മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന് വന്‍ വിജയം സമ്മാനിച്ചതില്‍ മുസ്ലിംലീഗിന്റെ പങ്ക് വളരെ വലുതാണ്. മലബാറില്‍ യുഡിഎഫ് സംവിധാനത്തില്‍ ഏറ്റവും സ്‌ട്രൈക്ക് റേറ്റുള്ള പാര്‍ട്ടിയായി മുസ്ലീംലീഗ് മാറി. കോഴിക്കോട്ടും, മലപ്പുറത്തും ലീഗ് സ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ ഇറങ്ങിയവരില്‍ ഭൂരിപക്ഷവും വിജയം കണ്ടു. കോഴിക്കോട് കോര്‍പ്പറേഷനില്‍ അടക്കം യുഡിഎഫിന്റെ വന്‍ മുന്നേറ്റത്തില്‍ ലീഗിന്റെ പങ്ക് വളരെ വലുതാണ്. സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും മുന്നില്‍ നിന്നു തിരഞ്ഞെടുപ്പിനെ നയിച്ചതോടെ എതിര്‍ശബ്ദങ്ങളെല്ലാം ഇല്ലാതായി. യുവരക്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ സ്ഥാനാര്‍ഥി നിര്‍ണയം അടക്കം ലീഗിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറി.

മലപ്പുറം ജില്ലാപഞ്ചായത്തില്‍ അടക്കം യുഡിഎഫിന്റെ അപ്രമാദിത്തമാണ് കണ്ടത്. മറ്റു മുന്നണികളെ ബഹുദൂരം പിന്നിലാക്കിയ യു.ഡി.എഫ് ഏകപക്ഷീയമായാണ് ജില്ലാപഞ്ചായത്ത് പിടിച്ചത്. 33 ഡിവിഷനുകളില്‍ ഒന്നുപോലും എല്‍.ഡി.എഫിന് വിട്ടുനല്‍കാതെയാണ് യു.ഡി.എഫ് വമ്പന്‍ ജയം സ്വന്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റുണ്ടായിരുന്നത് ഇത്തവണ പൂജ്യമായി. ഈ വിജയത്തില്‍ ലീഗിന്റെ പങ്കാളിത്തമാണ് എങ്ങും കണ്ടത്. പരമ്പരാഗതമായി എല്‍ഡിഎഫിനെ പിന്തുണച്ച എപി കാന്തപുരം വിഭാഗത്തിന്റെ വോട്ടു പോലും നഷ്ടമായി എന്നതാണ് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.

വഴിക്കടവ്, ആതവനാട്, എടപ്പാള്‍, ചങ്ങരംകുളം, മാറഞ്ചേരി ഡിവിഷനുകളില്‍നിന്നായിരുന്നു നേരത്തെ ജില്ലാപഞ്ചായത്തില്‍ ഇടത് പ്രതിനിധികളുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ, സംസ്ഥാന സര്‍ക്കാറിനോടുള്ള ഭരണവിരുദ്ധ വികാരത്തെത്തുടര്‍ന്ന് വലിയ ഭൂരിപക്ഷത്തിലാണ് ഇവിടങ്ങളില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പൊന്നാനി ഒഴികെയുള്ള 14 ഇടത്തും യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. പൊന്നാനിയിലും ശക്തമായ പോരാട്ടമാണ് നടന്നത്. പൊന്നാനി ഒഴികെയുള്ള 11 മുനിസിപ്പാലിറ്റികളും യു.ഡി.എഫ് പിടിച്ചു.

ജില്ലയില്‍ ആകെയുള്ള 94ല്‍ 88 പഞ്ചായത്തുകളിലും യു.ഡി.എഫ് ജയിച്ചു. എലംകുളം, നിറമരുതൂര്‍, വാഴയൂര്‍, വെളിയങ്കോട് പഞ്ചായത്തുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് അനുകൂലമായി ജനവിധി എഴുതിയത്. എടപ്പാളില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. മുന്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ സ്വന്തം പഞ്ചായത്തായ നിലമ്പൂരില്‍ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. 36 വാര്‍ഡുകളില്‍ 28ലും യു.ഡി.എഫ് ജയിച്ചപ്പോള്‍ എല്‍.ഡി.എഫ് ഏഴിടങ്ങളിലേക്ക് ചുരുങ്ങി. ഒരുസീറ്റില്‍ ബി.ജെ.പിയും ജയിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനിലും ഇടതുകോട്ട പൊളിഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയും അഴിമതി ആരോപണങ്ങളുമെല്ലാം ഉയര്‍ത്തി യുഡിഎഫും ബിജെപിയും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടതുകോട്ടയ്ക്ക് തിരിച്ചടി. അരനൂറ്റണ്ട് കാലത്തോളം ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ് 35 സീറ്റിലൊതുങ്ങി. ഏറ്റവും വലിയ ഒറ്റകക്ഷി ആയത് മാത്രമാണ് ആശ്വാസം. കഴിഞ്ഞ തവണയുള്ള 50 സീറ്റില്‍ നിന്നാണ് ഇത്തവണ 35-ലേക്ക് കൂപ്പുകുത്തിയത്.

