേരളം അറിയുന്ന, ബഹുമാനിക്കുന്ന യുവ നേതാക്കള്‍ ഇന്ന് ഈ സംഘടനകളിലുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു കാലത്ത് കെ.എസ്.യു.ക്കാര്‍ക്ക് പോലും അസൂയയായിരുന്ന ഒരു യുവജന പ്രസ്ഥാനം ഇതായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

വൈകുന്നേരം ഉള്ള കള്ളുഷാപ്പില്‍ പോയി ഫേസ്ബുക്കില്‍ ഇടുകയാണ് ജി. സുധാകരന്‍ തന്തയ്ക്ക് പിറന്നവനല്ല എന്ന്. കൂടെ ഏരിയ സെക്രട്ടറിയും വെള്ളമടിച്ച് അവിടെയിരിക്കുകയാണ്, പേര് പറയില്ല. ഏരിയ സെക്രട്ടറിക്ക് മദ്യമില്ലാതെ ജീവിക്കാനേ വയ്യാത്ത അവസ്ഥയാണ്. വല്യ കുപ്പി വാങ്ങിച്ചു കൊടുത്താല്‍ സെക്രട്ടറി, ചെറിയ കുപ്പി വാങ്ങിയാല്‍ പ്രസിഡന്റ് അതാണ് സാഹചര്യമെന്നും ജി. സുധാകരന്‍ പരിഹസിച്ചു.