- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലയില്‍ നിന്നൊരു മുഖ്യമന്ത്രി വേണം എന്നല്ല, മറിച്ച് കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി വേണമെന്നാണ് ആഗ്രഹം; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാര്‍ട്ടിയില്‍ കൃത്യമായ നടപ്പ് രീതികളുണ്ട്; അതില്‍ പ്രാദേശിക നേതാക്കള്‍ പരസ്യമായി അഭിപ്രായേണ്ട; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ കെ ബാബുവിന്റെ പ്രതികരണം ഇങ്ങനെ; ചര്‍ച്ചയില്‍ വിലക്കുമായി ഹൈക്കമാന്‍ഡും
ജില്ലയില്‍ നിന്നൊരു മുഖ്യമന്ത്രി വേണം എന്നല്ല, മറിച്ച് കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി വേണമെന്നാണ് ആഗ്രഹം

കൊച്ചി: അധികാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തുടരുന്നു. എറണാകുളത്ത് നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ബാബു രംഗത്തുവന്നു. ജില്ലയില്‍ നിന്നൊരു മുഖ്യമന്ത്രി വേണം എന്നല്ല, മറിച്ച് കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രാദേശിക നേതാക്കള്‍ പരസ്യമായി അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും ബാബു പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാര്‍ട്ടിയില്‍ കൃത്യമായ നടപ്പ് രീതികളുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അത് ഏത് ഭാഗത്ത് നിന്നായാലും അത്തരമൊരു ചര്‍ച്ച ഇപ്പോള്‍ ആവശ്യമില്ല. വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ വിജയത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയിലെ അതൃപ്തി പ്രകടമാക്കിക്കൊണ്ട് കെ. ബാബു പറഞ്ഞു.
തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച കെ. ബാബു, അവിടെ 'ഉണ്ണികൃഷ്ണന്‍ എഫക്റ്റ്' യു.ഡി.എഫിനാണ് ഗുണം ചെയ്തതെന്ന് അവകാശപ്പെട്ടു. എറണാകുളം ജില്ലയിലെ 14 സീറ്റുകളും യു.ഡി.എഫ് തന്നെ നേടുമെന്നും പ്രവചിച്ചു. അതേസമയം, എറണാകുളം ജില്ലയില്‍ സി.പി.എം വലിയ പ്രതീക്ഷയിലാണ്. കൊച്ചി സീറ്റ് 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സി.പി.എമ്മിന്റെ ആഭ്യന്തര കണക്കുകൂട്ടല്‍. എന്നാല്‍ ഈ വാദങ്ങളെ തള്ളിക്കളയുന്നതാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
അതേസമയം മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരസ്യചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം. മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച ചര്‍ച്ച ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് കെ. മുരളീധരനും അഭിപ്രായപ്പെട്ടിരുന്നു. ജയിപ്പിച്ചയുടന്‍ തര്‍ക്കം തുടങ്ങിയെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് അതിന്റേതായ സംവിധാനമുണ്ട്. നിലവില്‍ മുഖ്യമന്ത്രിചര്‍ച്ചയിലേക്ക് കടന്നിട്ടില്ല. ഫലംവന്നതിനുശേഷം അക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും- അദ്ദേഹം വ്യക്തമാക്കി.
വോട്ടുകിട്ടാത്തതിന് സമുദായങ്ങളെ കുറ്റംപറയരുത്. ചിലസമയത്ത് സമുദായവോട്ട് കിട്ടാതിരിക്കും. അതിന് സമുദായത്തെ തള്ളിപ്പറയരുത്. ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം ഇത്തവണ കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായി ഉണ്ടായിട്ടുണ്ട്. 5000 വോട്ടിന് വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ്. വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
കേരളത്തിന് നല്ലൊരു മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നല്‍കുമെന്നും തീരുമാനം പെട്ടെന്നുണ്ടാകുമെന്നും ഹൈബി ഈഡന്‍ എം.പി. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷിയാസിനെ മാധ്യമങ്ങള്‍ പെടുത്തിയതാണെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. അതേസമയം താന്‍ പറഞ്ഞത് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിവേദികളില്‍ പറയുന്നതാണ് കോണ്‍ഗ്രസിലെ രീതി. എറണാകുളം ജില്ലയില്‍നിന്നായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്നുപറഞ്ഞ് ഷിയാസ് പറഞ്ഞ കാര്യങ്ങള്‍ സംസ്ഥാനതലത്തില്‍ത്തന്നെ ചര്‍ച്ചയായിരുന്നു.