അതേസമയം ബിജെപി വമ്പിച്ച മുന്നേറ്റം നടത്തി. 2020-ലെ ഏഴ് സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് ഉയര്‍ത്താന്‍ ബിജെപിക്കായി. 2020-ല്‍ 17 സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫിന് സീറ്റ് നില 28-ലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടിയാണ് എല്‍ഡിഎഫിന് നേരിട്ടത്. നിലവിലെ മേയര്‍ ബീന ഫിലിപ്പിന്റെ പൊറ്റമ്മല്‍ ഡിവിഷനും ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദിന്റെ മീഞ്ചന്ത ഡിവിഷനുമടക്കം നഷ്ടമായത് വലിയ നാണക്കേടായി. രണ്ട് മേയര്‍മാരുടെ വാര്‍ഡായിരുന്നു പൊറ്റമ്മല്‍. 1995ല്‍ എ.കെ.പ്രേമജവും ഇവിടെ നിന്നാണ് ജയിച്ചത്.

1962 നവംബര്‍ ഒന്നിനാണ് കോഴിക്കോട് നഗരസഭ കോര്‍പ്പറേഷനായത്. ഇടതുപക്ഷത്തു നിന്നായിരുന്നു ആദ്യമേയര്‍. പിന്നീട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മേയര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളായി ചുവന്നുതന്നെയിരിക്കുകയാണ് കോഴിക്കോട്. 2010-ല്‍ യുഡിഎഫിന് 34 സീറ്റ് ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ അത് 20 ആയി. 2020-ല്‍ വീണ്ടും കുറഞ്ഞ് 18 ആയി. ഇതാണ് ഇത്തവണ 28 ലേക്ക് ഉയര്‍ത്തിയത്. 2010-ല്‍ 41 സീറ്റായിരുന്നു ഇടതിന്. തുടര്‍ന്നുള്ള രണ്ട് തിരഞ്ഞെടുപ്പില്‍ അത് 48, 50 സീറ്റുകളിലേക്കെത്തി. എന്നാല്‍, ഇത്തവണ 35 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. ബിജെപി 2015-ലും 2020-ലും ഏഴ് സീറ്റുകള്‍ വീതം സ്വന്തമാക്കി 2025 ല്‍ എത്തുമ്പോഴേക്കും 13 ലേക്ക് ഉയര്‍ത്തുകയും ചെയ്തു.

മുന്നണികള്‍ക്കിടയില്‍ സ്ഥാനാര്‍ഥി നിര്‍ണയംതൊട്ട് ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവുമെല്ലാം ഉണ്ടായിരുന്നു. യുഡിഎഫ് മേയര്‍സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ വി.എം. വിനുവിന് വോട്ടില്ലാത്തതിനാല്‍ മത്സരിക്കാന്‍ പറ്റാത്തത് ആദ്യംതന്നെ തിരിച്ചടിയായി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അല്‍ഫോന്‍സ മാത്യു കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരരംഗത്തിറങ്ങി. മാവൂര്‍ റോഡ് ഡിവിഷനില്‍ നിന്ന് എഎപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാനായില്ല. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ശ്രീജ സി നായരാണ് വിജയിച്ചത്.

സീറ്റ് നിഷേധിക്കപ്പെട്ടതിനാല്‍ ലീഗില്‍നിന്നുള്ള കൗണ്‍സിലര്‍ കെ. റംലത്ത് രാജിവെച്ച് ആര്‍ജെഡിയില്‍ ചേര്‍ന്നാണ് മത്സരിച്ചത്. മൂന്നാലിങ്കല്‍ ഡിവിഷനില്‍ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സഫറി വെള്ളയിലാണ് വിജയിച്ചത്. 2020-ല്‍ രണ്ടു സീറ്റുകള്‍ വീതമുണ്ടായിരുന്ന സിപിഐ ഇത്തവണ അത് നിലനിര്‍ത്തി. ഒരുസീറ്റ് നേടിയ എന്‍സിപിക്ക് ഇത്തവണയും അത് നിലനിര്‍ത്താനായി.

