ആലപ്പുഴ: പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. പലരും രണ്ട് ടേം എന്ന വ്യവസ്ഥ പാലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ സി.പി.എം നേതൃത്വത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുകയാണെന്നും തന്നെ മനഃപൂര്‍വ്വം സി.പി.എം നേതൃനിരയില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല എന്നത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഒളിയമ്പായാണ് കണക്കാക്കപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ജി. സുധാകരന്‍ പറഞ്ഞു. ഇപ്പോഴത്തെ മന്ത്രിമാരില്‍ നിന്നും ജനപ്രതിനിധികളില്‍ അവഗണന നേരിടുന്നുണ്ട്. പെരുമ്പളം പാലത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ പേര് പരാമര്‍ശിച്ചില്ല.

എ.എം ആരിഫും, ദലീമ ജോജോയും എന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറന്നുപോയി. വൈറ്റില പാലം പൊളിക്കണമെന്ന മന്ത്രി ഗണേശ് കുമാറിന്റെ പ്രസ്താവന തന്നോടോ മന്ത്രിയോടോ ആലോചിക്കാതെയാണെന്നും ജി. സുധാകരന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയല്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്യുകയാണ് ജി സുധാകരന്‍ ചെയ്‌തെന്ന നിരീക്ഷണളും പുറത്തുവരുന്നുണ്ട്. ആലപ്പുഴയിലെ പാര്‍ട്ടി നേതൃത്വത്തെയും അദ്ദേഹം കടുത്ത ഭാഷയില്‍ അഭിമുഖത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ആലപ്പുഴ സിപിഎം നേതൃത്വത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുകയാണ്. തന്നെ മനഃപൂര്‍വ്വം നേതൃനിരയില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.