- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്‍ഡിഎഫില്‍ ഹാപ്പിയാണ്; മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ല; യുഡിഎഫ് നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല'; മുന്നണിമാറ്റം തള്ളി ജോസ് കെ മാണി; അടൂര്‍ പ്രകാശിന്റെത് 'രാഷ്ട്രീയ പാപ്പരത്ത'മെന്ന് സിപിഐ
മുന്നണിമാറ്റം തള്ളി ജോസ് കെ മാണി
കോട്ടയം: മുന്നണി മാറ്റമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോസ്.കെ.മാണി പ്രതികരിച്ചു. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫില്‍ പൂര്‍ണ ഹാപ്പിയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അധികം സീറ്റുകള്‍ ആവശ്യപ്പെടുമെന്നും ജോസ്.കെ.മാണി അറിയിച്ചു
ഘടകകക്ഷികളെ തേടി യുഡിഎഫ് പോകുന്ന അവസ്ഥ നിലമ്പൂരിലെ വിജയം സംസ്ഥാനത്തെ ജനങ്ങളുടെ വിധിയല്ല എന്ന് തെളിയിക്കുന്നു. തങ്ങള്‍ക്ക് മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയപ്പോഴായിരുന്നു ജോസ് കെ മാണി മുന്നണി മാറ്റം തള്ളി രംഗത്തുവന്നത്. കഴിഞ്ഞ തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ ലഭിച്ചിരുന്നില്ലെന്നും അതിനാല്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ മുന്നണിയില്‍ ആവശ്യപ്പെടുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. പെട്ടെന്നാണ് യുഡിഎഫില്‍ നിന്ന് പാര്‍ട്ടിയെ പുറത്താക്കിയത്. അതിനാല്‍ അര്‍ഹതപ്പെട്ട സീറ്റുകള്‍ അന്ന് ലഭിക്കാതെ പോയി. ഇപ്രാവശ്യം എല്ലാം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അതിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് സംസ്ഥാന സെക്രട്ടറിയറ്റ് കൂടിയത്. മുന്നണി മാറേണ്ട രാഷ്ട്രീയ സാഹചര്യമില്ല. നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു ഘട്ടത്തിലും എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള മണ്ഡലമല്ല. അവിടെ വലിയ ഫൈറ്റ് കൊടുത്തു. കേരള സമൂഹത്തിന്റെ വികാരമെന്താണെന്ന് കൃത്യമായിട്ടറിയാം. ഒരിക്കലും നടക്കില്ലെന്ന് ചിന്തിച്ച വികസന പദ്ധതികള്‍ പോലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ട്'- ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അടൂര്‍ പ്രകാശ് തന്നെ ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.
മുന്‍പ് യുഡിഎഫുമായി സഹകരിച്ചിരുന്ന സിപിഐയെയും അടൂര്‍ പ്രകാശ് മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനെതിരെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു രംഗത്തെത്തിയിരുന്നു. 'രാഷ്ട്രീയ പാപ്പരത്ത'മെന്നായിരുന്നു സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ക്ഷണത്തെ വിമര്‍ശിച്ചത്. അടൂര്‍ പ്രകാശ് മറുപടി അര്‍ഹിക്കുന്നില്ലെന്നും സിപിഐ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.