കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായി മന്ത്രി ഗണേഷ് കുമാര്‍ നടത്തിയ ആരോപണത്തിന് മറുപടിയുമായി മുന്‍ മന്ത്രി കെ.സി. ജോസഫ്. ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട എന്നാണ് ജോസഫ് പറഞ്ഞത് ഉമ്മന്‍ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം എന്നും വിവാദ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗണേഷിന്റെ കുഴപ്പംകൊണ്ടാണ് മന്ത്രി സഭയില്‍നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതെന്നും കെ.സി. ജോസഫ് വ്യക്തമാക്കി.

കൂടാതെ കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയില്‍ പിന്നീട് ഉള്‍പ്പെടുത്താത്തത്. അതിന് ഉമ്മന്‍ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സരിത എഴുതിയ കത്തില്‍ നാല് പേജുകള്‍ കൂട്ടിച്ചേര്‍ത്തു. ഈ ഭാഗത്താണ് ഉമ്മന്‍ ചാണ്ടിക്കെതിരേ പരാമര്‍ശങ്ങള്‍ ഉണ്ടായത്.

ആ നാല് പേജുകള്‍ കൂടിയതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട്. ആ കേസിലെ ഒന്നാം പ്രതി സരിതയും രണ്ടാം പ്രതി ഗണേഷ് കുമാറുമാണ്. ഉമ്മന്‍ ചാണ്ടി ഒരിക്കലും കുടുംബം കലക്കുന്ന ആളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല ജോസഫ് പറഞ്ഞു. കുടുംബപ്രശ്‌നം തീര്‍ക്കാന്‍ ഇടപെട്ട ഉമ്മന്‍ചാണ്ടി തന്റെ കുടുംബം തകര്‍ത്തെന്ന് ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം കുറ്റപെടുതിയന്റെ മറുപടിയായി ആണ് ജോസഫ് പറഞ്ഞത്.

സോളാര്‍ കേസിലെ പ്രതി സരിതയെക്കൊണ്ട് ഉമ്മന്‍ചാണ്ടിക്കെതിരേ ഗണേഷ്‌കുമാര്‍ ആരോപണം ഉന്നയിപ്പിച്ചതായി ചാണ്ടി ഉമ്മന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതാണ് ഗണേഷ് കുമാറിനെ പ്രകോപിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയാണ് തന്റെ കുടുംബം തകര്‍ത്തെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ തിരിച്ചടിച്ചത്. മധ്യസ്ഥത വഹിച്ച് തന്റെ കുടുംബം ഇല്ലാതാക്കി. മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയെന്നും തന്നെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്‌തെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് ഞാന്‍ പറഞ്ഞില്ല. അന്ന് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സിബിഐക്ക് മൊഴി നല്‍കി. എന്നാല്‍ മന്ത്രിസ്ഥാനം മടക്കിനല്‍കാമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി വഞ്ചിച്ചുവന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കെതിരെയും ഗണേഷ് രംഗത്തെത്തി. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ നടത്തിയ ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്രയുംകാലം ചാണ്ടി ഉമ്മന്‍ എവിടെയായിരുന്നു? ക്രൈസ്തവ വിഭാഗത്തെ ഇളക്കി വിടുകയാണ് ചാണ്ടിയുടെ ലക്ഷ്യം . കള്ള സാക്ഷി പറയാന്‍ പാടില്ലെന്ന ബൈബിള്‍ വചനവും ഗണേഷ് കുമാര്‍ ഉദ്ധരിച്ചു.

അതേസമയം, പ്രകോപനമുണ്ടാകാന്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മനസാക്ഷി ഗണേഷിനോട് ചിലത് ചോദിക്കുന്നുണ്ടാകാം, കുറ്റബോധത്താലുള്ള പ്രതികരണമാണിതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കൂടുതല്‍ പറയുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സോളര്‍ കേസില്‍ ഗണേഷ് കുമാര്‍ തന്റെ കുടുംബത്തോട് ഇത്രയും ദ്രോഹം ചെയ്യുമെന്നു ഒരിക്കലും വിചാരിച്ചില്ലെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്. തന്റെ പിതാവും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രത്തോളം ദൃഡമായിരുന്നെന്നും ഗണേഷ് കുമാറിന്റെ അമ്മയെ താന്‍ ആന്റിയെന്നുമാണ് വിളിക്കാറുള്ളത്.

തന്നെ സ്‌നേഹിച്ചതുപോലെ ഉമ്മന്‍ചാണ്ടി ഗണേഷ്‌കുമാറിനെ സ്‌നേഹിച്ചിട്ടും തന്റെ കുടുംബത്തോട് ക്രൂരതയാണ് കാട്ടിയത്. സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജ് ആയെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. പത്തനാപുരം മാങ്കോട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘടാനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മന്‍.