കോഴിക്കോട്: സുല്‍ത്താല്‍ ബത്തേരിയില്‍ നടന്ന ലക്ഷ്യ ക്യാമ്പ് നല്‍കിയ ആവേശത്തിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഇക്കുറി അധികാരം പിടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശും യുഡിഎഫിന് മൊത്തത്തില്‍ ഊര്‍ജ്ജമായിട്ടുണ്ട്. ഈ ആവേശം ഉള്‍ക്കൊണ്ട് മുസ്ലിംലീഗും അരയും തലയും മുറുക്കി രംഗത്തുവരികയാണ്. ഇന്ന് കോഴിക്കോട് മുസ്ലിംലീഗ് നേതൃയോഗം നടന്നിരുന്നു. യുഡിഎഫില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ വാങ്ങാനാണ ലീഗിന്റെ ശ്രമം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയത്. മുന്നണി യോഗത്തില്‍ സീറ്റുകള്‍ സംബന്ധിച്ചുള്ള അവകാശവാദം ഉന്നയിക്കുമെന്നും സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുമെന്നും സലാം പറഞ്ഞു. യുഡിഎഫില്‍ ജനുവരി 15ന് മുന്‍പായി സിറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.

നിരന്തരം വര്‍ഗീയ പരാമര്‍ശം നടന്ന വെള്ളാപ്പള്ളി നടേശനെതിരെയും പി എം എ സലാം രംഗത്തുവന്നു. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണം എന്നും ഇതേ നിലപാട് അദ്ദേഹം തുടര്‍ന്നാല്‍ അതിന്റെ ഗുണം യുഡിഎഫിന് ലഭിക്കുമെന്നും സലാം കൂട്ടിച്ചേര്‍ത്തു. തദേശ തെരഞ്ഞെടുപ്പിലെ ജനവിധി വലിയ ഉത്തരവാദിത്വമാണെന്നും സലാം പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വത്തില്‍ വിജയ സാധ്യത മാത്രമാണ് മാനദണ്ഡം. സീറ്റുകള്‍ വെച്ചുമാറുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതായിരിക്കും. പുതിയ കക്ഷികള്‍ വരുമ്പോള്‍ വേണ്ടി വന്നാല്‍ മുസ്ലിം ലീഗ് വിട്ടുവീഴ്ച ചെയ്യുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആറിനെ ഗൗരവത്തോടെയാണ് ലീഗ് കാണുന്നത്. ജനുവരി 10ന് പഞ്ചായത്ത് / മുനിസിപ്പാലിറ്റി തലങ്ങളില്‍ വോട്ടര്‍ പട്ടിക പരിശോധിക്കും. ഒരാളും അനര്‍ഹമായി കടന്നു കൂടാന്‍ പാടില്ല. അര്‍ഹത ഉള്ളവര്‍ക്ക് അവസരം നഷ്ടമാകാനും പാടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തോതില്‍ അനധികൃതമായി വോട്ട് ചേര്‍ത്തു. അത് ഇനി ഉണ്ടാകാന്‍ പാടില്ല. സിപിഐഎം കോട്ടകളില്‍ അനര്‍ഹരെ പുറത്താക്കിയിട്ടില്ല.

നിയമസഭാ ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും സീറ്റ് വിഭജനം സംബന്ധിച്ചും ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. 5 പ്രമേയങ്ങള്‍ ഇന്ന് പ്രവര്‍ത്തകസമിതിയില്‍ അവതരിപ്പിച്ചു. വിദ്വേഷ പ്രചാരണം സര്‍ക്കാര്‍ നിയന്ത്രിക്കണം. പ്രതിപക്ഷ നേതാക്കളെ അപകീര്‍പ്പെടുത്താനുള്ള ശ്രമം ചെറുക്കും. വെനിസ്വേല അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളി. ബംഗ്ലാദേശ് ന്യൂനപക്ഷ സുരക്ഷ ഉറപ്പുവരുത്തണം. ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്തിന് നാണക്കേട്. എന്നിവയാണ് അവതരിപ്പിച്ച അഞ്ച് പ്രമേയങ്ങള്‍.

വെള്ളാപ്പള്ളി നടേശനെതിരെ സര്‍ക്കാര്‍ കേസെടുക്കുന്നില്ല. വെള്ളാപ്പള്ളിയുടെ നിലപാട് മുസ്ലിം ലീഗിന് നേട്ടമുണ്ടാക്കും. കേസെടുക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്. മുന്നണിയുടെ അടിത്തറ ബലപ്പെടുത്തും. അന്‍വര്‍ വന്നത് ഗുണം ചെയ്യുമെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തെരഞ്ഞെടുപ്പില്‍ അധികം സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോള്‍ ലീഗിന് കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട് എന്നും കോണ്‍ഗ്രസ് അത് ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ ലീഗിന്റെ കൈവശമുള്ള സീറ്റുകള്‍ വെച്ചുമാറില്ലെന്നും തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഗുരുവായൂര്‍, തിരുവമ്പാടി, കുന്ദമംഗലം, പേരാമ്പ്ര സീറ്റുകളൊന്നും വെച്ചുമാറില്ല. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താനാണ് ലീഗ് ആഗ്രഹിക്കുന്നത്. അര്‍ഹതപ്പെട്ട സീറ്റുകളിലേക്ക് കൂടി ചര്‍ച്ചകളില്‍ ആവശ്യമുന്നയിക്കുമെന്ന് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് ടേം നിബന്ധന നിര്‍ബന്ധമില്ലെന്നും തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എംഎല്‍എമാരുടെ കാര്യത്തില്‍ മൂന്ന് ടേം നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ ചില മണ്ഡലങ്ങളില്‍ ചിലരെ മാറ്റേണ്ടിവരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരായ ഒരുപാട് യുവതി, യുവാക്കള്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കുമെന്നുമാണ് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയത്.