അന്‍വറിന്റെ തൃണമൂലിന് പൂര്‍ണ പരാജയം

മുന്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ സ്വന്തം പഞ്ചായത്തായ നിലമ്പൂരില്‍ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. 36 വാര്‍ഡുകളില്‍ 28ലും യു.ഡി.എഫ് ജയിച്ചപ്പോള്‍ എല്‍.ഡി.എഫ് ഏഴിടങ്ങളിലേക്ക് ചുരുങ്ങി. ഒരുസീറ്റില്‍ ബി.ജെ.പിയും ജയിച്ചു. നേരത്തെ 25 സീറ്റുകള്‍ വരെ നേടാനാകുമെന്ന പ്രതീക്ഷ യു.ഡി.എഫ് നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. ഭരണവിരുദ്ധവികാരം ശക്തമായതിനാല്‍ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഗോപിനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫിന്റെ ഈ വിശ്വാസം ഫലം കണ്ടിരിക്കുകയാണ്.

36 സീറ്റുകളിലും യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നു. ബി.ജെ.പി 15 സീറ്റിലാണ് മത്സരിച്ചത്. കോണ്‍ഗ്രസ് 21 സീറ്റില്‍ ജയിച്ചപ്പോള്‍ ഏഴ് സീറ്റ് ലീഗ് സ്വന്തമാക്കി. എല്‍.ഡി.എഫില്‍ സി.പി.എം അഞ്ച് സീറ്റും, സി.പി.ഐ, കേരള കോണ്‍ഗ്രസ് എന്നിവര്‍ ഓരോ സീറ്റ് വീതവും നേടി. അന്‍വറിന്റെ നേതൃത്വത്തില്‍ അഞ്ചിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു.

നിലമ്പൂര്‍ പാത്തിപ്പാറ ഡിവിഷനില്‍ അസൈനാര്‍, ആലുങ്ങല്‍-ലതികാ രാജീവ്, മുമ്മുള്ളി-ഷാജഹാന്‍ പാത്തിപ്പാറ, മുതീരി-നിയാസ്, വരമ്പന്‍പൊട്ടി-സുരേഷ് എന്നിവരാണ് മത്സരിച്ചത്. ഇതില്‍ വരമ്പന്‍ പൊട്ടിയില്‍ സി.പി.എം സ്ഥാനാര്‍ഥിയും മറ്റ് മൂന്നിടങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളും വിജയിച്ചു. എല്‍.ഡി.എഫുമായി തെറ്റിയ പി.വി. അന്‍വറിന് യു.ഡി.എഫിനൊപ്പം ചേരാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. ഇതോടെ തൃണമൂല്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ 22 സീറ്റുകളിലാണ് ഇടതുപക്ഷം ജയിച്ചത്. യു.ഡി.എഫ് പത്തും നേടി. ചരിത്രത്തിലാദ്യമായാണ് 2020 ല്‍ ബി.ജെ.പി നിലമ്പൂരില്‍ ഒരു സീറ്റ് നേടിയത്. അത് ഇത്തവണയും നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു.

കെ.ടി. ജലീല്‍ എം.എല്‍.എയുടെ മണ്ഡലമായ തവനൂരില്‍ ഏഴ് പഞ്ചായത്തുകളിലും ഇതു മുന്നണിക്ക് കാലിടറി. 2020ല്‍ നിയമസഭ മണ്ഡലപരിധിയില്‍ മൂന്ന് പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന യു.ഡി.എഫ് ഇത്തവണ നാലിടത്തെ ഭരണം കൂടി പിടിച്ചെടുക്കുകയായിരുന്നു. തവനൂര്‍, എടപ്പാള്‍, തൃപ്രങ്ങോട്, പുറത്തൂര്‍ പഞ്ചായത്തുകളാണ് എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തത്. കാലടി, മംഗലം, വട്ടംകുളം പഞ്ചായത്തുകള്‍ നിലനിര്‍ത്തുകയും ചെയ്തു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ മുസ്‌ലിം ലീഗിലെ അബ്ദുസമദ് സമദാനി വന്‍ നേട്ടം കൈവരിച്ചിരുന്നു. എല്‍.ഡി.എഫിന് കിട്ടിയതിനേക്കാള്‍ 18,101 വോട്ടാണ് നേടിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.ടി. ജലീല്‍ 2564 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്.

ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെന്നും കൂനിന്മേല്‍ കരുവെന്ന പോലെ ശബരിമല വിഷയവും വന്നുപെട്ടെന്നും മാധ്യമങ്ങളോട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'മറ്റുവിഷയങ്ങളെല്ലാം വന്നുപോയിക്കൊണ്ടിരിക്കും. ശബരിമല ജനങ്ങളുടെ ഹൃദയത്തില്‍ തൊട്ടു. തീ തുപ്പുന്ന വര്‍ഗീയത, കേട്ടാല്‍ അറപ്പുളവാക്കുന്ന വര്‍ഗീയതയെ എല്‍.ഡി.എഫ് പ്രാത്സാഹിപ്പിച്ചു. അത് കേരളം അംഗീകരിക്കില്ല എന്നതിന്റെ തെളിവാണിത്,' കുഞ്ഞാലിക്കുട്ടി യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ചു.